റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി

വിസ മാറ്റുന്നതിനായി ഇന്നലെ രാവിലെ ഒമാനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്

റാസൽഖൈമ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം നാലായി
Google
dot image

റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരിച്ച ഒരാളെ കൂടി തിരിച്ചറിഞ്ഞു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ആഷിഖ് (29) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം നാലായി. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവിൽ (29), തലശ്ശേരി സ്വദേശിനി സങ്കീർത്തന സുരേഷ് (26) എന്നിവരാണ് നേരത്തെ തിരിച്ചറിഞ്ഞ മറ്റ് മലയാളികൾ.

ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്നേഷ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരും അപകടത്തിൽ മരിച്ചിട്ടുണ്ട്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ 11 പേരും ഇന്ത്യക്കാർ. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വിസ മാറ്റുന്നതിനായി ഇന്നലെ രാവിലെ ഒമാനിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ പാസഞ്ചർ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Content Highlights: The number of Malayalis increase in the Ras Al Khaimah road incident

dot image
To advertise here,contact us
dot image