തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദം; ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദം; ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാര്‍
തിരുപ്പരങ്കുണ്ട്രം/ചിത്രം, ANI
dot image

ചെന്നൈ: തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട് ഗവർണർ രാജേന്ദ്ര അർലേക്കറിനോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് സര്‍ക്കാരിനോട് ലോക്ഭവന്‍ വിശദീകരണം തേടി. മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. എല്ലാ രേഖകളും ഉടന്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

സുപ്രീംകോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ദീപത്തൂണിൽ ദീപം തെളിയിക്കാത്തതിനെതിരെ ഹിന്ദു മുന്നണി സംസ്ഥാന പ്രസിഡന്റ് കാടേശ്വര സുബ്രഹ്മണ്യൻ ബുധനാഴ്ച രാജേന്ദ്ര അർലേക്കറെ കണ്ട് പരാതി നൽകിയിരുന്നു. സുപ്രീംകോടതിയുടെ നവംബർ 20 ലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.

ദീപത്തൂണ്‍ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ കഴിഞ്ഞില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ക്ഷേത്ര ഭരണസമിതി അനുമതി നല്‍കാത്തതാണ് ചടങ്ങ് നടത്താന്‍ കഴിയാതിരുന്നതിന് കാരണമെന്നും സര്‍ക്കാര്‍ വിശദീകരണം നൽകി. പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തില്‍ മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ ക്ഷമാപണവും രേഖപ്പെടുത്തിയിരുന്നു.

ചടങ്ങിന്റെ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ മധുര ജില്ലാ കളക്ടര്‍, ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തതില്‍ കോടതിയോട് ക്ഷമാപണം നടത്തി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നല്‍കിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ദീപത്തൂണില്‍ ദീപം തെളിക്കാതെ പതിവ് സ്ഥലത്ത് മാത്രം ചടങ്ങ് നടത്തുകയായിരുന്നു.

ഹര്‍ജിക്കാരനായ രാമ രവികുമാര്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു. ദീപത്തൂണില്‍ ദീപം തെളിക്കുന്നത് തടയാന്‍ ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഔദ്യോഗിക ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ച കോടതി, ആവശ്യമെങ്കില്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ഉടന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ കോടതിയെ അറിയിച്ചു.

ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബര്‍ 24ന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സുപ്രീംകോടതി നവംബര്‍ 20ന് അനുമതി നല്‍കിയിരുന്നു. ചടങ്ങുകള്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും മൂന്ന് ദിവസത്തിനകം അനുസരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ദീപം പതിവായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് തെളിയിക്കുന്നതെന്നും ട്രസ്റ്റികള്‍ ഏകകണ്ഠമായി നിലവിലുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ തീരുമാനിച്ചെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. ദീപത്തൂണ്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സര്‍വേ കല്ലാണെന്നും സമിതി വാദിച്ചു.

അതേമയം, തിരുപ്പരങ്കുണ്ട്രം മലയില്‍ ബുധനാഴ്ചയും കനത്ത സുരക്ഷ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും മലകയറാന്‍ അനുമതി നല്‍കിയില്ല.

Content Highlights: thiruparankundram deepam lighting controversy central government intervention tamil nadu

dot image
To advertise here,contact us
dot image