ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തി വിജയ് സർക്കാർ

പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തില്‍ മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിച്ചത്

ദീപത്തൂണിൽ വിളക്ക് തെളിയിച്ചില്ല; സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തി വിജയ് സർക്കാർ
representative image
dot image

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയില്‍ വിവാദമായ ദീപത്തൂണ്‍ സ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ കഴിഞ്ഞില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണസമിതി അനുമതി നല്‍കാത്തതാണ് ചടങ്ങ് നടത്താന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തില്‍ മാത്രമാണ് ചൊവ്വാഴ്ച ദീപം തെളിച്ചത്. സംഭവനത്തില്‍ സര്‍ക്കാര്‍ ക്ഷമാപണവും രേഖപ്പെടുത്തി. നവംബര്‍ 24ന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സുപ്രീംകോടതി നല്‍കിയ ഒറ്റത്തവണ അനുമതിയുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ അനുസരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എല്ലാ വര്‍ഷവും ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുവദിച്ച മദ്രാസ് ഹൈക്കോടതിയുടെ വിപുലമായ ഉത്തരവ് സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇവിടെ ദീപം തെളിക്കുന്നത് പതിവായിരുന്നില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ ഹിന്ദു സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.

ചടങ്ങിന്റെ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ മധുര ജില്ലാ കളക്ടര്‍ കൃഷ്ണ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്തതില്‍ കോടതിയോട് ക്ഷമാപണം നടത്തി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നല്‍കിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതോടെ ദീപത്തൂണില്‍ ദീപം തെളിക്കാതെ പതിവ് സ്ഥലത്ത് മാത്രം ചടങ്ങ് നടത്തുകയായിരുന്നു. ഹര്‍ജിക്കാരനായ രാമ രവികുമാര്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു. ദീപത്തൂണില്‍ ദീപം തെളിക്കുന്നത് തടയാന്‍ ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയാ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഔദ്യോഗിക ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരോട് നിര്‍ദേശിച്ച കോടതി, ആവശ്യമെങ്കില്‍ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ഉടന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ കോടതിയെ അറിയിച്ചു.

നവംബര്‍ 20ന് ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബര്‍ 24ന് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ചടങ്ങുകള്‍ ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും മൂന്ന് ദിവസത്തിനകം അനുസരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ദീപം പതിവായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമാണ് തെളിയിക്കുന്നതെന്നും ട്രസ്റ്റികള്‍ ഏകകണ്ഠമായി നിലവിലുള്ള ആചാരങ്ങള്‍ പിന്തുടരാന്‍ തീരുമാനിച്ചെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. ദീപത്തൂണ്‍ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സര്‍വേ കല്ലാണെന്നും സമിതി വാദിച്ചു. അതേമയം, തിരുപ്പരങ്കുണ്ട്രം മലയില്‍ ബുധനാഴ്ചയും കനത്ത സുരക്ഷ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും മലകയറാന്‍ അനുമതി നല്‍കിയില്ല. നവംബര്‍ 23 വൈകിട്ട് ആറുമുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഴനി ആണ്ടവര്‍ ക്ഷേത്ര പ്രവേശന കവാടത്തിന് സമീപമുള്ള പാതയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പ്രദേശവാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: The Tamil Nadu government informed the Supreme Court that Karthigai Deepam could not be lit on the disputed Deepathoon pillar at Tirupparankundram in Madurai, citing the temple management committee's refusal to grant permission. The government expressed regret and said the lamp was lit only at the traditional Deepa Mandapam near the Uchippillayar temple. The submission was made in a compliance report concerning the Supreme Court's one-time permission for the ritual on November 24.

dot image
To advertise here,contact us
dot image