'മോദിക്കൊപ്പം നില്‍ക്കൂ': ബിജെപിയിലെത്താന്‍ കാരണം പ്രണബ് മുഖര്‍ജിയെന്ന് സുവേന്ദു അധികാരി

പ്രണബ് മുഖര്‍ജിയുമായുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അദ്ദേഹത്തെ വിവാദങ്ങളില്‍ വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്നും അധികാരി കൂട്ടിച്ചേര്‍ത്തു.

'മോദിക്കൊപ്പം നില്‍ക്കൂ': ബിജെപിയിലെത്താന്‍ കാരണം പ്രണബ് മുഖര്‍ജിയെന്ന് സുവേന്ദു അധികാരി
Suvendu Adhikari
dot image

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നോട് തൃണമൂല്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കാന്‍ ഉപദേശിച്ചിരുന്നുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനില്‍ വച്ച് അന്ന് നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും അധികാരി വ്യക്തമാക്കി. മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരി 2020ലാണ് ടിഎംസി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രണബ് മുഖര്‍ജി മരിച്ച് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ നീക്കം.

കൊല്‍ക്കത്തയില്‍ നടന്ന ദി ഇക്കണോമിക് ടൈംസ് ബംഗാള്‍ അസെന്റ്‌സ് സമ്മിറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്. മുഖര്‍ജിയായിരുന്നു തന്റെ 'യഥാര്‍ത്ഥ ഉപദേഷ്ടാവ്' എന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രണബ് ജി എന്നോട് പറഞ്ഞു. നിങ്ങള്‍ക്ക് ചെയ്യേണ്ടത് എന്തെന്ന് ചിന്തിക്കൂ. നിങ്ങള്‍ക്കൊരു തൊഴിലാളിയായി തുടരണമെങ്കില്‍ ഇവിടെ നില്‍ക്കാം. സ്വന്തമായി മുന്നോട്ട് പോകണമെങ്കില്‍ മോദിജിക്കൊപ്പം നില്‍ക്കൂ'- എന്നാല്‍ പ്രണബ് മുഖര്‍ജി തന്നോട് പറഞ്ഞതെന്നും സുവേന്ദു അധികാരി വിശദീകരിച്ചു.

അതേസമയം ടിഎംസി ഒരു സിംഗിള്‍ മാന്‍ , സിംഗിള്‍ വുമണ്‍ പാര്‍ട്ടി ആയിരുന്നെന്നും ഒരു മാനേജിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അവിടെ ഉണ്ടായിരുന്നതെന്നും മമതയെയും അനന്തവന്‍ അഭിഷേക് ബാനര്‍ജിയെയും പരാമര്‍ശിച്ച് കൊണ്ട് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. തനിക്ക് അവിടെയൊരു തൊഴിലാളിയായി തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് അവിടം ഉപേക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പ്രണബ് മുഖര്‍ജിയുമായുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അദ്ദേഹത്തെ വിവാദങ്ങളില്‍ വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലെന്നും അധികാരി കൂട്ടിച്ചേര്‍ത്തു.

Content Highlights: Suvendu Adhikari has revealed that former President Pranab Mukherjee was the reason behind his decision to join the BJP. He also recalled Mukherjee's advice to stand with Prime Minister Narendra Modi.

dot image
To advertise here,contact us
dot image