കബളിപ്പിച്ച് ജാമ്യം നേടി; അഴിമതിക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

പ്രതി ഉടന്‍ തന്നെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു

കബളിപ്പിച്ച് ജാമ്യം നേടി; അഴിമതിക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം സ്വദേശി പി ബി സൗരഭൻ, കേരള ഹൈക്കോടതി
dot image

കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫിക്സഡ് ഡെപ്പോസിറ്റ് തുക രഹസ്യമായി പിന്‍വലിച്ച ശേഷം കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ അഴിമതിക്കേസ് പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം സ്വദേശി പി ബി സൗരഭന്റെ(73)ശിക്ഷ മരവിപ്പിച്ച ഉത്തരവും ജാമ്യവുമാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതി ഉടന്‍ തന്നെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദേശിച്ചു.

ഒറിജിനല്‍ എഫ് ഡി രസീതുകള്‍ കോടതിയുടെ പക്കലിരിക്കെ പണം വിട്ടുനല്‍കിയതില്‍ പ്രതിയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൊലീസ് അന്വേഷണം നടത്തി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. കോടതിയെ വഞ്ചിച്ച കുറ്റത്തിന് പ്രതിക്കും പങ്കാളികളായ മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നടപടിയെടുക്കുന്നത് പരിഗണിക്കണമെന്ന് തിരുവനന്തപുരം സിബിഐ കോടതിക്കും നിര്‍ദേശം നല്‍കി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2026 മാര്‍ച്ച് 21-നാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പിബി സൗരഭനെ മൂന്ന് വര്‍ഷം കഠിനതടവിനും 71 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ കോടതിയുടെ കസ്റ്റഡിയിലുള്ള 64.18 ലക്ഷം രൂപയുടെ മൂന്ന് എസ്ബിഐ. എഫ്ഡി രസീതുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ എഫ്ഡികള്‍ ഹൈക്കോടതിയുടെ പക്കല്‍ സുരക്ഷിതമായി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പിബി സൗരഭന്‍ 2026 ഏപ്രില്‍ 17-ന് ഹൈക്കോടതിയില്‍ നിന്ന് ശിക്ഷയ്ക്ക് സ്റ്റേയും ജാമ്യവും നേടി.

വിധിക്ക് ശേഷം എഫ്ഡികള്‍ 10 വര്‍ഷത്തേക്ക് കൂടി പുതുക്കാന്‍ സിബിഐ കോടതി എസ്ബിഐ പോങ്ങുമ്മൂട് ശാഖയ്ക്ക് നിര്‍ദേശം നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. 2021 ജനുവരി 20ന് തന്നെ പ്രതി ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് പണം തന്റെയും ഭാര്യയുടെയും ജോയിന്റ് അക്കൗണ്ടിലേക്കും, തുടര്‍ന്ന് ഭാര്യയുടെ പേരിലുള്ള നിക്ഷേപങ്ങളിലേക്കും മാറ്റിയതായി എസ്ബിഐ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ കടുത്ത നടപടി.

Content Highlights: The High Court has cancelled the bail granted to an accused in the SBI corruption case after finding that the court was misled.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us