എൽ നിനോ കനക്കുന്നു; തമിഴ്നാടിനെയും കേരളത്തിനെയും ബാധിക്കുമെന്ന് റിപ്പോർട്ട്

കനത്ത വരൾച്ചയും ജലക്ഷാമവുമാണ് എൽ നിനോയുടെ ഫലമായി തമിഴ്നാടിനെ കാത്തിരിക്കുന്നത്

എൽ നിനോ കനക്കുന്നു; തമിഴ്നാടിനെയും കേരളത്തിനെയും ബാധിക്കുമെന്ന് റിപ്പോർട്ട്
el-nino
dot image

ചെന്നൈ: എൽ നിനോ പ്രതിഭാസം ശക്തമാകുന്നത് തമിഴ്നാടിന് ഭീഷണിയാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ റിപ്പോർട്ട് പ്രകാരം കനത്ത വരൾച്ചയും ജലക്ഷാമവുമാണ് എൽ നിനോയുടെ ഫലമായി തമിഴ്നാടിനെ കാത്തിരിക്കുന്നത്. ഇതിനു ഫലമായി വൻ കൃഷി നാശമുണ്ടാകും എന്നാണ് ഇപ്പോഴുള്ള ആശങ്ക. കാർഷിക ആവശ്യങ്ങൾക്കായി തമിഴ്നാട് ആശ്രയിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂണിനെയാണ്. എന്നാൽ ഈ വർഷം 12.6 % മഴക്കുറവാണുണ്ടായിട്ടുള്ളത്. 2015ന് ശേഷമുള്ള ഏറ്റവും കുറവ് നിരക്കാണ് ഈ വർഷം രേഖപ്പെടുത്തിയിട്ടുള്ളത്.

മഴയുടെ ലഭ്യതയിലുണ്ടാകുന്ന ഈ വ്യതിയാനങ്ങളും ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും വിളകളുടെ ഉൽപ്പാദനത്തെ ബാധിക്കും. നെല്ല്, നിലക്കടല, ചോളം, പരുത്തി, പയർവർഗങ്ങൾ, കരിമ്പ്, തെങ്ങ് തുടങ്ങിയ വിളകളുടെ ഉൽപ്പാദനം കുറയാൻ സാധ്യതയുണ്ട്. ഈ പരിതസ്ഥിതിയെ കുറിച്ച് പഠിക്കാനായി പ്രത്യേക സമിതിയെ തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വരൾച്ചയെ നേരിടാനായി തയ്യാറെടുപ്പുകൾ നടത്തുന്നതിനോടൊപ്പം നിലവിലുള്ള ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും നിർദ്ദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഈ പ്രതിസന്ധി കേരളത്തിനെയും ബാധിക്കുമെന്നാണ് നിലവിലുള്ള വെല്ലുവിളി. അരി, പച്ചക്കറി, പഴവർഗങ്ങൾ എന്നിവയ്ക്കായി കേരളം വലിയ തോതിൽ ആശ്രയിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. കേരളത്തിൽ അരിയുടെ ആവശ്യ അളവ് പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ ആണ്. എന്നാൽ അഞ്ച് ലക്ഷം മെട്രിക് ടൺ മാത്രമാണ് നമ്മൾ ഉൽപ്പാദിപ്പിക്കുന്നത്. അവിടെ വിളവെടുപ്പ് കുറയുമ്പോൾ ഇവിടെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതക്കുറവോ രൂക്ഷമായ വിലക്കയറ്റമോ ഉണ്ടാകാം.

2027 മാർച്ച് വരെ ശക്തമായതോ അതിശക്തമായതോ ആയ നിലയിൽ എൽ നിനോ തുടരുമെന്ന് അമേരിക്കൻ ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടമായ (എൻ‌.ഒ‌.എ‌.എ) മുന്നറിയിപ്പ് നൽകിയിരുന്നു. 1950ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി ഇത് മാറിയേക്കുമെന്നും സംഘടന വ്യക്തമാക്കി. 2026 ഒക്ടോബർ-ഡിസംബർ, നവംബർ-2027 ജനുവരി കാലയളവുകളിൽ ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 60 ശതമാനമാണെന്നും എൻ‌.ഒ‌.എ‌.എ അറിയിച്ചു. എൽ നിനോയുടെ തീവ്രത വർധിക്കുന്നത് വരും മാസങ്ങളിൽ ആഗോള കാലാവസ്ഥയിലും താപനിലയിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.

Content Highlights: El Niño conditions are strengthening over the equatorial Pacific and are expected to remain very strong during November and December 2026, according to the India Meteorological Department. The phenomenon could influence rainfall and temperature patterns across India, including Kerala and Tamil Nadu. IMD has forecast below-normal rainfall over South Peninsular India for November.

dot image
To advertise here,contact us
dot image