'നിങ്ങളുടെ ബുള്‍ഡോസർ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കൂ'; ഹിന്ദു വോട്ട് വിവാദത്തിൽ യോഗിയെ പരിഹസിച്ച് അഖിലേഷ്

ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയും ബുള്‍ഡോസറുകളോട് പ്രത്യേക താത്പര്യവുമുള്ള ആളുമാണ് മുഖ്യമന്ത്രിയെന്നും, തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകളോട് യോഗിക്ക് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് കമീഷന് നേരെ തിരിക്കണമെന്നും അഖിലേഷ് പരിഹസിച്ചു.

'നിങ്ങളുടെ ബുള്‍ഡോസർ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കൂ'; ഹിന്ദു വോട്ട് വിവാദത്തിൽ യോഗിയെ പരിഹസിച്ച് അഖിലേഷ്
dot image

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ 'ബുള്‍ഡോസര്‍' എന്നത് ഒരു ബ്രാന്‍ഡ് ആയി മാറിയിട്ടുണ്ടെന്ന യോഗിയുടെ പ്രസ്താവനയെ പരാമര്‍ശിച്ച്, ആ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് തെരഞ്ഞെടുപ്പ് കമീഷന് നേരെ തിരിക്കാനാണ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയും ബുള്‍ഡോസറുകളോട് പ്രത്യേക താത്പര്യവുമുള്ള ആളുമാണ് മുഖ്യമന്ത്രിയെന്നും, തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകളോട് യോഗിക്ക് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് കമീഷന് നേരെ തിരിക്കണമെന്നും അഖിലേഷ് പരിഹസിച്ചു.

Akhilesh Yadav
അഖിലേഷ് യാദവ്

'സത്യമെന്തെന്നാല്‍, 1.27 കോടി ഹിന്ദു വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങളെന്ന് സങ്കല്‍പ്പിക്കുക. ബുള്‍ഡോസറുകളോട് പ്രത്യേക താത്പര്യവുമുണ്ട്. മുഖ്യമന്ത്രി തന്റെ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. പറയുന്ന കാര്യങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് തിരിച്ചുവിടട്ടെ,'' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read:

1.27 കോടി ഹിന്ദു വോട്ടുകള്‍ ഒഴിവാക്കപ്പെട്ടുവെന്ന കണക്ക് യോഗി ആദിത്യനാഥിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അഖിലേഷ് ചോദിച്ചു. മുഖ്യമന്ത്രിക്ക് ഏതെങ്കിലും ദിവ്യശക്തിയോ, പ്രത്യേക ഉപഗ്രഹ സാങ്കേതികവിദ്യയോ ലഭിച്ചിട്ടുണ്ടോയെന്നും, ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ സനാതനികളാണോ എന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാമെന്നും അഖിലേഷ് പരിഹസിച്ചു.

Yogi Adithyanath
യോഗി ആദിത്യനാഥ്

യഥാര്‍ത്ഥത്തില്‍ വോട്ടര്‍ പട്ടിക പുതുക്കലിലൂടെ പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ഗോത്രവര്‍ഗക്കാര്‍, മുസ്‌ലിം സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന പിഡിഎ (പിച്ഛ്ഡേ, ദലിത്, അല്‍പ്സംഖ്യക്) വോട്ടര്‍മാരുടെ പേരുകള്‍ ഗൂഢാലോചനയിലൂടെ വെട്ടിമാറ്റുകയാണ് ചെയ്തതെന്ന് അഖിലേഷ് ആരോപിച്ചു. ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ തിരുകിക്കേറ്റാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന അന്തിമ വോട്ടര്‍ പട്ടികയും പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫീസര്‍മാരുടെ കൈവശമുള്ള പട്ടികയും തമ്മില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അഖിലേഷ് മുന്നറിയിപ്പ് നല്‍കി. എസ്പി അനുഭാവികളുടെയും പിഡിഎ വോട്ടര്‍മാരുടെയും പേരുകള്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധന നടത്തുമെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട വോട്ടര്‍മാര്‍ കോടതി ഇടപെടലിലൂടെ തിരിച്ചെത്തിയ സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read:

യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വ വാര്‍ത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ ഡാറ്റാബേസില്‍ വോട്ടര്‍മാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക സമുദായത്തെയോ വിഭാഗത്തെയോ ലക്ഷ്യമിട്ട് വോട്ടുകള്‍ വെട്ടിമാറ്റാന്‍ തെരഞ്ഞെടുപ്പ് കമീഷനോ ഉദ്യോഗസ്ഥരോ രാഷ്ട്രീയ പാര്‍ട്ടികളോ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Samajwadi Party chief Akhilesh Yadav mocks Uttar Pradesh Chief Minister Yogi Adityanath over his claim that 1.27 crore Hindu voters were deleted during the Special Intensive Revision (SIR) of electoral rolls. Referring to Yogi's remarks about bulldozers, Akhilesh suggests that the Chief Minister should turn his bulldozer towards the Election Commission. He also alleges that the voter list revision is targeting PDA voters, including backward classes, Dalits, tribals and Muslims, while the Uttar Pradesh Chief Electoral Officer clarifies that the Election Commission does not collect voters' religion or caste details.

dot image
To advertise here,contact us
dot image