അബുദാബിയിലെ ഹോട്ടൽ സംഘർഷക്കേസ്: ഒത്തുതീർപ്പിനെ തുടർന്ന് എട്ട് പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്തി കോടതി

നവംബർ 13-നാണ് ഹോട്ടലിനുള്ളിൽ കൂട്ടത്തല്ലുണ്ടാക്കിയ സംഭവത്തിൽ ആകെ 10 പ്രതികളെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചത്

അബുദാബിയിലെ ഹോട്ടൽ സംഘർഷക്കേസ്: ഒത്തുതീർപ്പിനെ തുടർന്ന് എട്ട് പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്തി കോടതി
dot image

എമിറേറ്റിലെ ഒരു ഹോട്ടലിലുണ്ടായ സംഘർഷക്കേസിൽ ശിക്ഷിക്കപ്പെട്ട എട്ട് പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്തി അബുദാബി കോടതി. ഇരുകക്ഷികളും തമ്മിൽ ഒത്തുതീർപ്പിലെത്തുകയും പ്രതികളെ വിട്ടയക്കണമെന്ന് പരാതിക്കാരൻ അഭ്യർത്ഥിക്കുകയും ചെയ്തതിനെ തുടർന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ പ്രതികൾ ഓരോരുത്തരും ഒന്നര ലക്ഷം ദിർഹം വീതം പിഴയൊടുക്കിയാൽ മതിയാകും.

ഇരുകക്ഷികളും തമ്മിൽ രമ്യതയിലെത്തുകയും പരാതികൾ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശിക്ഷയിൽ ഇളവ് അനുവദിച്ചതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അബുദാബി സർക്കാരിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തടവുശിക്ഷയും നാടുകടത്തലും ഒഴിവാക്കി പിഴത്തുക പകുതിയായി കുറച്ചത്.

നവംബർ 13-നാണ് ഹോട്ടലിനുള്ളിൽ കൂട്ടത്തല്ലുണ്ടാക്കിയ സംഭവത്തിൽ ആകെ 10 പ്രതികളെ അബുദാബി ക്രിമിനൽ കോടതി ശിക്ഷിച്ചത്. പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും പരിഭ്രാന്തി പരത്തിയതിനും ആറ് പ്രതികൾക്ക് ആറ് മാസം തടവും മൂന്ന് ലക്ഷം ദിർഹം വീതം പിഴയും ശിക്ഷ കഴിഞ്ഞാൽ നാടുകടത്തലുമായിരുന്നു നേരത്തെ വിധിച്ചിരുന്നത്.

കൂടാതെ, സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചതിന് മറ്റ് രണ്ട് പ്രതികൾക്കും സമാനമായ ശിക്ഷ വിധിച്ചിരുന്നു. യുഎഫ്‌സി (UFC) താരങ്ങളായ മെറാബ് ദ്വാലിഷ്‌വിലിയും ഉസ്മാൻ നൂർമഗോമെദോവും തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, ഹോട്ടലിലുണ്ടായ ഈ സംഭവവുമായി പ്രമുഖ യുഎഫ്‌സി താരങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതായി അബുദാബി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: The Abu Dhabi Criminal Court has reduced the sentences of eight defendants convicted in connection with a hotel brawl and the filming of the incident. Following reconciliation between the parties, withdrawal of mutual complaints and an appeal by the victim seeking their release, the court replaced the earlier penalties with a fine of Dh150,000 for each defendant

dot image
To advertise here,contact us
dot image