

ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന നിമിഷം മുതല്‍ അതിന്റെ ഓരോ ചലനവും മാതാപിതാക്കള്‍ക്ക് അത്ഭുതമാണ്. ഉറക്കത്തിലെ ചെറിയ ഞെട്ടലുകള്‍, കൈകാലുകള്‍ അനക്കുന്നത്, ചുണ്ടുകള്‍ നുണയുന്നത്, കണ്ണുകള്‍ തുറക്കുന്നതും അടയ്ക്കുന്നതുമെല്ലാം അവര്‍ കൗതുകത്തോടെ നിരീക്ഷിക്കും. എന്നാല്‍ ജനിച്ച് ആദ്യത്തെ 28 ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ചില അസാധാരണ ചലനങ്ങള്‍, നിസ്സാരമെന്ന് കരുതി അവഗണിക്കപ്പെടാന്‍ പാടില്ലാത്ത നവജാത ശിശുക്കളിലെ അപസ്മാരത്തിന്റെ ലക്ഷണങ്ങളായേക്കാം.
മുതിര്‍ന്നവരിലും വലിയ കുട്ടികളിലും കാണുന്നതുപോലെ ശരീരം മുഴുവന്‍ ശക്തമായി വിറയ്ക്കുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യണമെന്നില്ല നവജാത ശിശുക്കളിലെ അപസ്മാരത്തിന്. ചിലപ്പോള്‍ കണ്ണുകള്‍ ഒരു വശത്തേക്ക് തിരിയുക, ചുണ്ടുകള്‍ ആവര്‍ത്തിച്ച് ചലിപ്പിക്കുക, കൈകാലുകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിക്കുക തുടങ്ങിയ സൂക്ഷ്മമായ ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളൂ. അതിലും പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്: ചില കുഞ്ഞുങ്ങളില്‍ പുറമേ യാതൊരു ലക്ഷണവും കാണിക്കാതെ തലച്ചോറില്‍ അപസ്മാരത്തിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ തുടരാം. ഇതാണ് വൈദ്യുത തരംഗങ്ങളില്‍ മാത്രം പ്രകടമാകുന്ന അപസ്മാരം അഥവാ നിശ്ശബ്ദ അപസ്മാരം. അതായത്, ഒരു കുഞ്ഞിന് അപസ്മാരം ഉണ്ടോ എന്ന് നമ്മുടെ കണ്ണുകള്‍ കൊണ്ട് മാത്രം നോക്കി എല്ലായ്‌പ്പോഴും തീരുമാനിക്കാനാവില്ല.

നവജാത ശിശുക്കളിലെ അപസ്മാരം പലപ്പോഴും സാധാരണ ശിശുചലനങ്ങളുമായി സാമ്യമുള്ളതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍
വായയുടെയും നാവിന്റെയും ചലനങ്ങള്‍
വിശപ്പില്ലാത്ത സമയത്തും ചുണ്ടുകള്‍ തുടര്‍ച്ചയായി നുണയുക, വായ ചവയ്ക്കുന്നതുപോലെ ചലിപ്പിക്കുക, നാവ് ആവര്‍ത്തിച്ച് പുറത്തേക്ക് നീട്ടുക.
കണ്ണുകളിലെ വ്യതിയാനങ്ങള്‍
കണ്ണുകള്‍ ഒരു വശത്തേക്ക് തുടര്‍ച്ചയായി തിരിയുക, അസാധാരണമായി തുറിച്ചുനോക്കുക, കണ്‍പോളകള്‍ ആവര്‍ത്തിച്ച് ചിമ്മുക.
ആവര്‍ത്തിച്ചുള്ള കൈകാലുകളുടെ ചലനങ്ങള്‍
കൈകാലുകളില്‍ ഒരേ രീതിയിലുള്ള ആവര്‍ത്തിച്ചുള്ള ഞെട്ടലുകള്‍, താളാത്മകമായ പേശികളുടെ ചലനങ്ങള്‍, പ്രത്യേക രീതിയിലുള്ള പേശികളുടെ വലിവുകള്‍.
പേശികള്‍ പെട്ടെന്ന് മുറുകുക
കൈകാലുകള്‍ പെട്ടെന്ന് വലിഞ്ഞുമുറുകുക, തലയും കഴുത്തും ഒരു വശത്തേക്ക് തിരിയുക, ശരീരം അസാധാരണമായി വളയുക.
ശ്വാസോച്ഛ്വാസത്തിലെ മാറ്റങ്ങള്‍
പെട്ടെന്ന് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നുക, ശ്വാസതാളത്തില്‍ വ്യതിയാനം വരിക, ചുണ്ടുകള്‍ക്കും മുഖത്തിനും നീലനിറം ബാധിക്കുക.
ഇവയില്‍ ഏതെങ്കിലും ഒരു ലക്ഷണം കണ്ടതുകൊണ്ട് മാത്രം അപസ്മാരമാണെന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ ആവര്‍ത്തിച്ചുള്ള അസാധാരണ ചലനങ്ങള്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.
നവജാത ശിശുക്കളുടെ സ്വാഭാവിക ചലനങ്ങളും അപസ്മാരവും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് പ്രധാനമാണ്.
ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടുക, കൈകാലുകള്‍ കുടയുക, സൈക്കിള്‍ ചവിട്ടുന്നതുപോലെ കാലുകള്‍ ചലിപ്പിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍ കൈകള്‍ വിടര്‍ത്തുക തുടങ്ങിയവ സാധാരണയായി കാണുന്ന ചലനങ്ങളാണ്. ചില കുഞ്ഞുങ്ങളില്‍ ജിറ്ററിനസ് എന്നറിയപ്പെടുന്ന വിറയലും കാണാം. സ്പര്‍ശനമോ ഉത്തേജനമോ മൂലം ഇത് ഉണ്ടാകാം. കൈകാലുകള്‍ മൃദുവായി പിടിച്ചുനിര്‍ത്തുമ്പോള്‍ പലപ്പോഴും ഇത് കുറയുകയും ചെയ്യും. ഉറക്കവുമായി ബന്ധപ്പെട്ട ചില ചലനങ്ങള്‍ കുഞ്ഞ് ഉണരുമ്പോള്‍ നിലയ്ക്കാറുണ്ട്.
സൈക്കിള്‍ ചവിട്ടുന്നതുപോലെയുള്ള കാലുകളുടെ ചലനങ്ങളും നീന്തുന്നതുപോലെയുള്ള കൈകാലുകളുടെ ചലനങ്ങളും മാത്രം കണ്ടുകൊണ്ട് അപസ്മാരമാണെന്ന് തീരുമാനിക്കരുത്. ചിലത് സാധാരണ മോട്ടോര്‍ ചലനങ്ങളോ തലച്ചോറിലെ നിയന്ത്രണ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപസ്മാരമല്ലാത്ത ചലനങ്ങളോ ആകാം. അതേസമയം, ആവര്‍ത്തിച്ചുള്ള താളാത്മക ചലനങ്ങള്‍, കണ്ണുകളുടെ വ്യതിയാനങ്ങള്‍, ശ്വാസത്തിലെ മാറ്റങ്ങള്‍ എന്നിവ അപസ്മാരത്തിലും കാണാം. ചലനങ്ങള്‍ ബലമായി പിടിച്ചുനിര്‍ത്തി പരിശോധിക്കുന്നത് ശരിയായ രോഗനിര്‍ണ്ണയ മാര്‍ഗമല്ല. ക്ലിനിക്കല്‍ പരിശോധനയും ആവശ്യമായപ്പോള്‍ ഇ.ഇ.ജി. പരിശോധനയും ഉപയോഗിച്ചാണ് ഇവ തമ്മില്‍ വേര്‍തിരിക്കുന്നത്.
നവജാത ശിശുക്കളിലെ അപസ്മാരം ഒരു രോഗനിര്‍ണ്ണയം മാത്രമല്ല. പലപ്പോഴും തലച്ചോറിനെയോ ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയോ ബാധിക്കുന്ന ഒരു അടിസ്ഥാന രോഗാവസ്ഥയുടെ സൂചനയാണ്.

പ്രസവസമയത്തെ ഓക്‌സിജന്റെ കുറവ്
പ്രസവസമയത്തോ അതിന് മുമ്പോ ശേഷമോ തലച്ചോറിലേക്ക് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിക്കാതെ വരുന്നത് ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സഫലോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകാം. നവജാത ശിശുക്കളിലെ അപസ്മാരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. ചില കുഞ്ഞുങ്ങള്‍ക്ക് തീവ്രപരിചരണവും ചികിത്സാപരമായ ശരീരതാപനില കുറയ്ക്കുന്ന ചികിത്സയും ആവശ്യമായി വരും.
തലച്ചോറിലെ രക്തസ്രാവവും സ്‌ട്രോക്കും
മുതിര്‍ന്നവരില്‍ മാത്രമല്ല, നവജാത ശിശുക്കളിലും സ്‌ട്രോക്ക് സംഭവിക്കാം.
പ്രധാന കാരണങ്ങള്‍
ചില കുഞ്ഞുങ്ങളില്‍ അപസ്മാരം മാത്രമായിരിക്കും സ്‌ട്രോക്കിന്റെ ആദ്യ ലക്ഷണം. ആവശ്യമായ സാഹചര്യങ്ങളില്‍ എം.ആര്‍.ഐ., എം.ആര്‍.എ., എം.ആര്‍.വി. പരിശോധനകള്‍ നിര്‍ണ്ണായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെയും മറ്റ് ഘടകങ്ങളുടെയും കുറവ്
ഇത് വളരെ പ്രധാനപ്പെട്ടതും സമയബന്ധിതമായി ചികിത്സിച്ചാല്‍ പരിഹരിക്കാവുന്നതുമായ ഒരു വിഭാഗമാണ്. ഹൈപ്പോഗ്ലൈസീമിയ അഥവാ രക്തത്തിലെ പഞ്ചസാരയുടെ കുറവ് നവജാത ശിശുക്കളില്‍ അപസ്മാരത്തിന് കാരണമാകാം. കുഞ്ഞിന്റെ തലച്ചോറിന് ഊര്‍ജമായി ഗ്ലൂക്കോസ് ആവശ്യമാണ്. രക്തത്തിലെ പഞ്ചസാര വളരെ കുറയുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാം.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍, ജനനസമയത്ത് തൂക്കം കുറവുള്ളവരോ കൂടുതലുള്ളവരോ, പ്രമേഹമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ എന്നിവരില്‍ ഹൈപ്പോഗ്ലൈസീമിയയുടെ സാധ്യത കൂടുതലാണ്. മുലപ്പാല്‍ കുഞ്ഞിന് ഏറ്റവും അനുയോജ്യമായ ആഹാരമാണ്. എന്നാല്‍ മുലപ്പാല്‍ മതിയായ അളവില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുലയൂട്ടലില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ സഹായം തേടണം. ആവശ്യമായ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോര്‍മുല പാലോ മറ്റ് സപ്ലിമെന്റേഷനോ നല്‍കുന്നത് വൈകിക്കരുത്. മുലപ്പാല്‍ നല്‍കണമെന്ന ലക്ഷ്യം കുഞ്ഞിന് ആവശ്യമായ പോഷകാഹാരം ലഭിക്കാതിരിക്കുന്നതിന് കാരണമാകരുത്.
ഇതിനു പുറമേ രക്തത്തിലെ കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം എന്നിവയുടെ വ്യതിയാനങ്ങളും അപസ്മാരത്തിന് കാരണമാകാം.അമ്മയ്ക്ക് ഗര്‍ഭകാലത്ത് വിറ്റാമിന്‍ ഡി യുടെ കുറവുണ്ടാകുന്നത് കുഞ്ഞിലും വിറ്റാമിന്‍ ഡി യുടെ കുറവിനും തുടര്‍ന്ന് കാല്‍സ്യത്തിന്റെ അളവ് കുറയുന്നതിനും കാരണമാകാം. ഇതിനെ നവജാത ശിശുക്കളിലെ ഹൈപ്പോകാല്‍സീമിയ എന്നു വിളിക്കുന്നു. കാല്‍സ്യത്തിന്റെ അളവ് ഗണ്യമായി കുറയുമ്പോള്‍ വിറയല്‍, അസാധാരണമായ ചലനങ്ങള്‍, പേശികളുടെ വലിവ്, അപസ്മാരം എന്നിവ ഉണ്ടാകാം. അതിനാല്‍ കുഞ്ഞിന് അപസ്മാരം ഉണ്ടാകുമ്പോള്‍ രക്തത്തിലെ പഞ്ചസാരയ്‌ക്കൊപ്പം കാല്‍സ്യത്തിന്റെ അളവും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അണുബാധകള്‍
നവജാത ശിശുക്കളിലെ ഗുരുതരമായ അണുബാധകള്‍ തലച്ചോറിനെ ബാധിച്ച് അപസ്മാരത്തിന് കാരണമാകാം.
പ്രധാനമായും:
ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസ്.
വൈറല്‍ എന്‍സഫലൈറ്റിസ്, പ്രത്യേകിച്ച് ഹെര്‍പ്പിസ് സിംപ്ലക്‌സ് വൈറസ് അണുബാധ.
രക്തത്തിലെ അണുബാധയായ സെപ്‌സിസ്.
ഇത്തരം സാഹചര്യങ്ങളില്‍ അപസ്മാരത്തോടൊപ്പം പാല്‍ കുടിക്കാനുള്ള താല്‍പര്യക്കുറവ്, അമിതമായ ഉറക്കം, പ്രതികരണക്കുറവ് തുടങ്ങിയവയും ഉണ്ടാകാം.
തലച്ചോറിന്റെ ഘടനയിലുള്ള ജന്മനാ വ്യതിയാനങ്ങള്‍
ചില കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ തലച്ചോറിന്റെ ഘടനയില്‍ വ്യത്യാസങ്ങളുണ്ടാകാം. ഇവയെ ഘടനാപരമായ തലച്ചോര്‍ വൈകല്യങ്ങള്‍ എന്നു വിളിക്കുന്നു.
പ്രധാനപ്പെട്ടവ:
ഇത്തരം ഘടനാപരമായ വ്യതിയാനങ്ങളുള്ള കുഞ്ഞുങ്ങളില്‍ ജനിച്ച ആദ്യ ദിവസങ്ങളില്‍തന്നെ അപസ്മാരം ആരംഭിക്കാം. ചിലരില്‍ മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള അപസ്മാരവും ഉണ്ടാകാം. ഇവിടെയാണ് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയാ വിലയിരുത്തലിനും പ്രാധാന്യമുള്ളത്.
ചില കുഞ്ഞുങ്ങളില്‍ തലച്ചോറിലെ നാഡീകോശങ്ങളുടെ വൈദ്യുത പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ജീനുകളിലെ വ്യതിയാനങ്ങള്‍ മൂലം ജനിച്ച ആദ്യ ദിവസങ്ങളില്‍ തന്നെ അപസ്മാരം ആരംഭിക്കാം.
പ്രധാന ഉദാഹരണങ്ങള്‍:
ചില ജനിതക അപസ്മാരങ്ങള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുമ്പോള്‍ മറ്റുചിലത് ഗുരുതരമായ നാഡീവികാസ പ്രശ്‌നങ്ങളോടുകൂടി കാണപ്പെടാം. കുടുംബത്തില്‍ നവജാത ശിശുക്കള്‍ക്ക് അപസ്മാരം ഉണ്ടായ ചരിത്രമുണ്ടെങ്കില്‍ അതും ഡോക്ടറെ അറിയിക്കണം.
ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അപൂര്‍വ ജനിതക രോഗങ്ങളും നവജാത ശിശുക്കളില്‍ അപസ്മാരത്തിന് കാരണമാകാം.
ഉദാഹരണങ്ങള്‍:
ചില കുഞ്ഞുങ്ങളില്‍ വിറ്റാമിനുകളുടെയോ അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടകങ്ങളുടെയോ കുറവ് അപസ്മാരത്തിന് കാരണമാകും.പൈറിഡോക്‌സിന്‍ ആശ്രിത അപസ്മാരം, പി.എന്‍.പി.ഒ. കുറവ്, പി.എല്‍.പി.ബി.പി. കുറവ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത അപസ്മാരം, കുടുംബചരിത്രം, അസാധാരണമായ രക്തപരിശോധനകള്‍, മെറ്റബോളിക് അസിഡോസിസ് തുടങ്ങിയ സൂചനകള്‍ ഉണ്ടെങ്കില്‍ ഇത്തരം രോഗങ്ങള്‍ക്കായുള്ള പരിശോധനകള്‍ ആവശ്യമാണ്.ഇവയ്ക്ക് പ്രത്യേക ചികിത്സകള്‍ ലഭ്യമായതിനാല്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയം നിര്‍ണ്ണായകമാണ്.

ഗുരുതരമായ മഞ്ഞപ്പിത്തം മൂലം തലച്ചോറിനെ ബാധിക്കുന്ന ബിലിറൂബിന്‍ എന്‍സഫലോപ്പതി, പ്രസവസമയത്തെ തലക്കേറ്റ പരിക്ക്, ചില മരുന്നുകളോടുള്ള നവജാത ശിശുവിന്റെ പിന്‍വലിക്കല്‍ പ്രതികരണങ്ങള്‍ എന്നിവയും അപസ്മാരവുമായി ബന്ധപ്പെട്ടിരിക്കാം.
ഘടനാപരമായ രോഗങ്ങളില്‍ നേരത്തെയുള്ള അപസ്മാര ശസ്ത്രക്രിയയുടെ പ്രാധാന്യം
നവജാത ശിശുക്കളിലെ അപസ്മാരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പ്രധാന വിഷയമാണിത്.ഹീമിമെഗലന്‍സെഫലി, സ്റ്റര്‍ജ്‌വെബര്‍ സിന്‍ഡ്രോം, ഗുരുതരമായ ഫോക്കല്‍ കോര്‍ട്ടിക്കല്‍ ഡിസ്‌പ്ലേസിയ തുടങ്ങിയ ചില ഘടനാപരമായ രോഗങ്ങളില്‍ അപസ്മാരം വളരെ നേരത്തെ ആരംഭിക്കുകയും മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യാം.
തുടര്‍ച്ചയായ അപസ്മാര പ്രവര്‍ത്തനങ്ങള്‍ കുഞ്ഞിന്റെ വളരുന്ന തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വികാസത്തെയും പ്രതികൂലമായി ബാധിക്കാം.ഇത്തരം സാഹചര്യങ്ങളില്‍ മരുന്നുകള്‍ മാറ്റിമാറ്റി വര്‍ഷങ്ങളോളം കാത്തിരിക്കുകയല്ല വേണ്ടത്. അനുയോജ്യമായ കേസുകളില്‍ നേരത്തേ തന്നെ വിദഗ്ധ അപസ്മാര ശസ്ത്രക്രിയാ കേന്ദ്രത്തില്‍ വിലയിരുത്തല്‍ നടത്തണം.തലച്ചോറിന്റെ ഒരു അര്‍ദ്ധഭാഗത്തെ പ്രധാനമായും ബാധിക്കുന്ന രോഗങ്ങളില്‍ ഹെമിസ്‌ഫെറോട്ടമി അഥവാ ഹെമിസ്‌ഫെറിക് ഡിസ്‌കണക്ഷന്‍ പോലുള്ള ശസ്ത്രക്രിയകള്‍ പരിഗണിക്കാം. രോഗത്തിന്റെ വ്യാപ്തിയും തലച്ചോറിലെ പ്രവര്‍ത്തന മേഖലകളുമായുള്ള ബന്ധവും വിലയിരുത്തിയാണ് ശസ്ത്രക്രിയ തീരുമാനിക്കുന്നത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും ശസ്ത്രക്രിയ ആവശ്യമില്ല. എന്നാല്‍ അനുയോജ്യമായ കുഞ്ഞുങ്ങളില്‍ നേരത്തെയുള്ള ശസ്ത്രക്രിയാ വിലയിരുത്തല്‍ വളരെ പ്രധാനമാണ്. ശസ്ത്രക്രിയയുടെ ലക്ഷ്യം അപസ്മാരം നിയന്ത്രിക്കുന്നതോടൊപ്പം കുഞ്ഞിന്റെ തുടര്‍ന്നുള്ള നാഡീവികാസത്തിന് സാധ്യമായ ഏറ്റവും നല്ല സാഹചര്യം ഒരുക്കുക എന്നതാണ്.
മരുന്നുകള്‍ ഉപയോഗിച്ചിട്ടും അപസ്മാരം നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങളില്‍, രണ്ട് അനുയോജ്യമായ മരുന്നുകള്‍ പരാജയപ്പെട്ടാല്‍ മരുന്നുകളോട് പ്രതിരോധമുള്ള അപസ്മാരമായി കണക്കാക്കി ശസ്ത്രക്രിയാ വിലയിരുത്തലിനായി റഫര്‍ ചെയ്യണം. ചില ഉയര്‍ന്ന അപകടസാധ്യതയുള്ള ഘടനാപരമായ രോഗങ്ങളില്‍ ഈ ഘട്ടം വരുന്നതിന് മുമ്പുതന്നെ വിദഗ്ധ വിലയിരുത്തല്‍ ആവശ്യമായി വരാം.
നവജാത ശിശുക്കളിലെ അപസ്മാരം സ്ഥിരീകരിക്കുന്നതില്‍ ഇലക്ട്രോഎന്‍സഫലോഗ്രാം അഥവാ ഇ.ഇ.ജി. പരിശോധനയ്ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.വീഡിയോ ഇ.ഇ.ജി. വഴി കുഞ്ഞിന്റെ ചലനങ്ങളും തലച്ചോറിലെ വൈദ്യുത പ്രവര്‍ത്തനങ്ങളും ഒരേസമയം നിരീക്ഷിക്കാം. തുടര്‍ച്ചയായ ഇ.ഇ.ജി. നിരീക്ഷണം വഴി പുറമേ ലക്ഷണങ്ങളില്ലാതെ നടക്കുന്ന അപസ്മാരവും കണ്ടെത്താന്‍ കഴിയും. ആംപ്ലിറ്റിയൂഡ് ഇന്റഗ്രേറ്റഡ് ഇ.ഇ.ജി. എന്നത് ചില നവജാത ശിശു തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉപയോഗിക്കുന്ന ലളിതമായ നിരീക്ഷണ സംവിധാനമാണ്. എന്നാല്‍ ചെറിയതോ പ്രാദേശികമായതോ ആയ അപസ്മാരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇതിന് പരിമിതികളുണ്ട്.
തലച്ചോറിന്റെ എം.ആര്‍.ഐ. പരിശോധനയിലൂടെ ഘടനാപരമായ വ്യതിയാനങ്ങള്‍, ഓക്‌സിജന്‍ കുറവുമൂലമുള്ള പരിക്കുകള്‍, സ്‌ട്രോക്ക്, രക്തസ്രാവം തുടങ്ങിയവ കണ്ടെത്താം. രക്തത്തിലെ പഞ്ചസാര, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങിയവ പരിശോധിക്കുന്നതും ആവശ്യമാണ്. രോഗസാഹചര്യമനുസരിച്ച് അണുബാധാ പരിശോധനകളും മെറ്റബോളിക് പരിശോധനകളും ജനിതക പരിശോധനകളും നടത്താം.
നവജാത ശിശുക്കളിലെ അപസ്മാരം അടിയന്തര ചികിത്സ ആവശ്യപ്പെടുന്ന അവസ്ഥയാണ്.അപസ്മാരം നിയന്ത്രിക്കുന്നതിനൊപ്പം അതിന് കാരണമായ രോഗാവസ്ഥയും ചികിത്സിക്കണം.
എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ മരുന്നോ ചികിത്സാകാലയളവോ ആവശ്യമില്ല. അപസ്മാരത്തിന്റെ കാരണവും ഇ.ഇ.ജി. ഫലങ്ങളും ചികിത്സയോടുള്ള പ്രതികരണവും പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്.നവജാത ശിശുവിന് അപസ്മാരം ഉണ്ടായതുകൊണ്ട് ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടിവരുമെന്ന് അര്‍ത്ഥമില്ല. താല്‍ക്കാലികമായി ഉണ്ടായ പെട്ടെന്നുള്ള രോഗാവസ്ഥയുമായി ബന്ധപ്പെട്ട അപസ്മാരങ്ങള്‍ നിയന്ത്രണവിധേയമായാല്‍, ജനിതകമോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന നവജാത അപസ്മാരം ഇല്ലെന്ന് ഉറപ്പാക്കിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ വിലയിരുത്തലില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പുതന്നെ മരുന്നുകള്‍ നിര്‍ത്താനാകും. എന്നാല്‍ നവജാത കാലത്ത് ആരംഭിക്കുന്ന സ്ഥിരമായ അപസ്മാര രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ ആവശ്യമായേക്കാം.
കുഞ്ഞില്‍ അസാധാരണമായ ചലനങ്ങള്‍ കണ്ടാല്‍:
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷവും കുഞ്ഞിന്റെ വളര്‍ച്ചയും നാഡീവികാസവും കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണം. തല ഉയര്‍ത്തുക, കഴുത്തുറയ്ക്കുക, മറിയുക, ഇരിക്കുക, ശബ്ദങ്ങളോട് പ്രതികരിക്കുക തുടങ്ങിയ വളര്‍ച്ചാഘട്ടങ്ങള്‍ നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ നേരത്തെയുള്ള ഫിസിയോതെറാപ്പിയും മറ്റ് പുനരധിവാസ ഇടപെടലുകളും നല്‍കണം.
നവജാത ശിശുക്കളിലെ അപസ്മാരത്തെക്കുറിച്ച് മാതാപിതാക്കള്‍ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: കുഞ്ഞ് പുറമേ ശാന്തമായി ഉറങ്ങുന്നതുകൊണ്ട് തലച്ചോറില്‍ അപസ്മാരം ഇല്ലെന്ന് ഉറപ്പിക്കാനാവില്ല.എല്ലാ അസാധാരണ ചലനങ്ങളും അപസ്മാരമല്ല. എന്നാല്‍ എല്ലാ അപസ്മാരങ്ങളും നമുക്ക് കാണാനുമാകില്ല.കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിരീക്ഷിക്കുന്നതുപോലെതന്നെ, ആവശ്യമായ സാഹചര്യങ്ങളില്‍ തലച്ചോറിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണം.നേരത്തെയുള്ള രോഗനിര്‍ണ്ണയം, കാരണത്തിനനുസരിച്ചുള്ള ചികിത്സ, ആവശ്യമായിടത്ത് ശസ്ത്രക്രിയാ വിലയിരുത്തല്‍, തുടര്‍ച്ചയായ വളര്‍ച്ചാ നിരീക്ഷണം എന്നിവയാണ് ഈ കുഞ്ഞുങ്ങളുടെ ഭാവി സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.നമുക്ക് കാണാനാകാത്ത അപസ്മാരത്തെ തിരിച്ചറിയാന്‍ കഴിയണം. കാരണം ഒരു കുഞ്ഞിന്റെ ഭാവി സംരക്ഷിക്കാന്‍ ചിലപ്പോള്‍ അതിന്റെ തലച്ചോറിന്റെ ശബ്ദം കേള്‍ക്കുകയാണ് ആദ്യം വേണ്ടത്.
Content Highlights :What parents need to know about the symptoms, causes, and modern treatment of silent seizures in newborns