

തന്റെയും അപ്പ മമ്മൂട്ടിയുടെയും പുതിയ സിനിമകളുടെ റിലീസിങ് വിശേഷങ്ങളും കുടുംബത്തിലെ രസകരമായ അനുഭവങ്ങളും തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. ഒരേ വീട്ടിൽനിന്ന് അച്ഛനും മകനും ഒരുമിച്ച് സിനിമകളുമായി എത്തുന്നത് വലിയൊരു അനുഗ്രഹമാണെന്ന് ദുൽഖർ പറഞ്ഞു. ചെറുപ്പം മുതലേ താനൊരു മമ്മൂട്ടി ഫാൻ ബോയ് ആണെന്നും താരം കൂട്ടിച്ചേർത്തു.
‘അപ്പയുടെ സിനിമയും എന്റെ സിനിമയും ഒരുമിച്ച് റിലീസ് ചെയ്യുക എന്നത് വലിയൊരു അനുഗ്രഹമാണ്. ഒരേ വീട്ടിൽനിന്ന് രണ്ട് പേർ, അതും കേരളത്തിൽനിന്നുള്ള രണ്ട് മലയാളി നടന്മാർ, അച്ഛനും മകനും സിനിമകളുമായി എത്തുന്നു. എന്റെ സിനിമ ഒരു തെലുങ്ക് ചിത്രമാണ്, അപ്പയുടെ സിനിമ ഒരു തമിഴ് ചിത്രവും. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേർക്കും ഇത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്,’ ദുൽഖർ പറഞ്ഞു.
താൻ സിനിമയിൽ വന്നതിനുശേഷം മമ്മൂട്ടി തന്റെ ചിത്രങ്ങൾ കൂടുതൽ താത്പര്യത്തോടെ കാണാറുണ്ടെന്നും എന്നാൽ അമ്മയ്ക്ക് കുറച്ചുകൂടി ഇഷ്ടം തന്നോടാണെന്നും ദുൽഖർ തമാശ രൂപേണ പങ്കുവെച്ചു. ‘അമ്മയ്ക്ക് കുറച്ച് ചായ്‌വ് എന്നോടാണ്. അപ്പൻ എപ്പോഴും പറയാറുണ്ട്, ‘ഞാൻ ഇത്രയും വർഷമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്റെ സിനിമയെക്കുറിച്ച് ചോദിക്കാറുപോലുമില്ല, എന്റെ സിനിമ കാണാനും അങ്ങനെ ഇരിക്കാറില്ല. എന്നാൽ നീ വന്നതിനുശേഷം നിന്റെ സിനിമകളെല്ലാം ഭയങ്കര താത്പര്യത്തോടെയാണ് കാണുന്നത്’ എന്ന്,’ ദുൽഖർ പറഞ്ഞു.
ചെറുപ്പം മുതൽ താനൊരു മമ്മൂട്ടി ഫാൻ ബോയ് ആണെന്നും ദുൽഖർ പറഞ്ഞു. സംവിധായകർ അദ്ദേഹത്തെ സ്റ്റൈലായി അവതരിപ്പിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്നും, 'ഒ.എം മിലെ സിയ' എന്ന പാട്ടിലെ അദ്ദേഹത്തിന്റെ എൻട്രിയുടെയും വിഷ്വൽസിന്റെയും വലിയ ആരാധകനാണെന്നും ദുൽഖർ പറഞ്ഞു.
‘ഒ.എം മിലെ സിയയുടെ എൻട്രിയും ആ പാട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിന്റെ വിഷ്വൽസിന്റെ വലിയ ഫാനാണ് ഞാൻ. അപ്പൻ സ്ക്രീനിലേക്ക് വരുമ്പോൾ ചെറിയ കുട്ടിയായിരുന്ന കാലം മുതൽ തന്നെ ഞാൻ ഫാൻ ബോയ് ആണ്. സംവിധായകർ അദ്ദേഹത്തെ ഇത്രയും സ്റ്റൈലായി അവതരിക്കുമ്പോൾ ഉള്ളിൽനിന്ന് വലിയ സന്തോഷമാണ് തോന്നുന്നത്,’ ദുൽഖർ പറഞ്ഞു.
Content Highlights: Actor Dulquer Salmaan speaks about his deep affection for his father Mammootty and shares personal updates about his family, offering insights into their close family bond.