'അസുഖമല്ലേ...എല്ലാം സഹിക്കണം' എന്ന് പറയാമോ? മാനസികാരോഗ്യ പ്രശ്‌നമുള്ളവരോടുള്ള കരുതലിനും ചില അതിരുകളുണ്ട്!

മാനസികാരോഗ്യ പ്രശ്‌നമുള്ള പങ്കാളിയോടൊപ്പം ജീവിതം തുടരണമോ? രോഗാവസ്ഥയെ മനസ്സിലാക്കുന്നതിനൊപ്പം സ്വന്തം സുരക്ഷയും മാനസികാരോഗ്യവും എങ്ങനെ സംരക്ഷിക്കാം? കുടുംബാംഗങ്ങളും സമൂഹവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

'അസുഖമല്ലേ...എല്ലാം സഹിക്കണം' എന്ന് പറയാമോ? മാനസികാരോഗ്യ പ്രശ്‌നമുള്ളവരോടുള്ള കരുതലിനും ചില അതിരുകളുണ്ട്!
dot image

'അദ്ദേഹത്തിന് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് എനിക്കറിയാം. പക്ഷേ എത്രനാള്‍ ഞാന്‍ ഇതെല്ലാം സഹിക്കണം? എനിക്കും മക്കള്‍ക്കും സമാധാനത്തോടെ ജീവിക്കേണ്ടേ?'മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സാഹചര്യങ്ങളില്‍ ഉയര്‍ന്നുവരാവുന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്. മറുവശത്ത്, രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ വേദനയും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 'എനിക്ക് അസുഖം വന്നതോടെ എല്ലാവരും എന്നെ മറ്റൊരു രീതിയിലാണ് കാണുന്നത്. ഞാന്‍ എന്തുപറഞ്ഞാലും രോഗത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നു. വീട്ടില്‍ എനിക്കിപ്പോള്‍ ഒരു വിലയുമില്ല.'ഒരേ കുടുംബത്തില്‍ കഴിയുന്ന രണ്ടുപേരുടെ അനുഭവങ്ങളാണിവ. ഒരാള്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോള്‍ മറ്റൊരാള്‍ ആ വ്യക്തിയെ പരിചരിക്കുന്നതിന്റെ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. ഇവിടെ ആരുടെ വേദനയ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്? മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിയുടെ ആവശ്യങ്ങള്‍ക്കാണോ? അതോ അയാളോടൊപ്പം ജീവിക്കുന്ന പങ്കാളിയുടെയും കുട്ടികളുടെയും ക്ഷേമത്തിനാണോ? വാസ്തവത്തില്‍ രണ്ടും പ്രധാനമാണ്.

മാനസികരോഗമുള്ള ഒരാളെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നത് സ്വന്തം ജീവിതത്തിലെ എല്ലാ വേദനകളും നിശ്ശബ്ദമായി സഹിച്ചുകൊള്ളണമെന്നല്ല. അതുപോലെ കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന കാരണത്താല്‍ രോഗബാധിതനായ വ്യക്തിയെ ഉപേക്ഷിക്കണമെന്നും അര്‍ഥമില്ല. ഈ രണ്ട് സാഹചര്യങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ഒരു സമീപനം കണ്ടെത്തേണ്ടതുണ്ട്.

partner who has mental health issues

മാനസികരോഗം ഒരു സ്വഭാവദൂഷ്യമല്ല

മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള നമ്മുടെ സാമൂഹിക ധാരണകളില്‍ ഇന്നും നിരവധി തെറ്റുകളുണ്ട്. വിഷാദരോഗം അനുഭവിക്കുന്ന വ്യക്തിയെ അലസനായി കാണുന്നു. അമിതമായ ഉത്കണ്ഠ അനുഭവിക്കുന്നയാളോട് ധൈര്യമില്ലെന്ന് പറയുന്നു. ബൈപോളാര്‍ ഡിസോര്‍ഡറുള്ള വ്യക്തിയുടെ മാനസികാവസ്ഥയിലെ മാറ്റങ്ങളെ സ്വഭാവദൂഷ്യമായി വിലയിരുത്തുന്നു. ചില ഗുരുതരമായ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരെ സമൂഹത്തില്‍നിന്നുതന്നെ മാറ്റിനിര്‍ത്തുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ മാനസികരോഗങ്ങള്‍ വെറും മനോബലക്കുറവോ വ്യക്തിയുടെ ഇച്ഛാശക്തിയില്ലായ്മയോ കൊണ്ടുണ്ടാകുന്നവയല്ല. ജൈവികവും മാനസികവും സാമൂഹികവുമായ വിവിധ ഘടകങ്ങള്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കാം.

ജനിതകസാധ്യതകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ജീവിതാനുഭവങ്ങള്‍, മാനസികാഘാതങ്ങള്‍, ശാരീരികാരോഗ്യം, കുടുംബാന്തരീക്ഷം, സാമൂഹികസാഹചര്യങ്ങള്‍ എന്നിവയെല്ലാം വ്യത്യസ്തമായ രീതികളില്‍ പങ്കുവഹിച്ചേക്കാം.
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ഏകദേശം 120 കോടി ആളുകള്‍ ഏതെങ്കിലും മാനസികരോഗവുമായി ജീവിക്കുന്നുണ്ട്.

ഇത് ചില അപൂര്‍വ വ്യക്തികള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ലെന്നതാണ് ഈ കണക്ക് ഓര്‍മിപ്പിക്കുന്നത്. അതേസമയം വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD), ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെല്ലാം ഒരേ സ്വഭാവത്തിലുള്ളവയല്ല.രോഗലക്ഷണങ്ങളിലും ചികിത്സയിലും ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളിലും വലിയ വ്യത്യാസങ്ങളുണ്ടാകാം. അതുകൊണ്ട് 'മാനസികരോഗിയാണ്' എന്ന ഒറ്റ വിശേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയോ കഴിവുകളെയോ കുടുംബജീവിതത്തെയോ വിലയിരുത്തരുത്.

Also Read:

'മടിയാണ്, മനസ്സുവെച്ചാല്‍ മാറും' എന്ന് പറയുന്നത് ശരിയാണോ?

ഒരു കുടുംബസാഹചര്യം സങ്കല്‍പ്പിക്കാം.
വിവാഹിതയായ ഒരു സ്ത്രീക്ക് കുറച്ചുകാലമായി ഒന്നിനോടും താല്‍പര്യമില്ല. മുമ്പ് സന്തോഷത്തോടെ ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല. ഉറക്കത്തിലും ഭക്ഷണശീലങ്ങളിലും മാറ്റങ്ങളുണ്ട്. പലപ്പോഴും കരയുന്നു. വീട്ടുജോലികളും മറ്റു ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു.
ഭര്‍ത്താവ് പറയുന്നു: 'നിനക്ക് ഇവിടെ എന്തിന്റെ കുറവാണുള്ളത്? എല്ലാം ഉണ്ടായിട്ടും ഇങ്ങനെ ഇരിക്കുന്നതെന്തിനാണ്?'. ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. എന്നാല്‍ ആ സ്ത്രീ അനുഭവിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായിരിക്കാമെന്ന സാധ്യതയും പരിശോധിക്കേണ്ടതുണ്ട്. വിഷാദരോഗം അനുഭവിക്കുന്ന ഒരാള്‍ക്ക് മുമ്പ് എളുപ്പത്തില്‍ ചെയ്തിരുന്ന കാര്യങ്ങള്‍പോലും വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടാം.ഇത്തരം സാഹചര്യങ്ങളില്‍ കുറ്റപ്പെടുത്തലുകളോ നിരന്തരമായ ഉപദേശങ്ങളോ മാത്രം ഗുണകരമാകണമെന്നില്ല.

'നിനക്ക് എന്താണ് സംഭവിക്കുന്നത്? നമുക്ക് സഹായം തേടിയാലോ?' എന്ന സമീപനമായിരിക്കാം കൂടുതല്‍ അനുയോജ്യം.അതേസമയം എല്ലാ ക്ഷീണവും താല്‍പര്യക്കുറവും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണെന്ന് കരുതേണ്ടതില്ല. ശാരീരികാരോഗ്യ പ്രശ്‌നങ്ങളും മറ്റു ജീവിതസാഹചര്യങ്ങളും പരിശോധിക്കണം. മനഃശാസ്ത്രപരമായ വിലയിരുത്തലും ആവശ്യമായ വൈദ്യപരിശോധനയും വഴി പ്രശ്‌നത്തിന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയേണ്ടതുണ്ട്. ആയതിന് ബയോ-സൈക്കോ-സോഷ്യല്‍ മോഡല്‍ കൗണ്‍സലിങ് വളരെ ഉപകാരപ്രദമാണ്.

രോഗാവസ്ഥയെ മനസ്സിലാക്കുക; വ്യക്തിയെ രോഗിയായി മാത്രം കാണരുത്

ചില കുടുംബങ്ങളില്‍ ഒരാള്‍ക്ക് മാനസികരോഗം സ്ഥിരീകരിച്ചതിനുശേഷം ആ വ്യക്തിയോടുള്ള എല്ലാവരുടെയും സമീപനം മാറാറുണ്ട്.മുമ്പ് കുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ പങ്കെടുത്തിരുന്ന വ്യക്തിയെ പിന്നീട് അവയില്‍നിന്ന് ഒഴിവാക്കുന്നു.
അയാള്‍ പറയുന്ന കാര്യങ്ങളെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായി സംശയിക്കുന്നു. സ്വന്തം പണം കൈകാര്യം ചെയ്യാനോ ചെറിയ തീരുമാനങ്ങളെടുക്കാനോ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടാകാം. എന്നാല്‍ ഒരാള്‍ക്ക് മാനസികരോഗമുണ്ടെന്ന കാരണത്താല്‍ മാത്രം എല്ലാ തീരുമാനങ്ങളെടുക്കാനുള്ള കഴിവും നഷ്ടപ്പെടണമെന്നില്ല.ചില രോഗാവസ്ഥകള്‍ ചില സമയങ്ങളില്‍ തീരുമാനശേഷിയെ ബാധിച്ചേക്കാം. എന്നാല്‍ അത് വ്യക്തിയുടെ രോഗലക്ഷണങ്ങളും ആ സമയത്തെ അവസ്ഥയും തീരുമാനത്തിന്റെ സ്വഭാവവും അനുസരിച്ച് വിലയിരുത്തേണ്ടതാണ്.

partner who has mental health issues

ഒരു വ്യക്തിക്ക് ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ മനസ്സിലാക്കാനും അതിന്റെ ഫലങ്ങള്‍ തിരിച്ചറിയാനും സ്വന്തം നിലപാട് അറിയിക്കാനും കഴിയുന്നുണ്ടെങ്കില്‍ ആ തീരുമാനങ്ങളില്‍ അയാളുടെ പങ്കാളിത്തം പ്രധാനമാണ്. കുടുംബാംഗങ്ങള്‍ സഹായിക്കേണ്ടത് വ്യക്തിയുടെ ജീവിതം പൂര്‍ണമായി നിയന്ത്രിക്കുന്നതിനല്ല; ആവശ്യമായ പിന്തുണയോടെ അയാള്‍ക്ക് കഴിയുന്നത്ര സ്വതന്ത്രമായി ജീവിക്കാന്‍ സഹായിക്കുന്നതിനാണ്. രോഗമുള്ള ഒരാളെ പരിചരിക്കുമ്പോള്‍ അയാളുടെ രോഗലക്ഷണങ്ങള്‍ക്കൊപ്പം വ്യക്തിത്വവും ആത്മാഭിമാനവും ഇഷ്ടങ്ങളും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ട്.

Also Read:

യാഥാര്‍ഥ്യമല്ലാത്ത സംശയങ്ങള്‍ (Delusions) ഉണ്ടാകുമ്പോള്‍ എന്തുചെയ്യണം?

ചില മാനസികരോഗങ്ങളില്‍ വ്യക്തിയുടെ ചിന്തകളെയും യാഥാര്‍ഥ്യത്തെ വിലയിരുത്തുന്ന രീതിയെയും ബാധിക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. അതിലൊന്നാണ് Delusion അഥവാ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത, ശക്തമായി ഉറച്ചുനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍.
എന്നാല്‍ എല്ലാ സംശയങ്ങളും തെറ്റായ വിശ്വാസങ്ങളും Delusions ആകണമെന്നില്ല. അതിന്റെ സ്വഭാവം തിരിച്ചറിയാന്‍ വിദഗ്ധ വിലയിരുത്തല്‍ ആവശ്യമാണ്.ഉദാഹരണത്തിന്, ഭര്‍ത്താവ് തന്നെ ആരോ പിന്തുടരുന്നുണ്ടെന്നോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നോ ഉറച്ചുവിശ്വസിക്കുന്ന ഒരു സാഹചര്യം സങ്കല്‍പ്പിക്കാം.ഭാര്യക്ക് അത്തരമൊരു സംഭവം നടന്നതായി യാതൊരു തെളിവുമില്ല.
എന്നാല്‍ ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ആ ഭയം വളരെ യഥാര്‍ഥമായി അനുഭവപ്പെടുന്നുണ്ടാകാം.ഇത്തരം സാഹചര്യത്തില്‍ ഭാര്യ എന്തുചെയ്യണം?.'നിനക്ക് ഭ്രാന്താണ്, ഇതൊക്കെ നിന്റെ തോന്നലാണ്' എന്ന് പറഞ്ഞ് പരിഹസിക്കുന്നതോ നിരന്തരം തര്‍ക്കിക്കുന്നതോ സഹായകരമാകണമെന്നില്ല.അതുപോലെ തെളിവില്ലാത്ത സംശയങ്ങളെ യാഥാര്‍ഥ്യമാണെന്ന് അംഗീകരിച്ചുകൊടുക്കുന്നതും ഉചിതമല്ല.

പകരം ഇങ്ങനെ പറയാം:
'നിനക്ക് ഇതുകൊണ്ട് വലിയ ഭയമുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നു. എന്നാല്‍ എനിക്ക് അത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നമുക്ക് ഇതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കാം.' ഇവിടെ വ്യക്തിയുടെ ഭയത്തെ അംഗീകരിക്കുമ്പോഴും സംശയത്തെ ശരിവെക്കാതിരിക്കുകയാണ് വേണ്ടത്.ഇത്തരം ലക്ഷണങ്ങള്‍ക്കെല്ലാം ഒരേ രോഗമാണ് കാരണമെന്നില്ല. ചില മാനസികരോഗങ്ങള്‍ക്കൊപ്പം മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ലഹരിവസ്തുക്കളുടെ ഉപയോഗമോ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകാം.അതുകൊണ്ട് കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ആവശ്യമാണ്.

സ്‌നേഹവും പരിഗണനയും മാത്രം മതിയോ?

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിക്ക് കുടുംബത്തിന്റെ സ്‌നേഹവും പിന്തുണയും പ്രധാനമാണ്.എന്നാല്‍ എല്ലാ മാനസികരോഗങ്ങളും സ്‌നേഹവും പരിഗണനയും കൊണ്ടുമാത്രം പരിഹരിക്കാനാകുമെന്ന് കരുതരുത്.ചില രോഗാവസ്ഥകളില്‍ മനഃശാസ്ത്ര ചികിത്സകള്‍ പ്രധാനമായിരിക്കാം. മറ്റു ചില രോഗങ്ങളില്‍ മരുന്നുകളും ദീര്‍ഘകാല നിരീക്ഷണവും ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, ചില വിഷാദരോഗാവസ്ഥകളില്‍ മനഃശാസ്ത്ര ചികിത്സകള്‍ വളരെ ഫലപ്രദമാണ്. രോഗത്തിന്റെ തീവ്രതയും മറ്റു ഘടകങ്ങളും പരിഗണിച്ച് മരുന്നുകളും നിര്‍ദേശിക്കാം.

ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കിസോഫ്രീനിയ തുടങ്ങിയ ചില രോഗാവസ്ഥകളില്‍ മരുന്നുകളും മാനസിക-സാമൂഹിക ഇടപെടലുകളും പ്രധാന പങ്കുവഹിക്കുന്നു. മാനസികരോഗങ്ങള്‍ ഒരിക്കലും പൂര്‍ണമായി ഭേദമാകില്ലെന്ന പൊതുധാരണയും ശരിയല്ല. ചില രോഗങ്ങളില്‍ പൂര്‍ണമായ രോഗശമനം സാധ്യമാണ്. മറ്റു ചില രോഗങ്ങളില്‍ ദീര്‍ഘകാല ചികിത്സയിലൂടെയും തുടര്‍പരിചരണത്തിലൂടെയും രോഗലക്ഷണങ്ങള്‍ നിയന്ത്രിച്ച് വിദ്യാഭ്യാസം, തൊഴില്‍, കുടുംബജീവിതം തുടങ്ങിയ മേഖലകളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
എല്ലാവര്‍ക്കും ജീവിതകാലം മുഴുവന്‍ മരുന്ന് ആവശ്യമായി വരണമെന്നില്ല. ആവശ്യമായ ചികിത്സ രോഗത്തിന്റെ സ്വഭാവത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.

എന്നാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് പെട്ടെന്ന് നിര്‍ത്തുകയോ ഡോസ് മാറ്റുകയോ ചെയ്യുന്നത് ചില രോഗാവസ്ഥകളില്‍ രോഗലക്ഷണങ്ങള്‍ വീണ്ടും മൂര്‍ച്ഛിക്കാനും രോഗം ആവര്‍ത്തിക്കാനും കാരണമായേക്കാം. രോഗലക്ഷണങ്ങള്‍ കുറഞ്ഞുവെന്നതുകൊണ്ടുമാത്രം ചികിത്സ അവസാനിപ്പിക്കരുത്. മരുന്ന് കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച് തീരുമാനിക്കണം. മാനസികരോഗമുണ്ടെന്നത് ഒരാളുടെ ജീവിതത്തിലെ എല്ലാ സാധ്യതകളും അവസാനിച്ചുവെന്നതിന്റെ പ്രഖ്യാപനമല്ല. ശരിയായ ചികിത്സയും പിന്തുണയും ലഭിക്കുമ്പോള്‍ പലര്‍ക്കും അര്‍ത്ഥവത്തായ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.

partner who has mental health issues

മരുന്ന് കഴിക്കുന്നില്ലെങ്കില്‍ എന്തുചെയ്യണം?

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തികളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളിലൊന്നാണ് മരുന്നുകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍. ചിലര്‍ക്ക് മരുന്നുകളുടെ ആവശ്യകത മനസ്സിലാകണമെന്നില്ല. മറ്റുചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കാരണം മരുന്ന് തുടരാന്‍ ബുദ്ധിമുട്ടുണ്ടാകാം.ചില രോഗാവസ്ഥകളില്‍ തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവുതന്നെ കുറവായിരിക്കാം.ഇത്തരം സാഹചര്യങ്ങളില്‍ നിരന്തരം കുറ്റപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ചികിത്സയോടുള്ള എതിര്‍പ്പ് വര്‍ധിപ്പിച്ചേക്കാം.
മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കണം.

പാര്‍ശ്വഫലങ്ങളുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണം.
ആവശ്യമായപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് മരുന്നിന്റെ സമയക്രമം ഓര്‍മിപ്പിക്കാം. എന്നാല്‍ വ്യക്തിയുടെ സമ്മതമില്ലാതെ രഹസ്യമായി ഭക്ഷണത്തിലോ പാനീയത്തിലോ മരുന്ന് കലര്‍ത്തി നല്‍കുന്നത് പതിവ് പരിചരണരീതിയായി സ്വീകരിക്കരുത്.ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ വ്യക്തിയുടെ അവകാശങ്ങളും തീരുമാനശേഷിയും പരിഗണിക്കേണ്ടതുണ്ട്. ചില ഗുരുതരമായ അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക നിയമനടപടികള്‍ ബാധകമായേക്കാം. അത്തരം തീരുമാനങ്ങള്‍ യോഗ്യതയുള്ള ആരോഗ്യവിദഗ്ധരും നിയമപ്രകാരം അധികാരമുള്ളവരുമാണ് കൈകാര്യം ചെയ്യേണ്ടത്. മരുന്ന് തുടരുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുന്നതിനു പകരം ചികിത്സിക്കുന്ന ഡോക്ടറുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം.മരുന്ന് കഴിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമാണ് വ്യക്തിക്ക് തന്റെ ചികിത്സ മനസ്സിലാക്കാനും അതില്‍ പങ്കാളിയാകാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.

Also Read:

കുടുംബത്തിന്റെ പെരുമാറ്റം രോഗാവസ്ഥയെ സ്വാധീനിക്കുമോ?

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിയുടെ കുടുംബാന്തരീക്ഷത്തിന് ചികിത്സയിലും രോഗമുക്തിയിലും പ്രാധാന്യമുണ്ടാകാം.നിരന്തരമായ വിമര്‍ശനങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, ശത്രുതാപരമായ പെരുമാറ്റം, അമിതമായ നിയന്ത്രണം തുടങ്ങിയവ ചില രോഗാവസ്ഥകളില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചേക്കാം. മനഃശാസ്ത്രത്തില്‍ കുടുംബത്തിലെ ഇത്തരം വൈകാരിക പ്രതികരണങ്ങളെക്കുറിച്ച് പഠിക്കുന്ന ആശയമാണ് Expressed Emotion. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. സ്‌നേഹം തുറന്നുപറയുന്നതല്ല പ്രശ്‌നം. നിരന്തരമായ വിമര്‍ശനവും ശത്രുതയും വ്യക്തിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന അമിത ഇടപെടലുകളുമാണ് ചില സാഹചര്യങ്ങളില്‍ പ്രതികൂലമായി പ്രവര്‍ത്തിക്കുന്നത്.

2024-ല്‍ പ്രസിദ്ധീകരിച്ച ഒരു കോക്രേന്‍ ഗവേഷണാവലോകനം സ്‌കിസോഫ്രീനിയ പോലുള്ള രോഗാവസ്ഥകളില്‍ കുടുംബാംഗങ്ങള്‍ക്ക് രോഗത്തെക്കുറിച്ച് അറിവും പിന്തുണയും നല്‍കുന്ന ഇടപെടലുകള്‍ രോഗം വീണ്ടും മൂര്‍ച്ഛിക്കുന്നതിന്റെ സാധ്യത കുറയ്ക്കാനും പരിചരിക്കുന്നവരുടെ മാനസികഭാരം ലഘൂകരിക്കാനും സഹായിച്ചേക്കാമെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഈ കണ്ടെത്തലുകള്‍ എല്ലാ മാനസികരോഗങ്ങള്‍ക്കും ഒരുപോലെ ബാധകമാകണമെന്നില്ല.
അതുപോലെ, കുടുംബാംഗങ്ങളുടെ തെറ്റായ പെരുമാറ്റമാണ് രോഗത്തിന് കാരണമായതെന്ന് വിലയിരുത്താനും പാടില്ല.കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്. എന്നാല്‍ രോഗത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കുടുംബാംഗങ്ങളുടെ ചുമലില്‍ ഏല്‍പ്പിക്കുന്നത് ശരിയല്ല.

'അസുഖമല്ലേ, എന്തുപറഞ്ഞാലും സഹിക്കണം' എന്ന സമീപനം ശരിയാണോ?

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിയോട് ക്ഷമയോടെയും മനസ്സിലാക്കലുകളോടെയും പെരുമാറേണ്ടത് പ്രധാനമാണ്.
ക്ഷമയും സഹനശക്തിയും നല്ലതാണ്; എന്നാല്‍ അതിനായി സ്വന്തം സുരക്ഷയോ ആത്മാഭിമാനമോ ബലികഴിക്കേണ്ടതില്ല.
ഒരു സാഹചര്യം നോക്കാം.
ബൈപോളാര്‍ ഡിസോര്‍ഡറുള്ള ഒരു വ്യക്തിക്ക് രോഗാവസ്ഥയുടെ ചില ഘട്ടങ്ങളില്‍ ഉറക്കം വളരെ കുറയുകയും അമിതമായ ഊര്‍ജവും ആവേശവും അനുഭവപ്പെടുകയും ചെയ്യുന്നു. സാമ്പത്തികമായി അപകടസാധ്യതയുള്ള തീരുമാനങ്ങളെടുക്കാനും സാധ്യതയുണ്ട്.
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ ആശങ്കയും സമ്മര്‍ദവുമുണ്ടാകാം.രോഗലക്ഷണങ്ങളെ മനസ്സിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യണം.എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തികസുരക്ഷിതത്വം അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ അതിനെക്കുറിച്ച് വ്യക്തമായ മുന്‍കരുതലുകളും ആവശ്യമാണ്.രോഗം നിയന്ത്രണത്തിലുള്ള സമയത്ത് വ്യക്തിയുമായി ചേര്‍ന്ന് സാമ്പത്തിക തീരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ധാരണകള്‍ ഉണ്ടാക്കാം.

രോഗലക്ഷണങ്ങള്‍ വീണ്ടും രൂക്ഷമാകുമ്പോള്‍ ആരെയാണ് ബന്ധപ്പെടേണ്ടതെന്നും എന്തൊക്കെ സഹായങ്ങളാണ് ആവശ്യമായേക്കാവുന്നതെന്നും മുന്‍കൂട്ടി തീരുമാനിക്കാം.
ഇത് രോഗമുള്ള വ്യക്തിയെ ശിക്ഷിക്കുന്നതല്ല. അയാളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ്.


അതേസമയം ഒരു വ്യക്തി ഭീഷണിപ്പെടുത്തുകയോ ശാരീരികമായി ആക്രമിക്കുകയോ ലൈംഗികമായി നിര്‍ബന്ധിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് രോഗത്തിന്റെ പേരില്‍ നിസ്സാരവല്‍ക്കരിക്കരുത്.രോഗലക്ഷണങ്ങളെ മനസ്സിലാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്നാല്‍ അതിക്രമങ്ങള്‍ നിശ്ശബ്ദമായി സഹിക്കാനുള്ള ബാധ്യത അതുകൊണ്ടുമാത്രം ഉണ്ടാകുന്നില്ല.
മാനസികരോഗമുള്ള ഭൂരിഭാഗം ആളുകളും അക്രമാസക്തരല്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ഒരു രോഗനിര്‍ണയം മാത്രം അടിസ്ഥാനമാക്കി ഒരാളെ അപകടകാരിയായി ചിത്രീകരിക്കുന്നത് വലിയ അനീതിയാണ്.

partner who has mental health issues

രോഗമുള്ള പങ്കാളിയോടൊപ്പം ജീവിക്കണോ, വേര്‍പിരിയണോ?

ദാമ്പത്യ കൗണ്‍സലിങ്ങില്‍ ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം സമീപിക്കുന്ന / സമീപിക്കേണ്ട ചോദ്യമാണിത്.ഒരു പങ്കാളിക്ക് മാനസികരോഗമുണ്ടെന്ന കാരണത്താല്‍ മാത്രം ബന്ധം അവസാനിപ്പിക്കണമെന്ന നിര്‍ദേശം നല്‍കാനാവില്ല. അതുപോലെ രോഗമുണ്ടല്ലോ എന്ന കാരണത്താല്‍ എന്തുസാഹചര്യത്തിലും ബന്ധത്തില്‍ തുടരണമെന്ന് നിര്‍ബന്ധിക്കാനും കഴിയില്ല. ഓരോ ദാമ്പത്യബന്ധത്തിന്റെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, വിഷാദരോഗത്തിന് ചികിത്സയിലുള്ള ഒരു ഭര്‍ത്താവിനെ പരിഗണിക്കാം. അയാള്‍ക്ക് കുറച്ചുകാലമായി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ കുടുംബജീവിതത്തില്‍ പഴയതുപോലെ സജീവമായി പങ്കെടുക്കാനോ കഴിയുന്നില്ല.
ഭാര്യക്ക് കുടുംബത്തിന്റെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. എന്നാല്‍ ഭര്‍ത്താവ് ചികിത്സ സ്വീകരിക്കുന്നുണ്ട്. ഭാര്യയോടുള്ള ബഹുമാനവും അടുപ്പവും നിലനില്‍ക്കുന്നു. കുടുംബാംഗങ്ങള്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സഹായിക്കാന്‍ തയ്യാറാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ചികിത്സയും കുടുംബപിന്തുണയും ക്രമീകരിച്ച് ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധ്യതയുണ്ട്.
ഇനി മറ്റൊരു സാഹചര്യം നോക്കാം.

ഒരു സ്ത്രീ വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ നിരന്തരമായ ഭീഷണികളും ശാരീരിക അതിക്രമങ്ങളും അനുഭവിക്കുന്നു. കുട്ടികളും ഭയത്തോടെയാണ് വീട്ടില്‍ കഴിയുന്നത്.ഭര്‍ത്താവിന് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍ ആ രോഗനിര്‍ണയം മാത്രം അടിസ്ഥാനമാക്കി ഭാര്യയും കുട്ടികളും അപകടകരമായ സാഹചര്യത്തില്‍ തുടരണമെന്ന് പറയാനാവില്ല.ഇവിടെ ആദ്യം പരിഗണിക്കേണ്ടത് അവരുടെ സുരക്ഷിതത്വമാണ്.ആവശ്യമായ സാഹചര്യങ്ങളില്‍ സുരക്ഷിതമായ താമസസ്ഥലം, നിയമപരമായ സഹായം, വ്യക്തിഗത കൗണ്‍സലിംഗ്, അടിയന്തരസേവനങ്ങള്‍ തുടങ്ങിയവ ആവശ്യമായി വന്നേക്കാം.മാനസികരോഗമുള്ള പങ്കാളിയോടൊപ്പം തുടരണമോ എന്ന തീരുമാനത്തില്‍ രോഗനിര്‍ണയത്തിന്റെ പേരിനേക്കാള്‍ പ്രധാനമാണ് ബന്ധത്തിലെ യഥാര്‍ഥ സാഹചര്യം.

വ്യക്തിയുടെ ഇപ്പോഴത്തെ രോഗാവസ്ഥ എങ്ങനെയാണ്? ചികിത്സ ലഭിക്കുന്നുണ്ടോ? ചികിത്സയോടുള്ള സഹകരണം എത്രത്തോളമുണ്ട്? പങ്കാളിക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമുണ്ടോ? പരസ്പര ബഹുമാനം നിലനില്‍ക്കുന്നുണ്ടോ? കുടുംബത്തിന് ആവശ്യമായ പിന്തുണ ലഭ്യമാണോ?ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.ചിലപ്പോള്‍ ഒരുമിച്ച് താമസിച്ചുകൊണ്ടുതന്നെ ചികിത്സയും കുടുംബപിന്തുണയും ക്രമീകരിക്കാം.മറ്റുചില സാഹചര്യങ്ങളില്‍ താല്‍ക്കാലികമായി വേര്‍തിരിച്ച് താമസിക്കുന്നത് ഉചിതമായേക്കാം. ഗുരുതരമായ അപകടസാധ്യതയുണ്ടെങ്കില്‍ ബന്ധം തുടരാതിരിക്കുന്നതും ഒരു വ്യക്തിയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആവശ്യമായ തീരുമാനമായിരിക്കാം.ഇവിടെ വേര്‍തിരിച്ച് താമസിക്കുന്നത് എല്ലായ്‌പ്പോഴും രോഗമുള്ള വ്യക്തിയെ പൂര്‍ണമായി ഉപേക്ഷിക്കുന്നതിന് തുല്യമല്ല.വ്യക്തിയുടെ സുരക്ഷയും സമ്മതവും പരിഗണിച്ച് കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യസംവിധാനങ്ങള്‍ക്കോ ആവശ്യമായ പരിചരണം ക്രമീകരിക്കാന്‍ സാധിച്ചേക്കാം.എന്നാല്‍ വിവാഹമോചനമോ മറ്റു നിയമനടപടികളോ ഉള്‍പ്പെടുന്ന തീരുമാനങ്ങള്‍ വ്യക്തിയുടെ സാഹചര്യത്തിനും ബാധകമായ നിയമങ്ങള്‍ക്കും അനുസരിച്ച് വിദഗ്‌ധോപദേശത്തോടെ എടുക്കേണ്ടതാണ്.

രോഗമുള്ള വ്യക്തിയെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം ആരാണ് പരിഗണിക്കേണ്ടത്?

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നമുണ്ടാകുമ്പോള്‍ ആ വ്യക്തിയെ പരിചരിക്കുന്നവരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാകാം. ചിലര്‍ക്ക് ജോലി സമയങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. മറ്റു ചിലര്‍ക്ക് കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ കൂടുതല്‍ ഏറ്റെടുക്കേണ്ടിവരും.
ചികിത്സയ്ക്കുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍, മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, രോഗലക്ഷണങ്ങളിലെ മാറ്റങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയവയും തുടര്‍ച്ചയായ ഉത്തരവാദിത്തങ്ങളായി മാറാം.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ പരിചരിക്കുന്ന വ്യക്തിക്ക് നിരാശയും ഉത്കണ്ഠയും അനുഭവപ്പെടാം.ഇതിനെയാണ് Caregiver Burden അഥവാ പരിചരണവുമായി ബന്ധപ്പെട്ട ഭാരം എന്നു വിശേഷിപ്പിക്കുന്നത്.

ചിലര്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ പുറത്തുപറയാന്‍ പോലും മടിക്കുന്നു.
'അദ്ദേഹത്തിന് അസുഖമുള്ളപ്പോള്‍ ഞാന്‍ എന്റെ വിഷമങ്ങള്‍ പറയുന്നത് ശരിയാണോ?' എന്ന കുറ്റബോധമായിരിക്കാം അതിനു പിന്നില്‍.
എന്നാല്‍ പരിചരിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിനും തുല്യപ്രാധാന്യമുണ്ട്.ആവശ്യമായ വിശ്രമം, കുടുംബാംഗങ്ങളില്‍നിന്നുള്ള സഹായം, കൗണ്‍സലിംഗ്, ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കാനുള്ള സംവിധാനം എന്നിവ പരിചരണഭാരം കുറയ്ക്കാന്‍ സഹായിച്ചേക്കാം.
മറ്റൊരാളെ നന്നായി പരിചരിക്കണമെങ്കില്‍ സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യവും മറക്കരുത്

മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാനസികരോഗമുണ്ടാകുമ്പോള്‍ കുട്ടികളുടെ ജീവിതത്തിലും അതിന്റെ സ്വാധീനമുണ്ടാകാം.എന്നാല്‍ മാനസികരോഗമുള്ള മാതാപിതാക്കളുടെ എല്ലാ കുട്ടികള്‍ക്കും മാനസികപ്രശ്‌നങ്ങളുണ്ടാകുമെന്നോ അത്തരം കുടുംബങ്ങളില്‍ ആരോഗ്യകരമായ വളര്‍ച്ച സാധ്യമല്ലെന്നോ കരുതേണ്ടതില്ല.
കുട്ടികള്‍ക്ക് ലഭിക്കുന്ന പിന്തുണയും കുടുംബാന്തരീക്ഷവും മറ്റു സംരക്ഷണഘടകങ്ങളും പ്രധാനമാണ്.കുട്ടികള്‍ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ വിശദീകരണം നല്‍കണം.

'അച്ഛന് ഇപ്പോള്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനാണ് ചികിത്സയെടുക്കുന്നത്' എന്നിങ്ങനെ ലളിതമായി കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാം.രോഗവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കുട്ടികളുമായി പങ്കുവെക്കേണ്ടതില്ല. എന്നാല്‍ അവരെ പൂര്‍ണമായും ആശയക്കുഴപ്പത്തിലാക്കുന്നതും ഒഴിവാക്കണം.
അതുപോലെ രോഗമുള്ള മാതാപിതാവിനെ പരിചരിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്തവും കുട്ടിയുടെ ചുമലില്‍ ഏല്‍പ്പിക്കരുത്.
കുട്ടിയുടെ പഠനം, ഉറക്കം, സൗഹൃദങ്ങള്‍, വിനോദങ്ങള്‍, വൈകാരികസുരക്ഷിതത്വം എന്നിവ സംരക്ഷിക്കപ്പെടണം.
കുട്ടിക്ക് ഭയമോ കുറ്റബോധമോ മാനസികപ്രയാസങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആവശ്യമായ മനഃശാസ്ത്ര പിന്തുണ നല്‍കേണ്ടതുണ്ട്.

മതപരവും നിയമപരവുമായ സമീപനങ്ങളില്‍ ശ്രദ്ധിക്കേണ്ടത്.

മാനസികരോഗമുള്ള വ്യക്തിയോടുള്ള കരുണയും മനസ്സിലാക്കലും പല സാമൂഹിക-മതപരമായ പാരമ്പര്യങ്ങളിലും പ്രാധാന്യമുള്ള വിഷയങ്ങളാണ്.എന്നാല്‍ എല്ലാ മതങ്ങളിലും എല്ലാ മാനസികരോഗങ്ങള്‍ക്കും ഒരേ രീതിയിലുള്ള ഇളവുകളാണുള്ളതെന്ന് പൊതുവായി പറയാനാവില്ല.വ്യക്തിയുടെ രോഗാവസ്ഥയും തീരുമാനശേഷിയും പ്രവൃത്തികളുടെ സ്വഭാവവും ബന്ധപ്പെട്ട വ്യവസ്ഥകളും അനുസരിച്ചായിരിക്കും വിലയിരുത്തല്‍.
നിയമപരമായ സാഹചര്യങ്ങളിലും ഇതേ ശ്രദ്ധ ആവശ്യമാണ്.
ഇന്ത്യയിലെ ങലിമേഹ ഒലമഹവേരമൃല അര,േ 2017 മാനസികരോഗമുള്ള വ്യക്തികളുടെ അന്തസ്സും ചികിത്സ ലഭിക്കാനുള്ള അവകാശവും സ്വകാര്യതയും വിവേചനമില്ലാത്ത പരിഗണനയും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. മാനസികരോഗമുണ്ടെന്ന കാരണത്താല്‍ മാത്രം ഒരാള്‍ക്ക് സ്വന്തം ചികിത്സയെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും എടുക്കാന്‍ കഴിവില്ലെന്ന് കരുതാനാവില്ല.

അതേസമയം മാനസികരോഗനിര്‍ണയം എല്ലാ പ്രവൃത്തികള്‍ക്കും പൊതുവായ നിയമപരമായ ഇളവ് നല്‍കുന്നതുമല്ല.വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സുരക്ഷിതത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
ഒരു വ്യക്തിക്ക് മാനസികരോഗമുണ്ടെന്ന വിവരം സാമൂഹികമാധ്യമങ്ങളിലോ പൊതുവിടങ്ങളിലോ അനാവശ്യമായി വെളിപ്പെടുത്തുന്നതും സ്വകാര്യതയെ ബാധിച്ചേക്കാം.
മാനസികാരോഗ്യ പ്രശ്‌നമുള്ള ഒരാളെ ബഹുമാനത്തോടെ പരിഗണിക്കുക എന്നത് അയാളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും കൂടിയാണ്.

partner who has mental health issues

സഹായം തേടേണ്ടത് എപ്പോഴാണ്?

മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അവ ഗുരുതരമാകുന്നതുവരെ ചികിത്സ മാറ്റിവെക്കേണ്ടതില്ല.
ഉറക്കത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങള്‍, നിരന്തരമായ വിഷാദം, കടുത്ത ഉത്കണ്ഠ, യാഥാര്‍ഥ്യബോധത്തിലെ മാറ്റങ്ങള്‍, സ്വയം പരിചരിക്കാനുള്ള കഴിവ് കുറയുക തുടങ്ങിയവയുണ്ടെങ്കില്‍ വിദഗ്ധപരിശോധന ആവശ്യമായേക്കാം.അതുപോലെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളോ ഭീഷണികളോ, മറ്റൊരാള്‍ക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന ഭീഷണികളോ, അടിയന്തര ചികിത്സ ആവശ്യമായ തരത്തിലുള്ള പെരുമാറ്റമാറ്റങ്ങളോ ഉണ്ടെങ്കില്‍ സാഹചര്യം ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
അത്തരം സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ മാത്രം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ അടിയന്തര മെഡിക്കല്‍ സഹായം തേടണം.
ചികിത്സ സ്വീകരിക്കുന്ന വ്യക്തിയുടെ ലക്ഷണങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങളുണ്ടായാലും ചികിത്സിക്കുന്ന ഡോക്ടറെ അറിയിക്കേണ്ടതുണ്ട്.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സഹായം തേടുന്നത് ദൗര്‍ബല്യമല്ല. പ്രശ്‌നം തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്.

കരുതലിനൊപ്പം വ്യക്തമായ അതിരുകളും വേണം

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിയെ പരിഗണിക്കുന്നതില്‍ സ്‌നേഹത്തിനും ക്ഷമയ്ക്കും വലിയ പ്രാധാന്യമുണ്ട്.എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ വ്യക്തിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ നിരന്തരം നിയന്ത്രിക്കുകയോ ചെയ്യുന്നത് ശരിയല്ല.അതുപോലെ രോഗമുള്ള വ്യക്തിയെ പരിചരിക്കുന്നതിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും പൂര്‍ണമായി അവഗണിക്കാനും പാടില്ല.ഇവിടെ ആവശ്യമായത് കരുതലിനൊപ്പം വ്യക്തമായ അതിരുകളുമാണ്.എന്തൊക്കെ കാര്യങ്ങളില്‍ സഹായം നല്‍കാന്‍ കഴിയും? എന്തൊക്കെ സാഹചര്യങ്ങളില്‍ വിദഗ്ധസഹായം ആവശ്യമാണ്? കുടുംബാംഗങ്ങള്‍ക്ക് താങ്ങാനാകാത്ത സാഹചര്യമുണ്ടെങ്കില്‍ ആരുടെ പിന്തുണ തേടാം? സുരക്ഷിതത്വം അപകടത്തിലാകുമ്പോള്‍ എന്തുചെയ്യണം? ഇത്തരം കാര്യങ്ങളെക്കുറിച്ച് കുടുംബത്തിനും ചികിത്സാസംഘത്തിനും വ്യക്തമായ ധാരണയുണ്ടാകുന്നത് സഹായകരമാണ്.

മാനസികാരോഗ്യ പ്രശ്‌നമുള്ള വ്യക്തിയുടെ തീരുമാനശേഷിയും സമ്മതവും പരിഗണിച്ച് കുടുംബാംഗങ്ങളെ ചികിത്സാപദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ചില സാഹചര്യങ്ങളില്‍ വ്യക്തിഗത കൗണ്‍സലിംഗ് സഹായകരമാകും. മറ്റു ചിലപ്പോള്‍ കുടുംബാംഗങ്ങള്‍ക്കുള്ള സൈക്കോ എജ്യുക്കേഷനും പിന്തുണയും ആവശ്യമായേക്കാം.ദാമ്പത്യത്തിലെ സാധാരണ ആശയവിനിമയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ Couple Counselling സഹായിച്ചേക്കാം. എന്നാല്‍ ഭീഷണിയോ അതിക്രമമോ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ സംയുക്ത കൗണ്‍സലിംഗ് സുരക്ഷിതമാണോ എന്ന് ആദ്യം വിലയിരുത്തണം.

ഓരോ കുടുംബത്തിനും ഒരേ പരിഹാരമല്ല അനുയോജ്യം.

ഒടുവില്‍, രോഗത്തെ മനസ്സിലാക്കുമ്പോള്‍ മനുഷ്യനെയും മറക്കരുത്
മാനസികരോഗമുള്ള ഒരാളെ പരിഗണിക്കുമ്പോള്‍ ആദ്യം തിരിച്ചറിയേണ്ടത് അയാളും നമ്മളെപ്പോലെ വികാരങ്ങളും ആഗ്രഹങ്ങളും ആത്മാഭിമാനവും ബന്ധങ്ങളും ജീവിതലക്ഷ്യങ്ങളുമുള്ള ഒരു വ്യക്തിയാണെന്നതാണ്.ഒരു രോഗനിര്‍ണയംകൊണ്ട് അയാളുടെ മുഴുവന്‍ വ്യക്തിത്വത്തെയും നിര്‍വചിക്കരുത്. അതുപോലെ ആ വ്യക്തിയെ പരിചരിക്കുന്നവരുടെ വേദനയും മനോവിഷമങ്ങളും അവഗണിക്കരുത്.മാനസികരോഗം ഒരാളുടെ ജീവിതത്തിന്റെ അവസാനമല്ല. ശരിയായ ചികിത്സയും ആവശ്യമായ പിന്തുണയും ലഭിക്കുമ്പോള്‍ പലര്‍ക്കും കുടുംബത്തോടൊപ്പവും സമൂഹത്തിലും അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ കഴിയും.എന്നാല്‍ ആ യാത്രയില്‍ പങ്കാളിയോ മാതാപിതാക്കളോ മക്കളോ സ്വന്തം മാനസികാരോഗ്യവും സുരക്ഷിതത്വവും അവകാശങ്ങളും ബലികഴിക്കേണ്ടതില്ല.

കരുതലും പരസ്പരമുള്ള മനസ്സിലാക്കലും വ്യക്തമായ അതിരുകളും (Boundaries) ഒരുപോലെ പ്രധാനമാണ്.മാനസികരോഗമുള്ള ഒരാളോടൊപ്പം ജീവിക്കുക എന്നത് എല്ലാ സാഹചര്യങ്ങളിലും അസാധ്യമാണെന്ന ധാരണ തെറ്റാണ്. അതുപോലെ ഏതു സാഹചര്യത്തിലും ആ ബന്ധത്തില്‍ തുടര്‍ന്നേ മതിയാകൂ എന്ന ചിന്തയും ശരിയല്ല.ചില ബന്ധങ്ങളില്‍ ചികിത്സയും പരസ്പര പിന്തുണയും വഴി ജീവിതം മെച്ചപ്പെടുത്താന്‍ സാധിച്ചേക്കാം. മറ്റു ചില സാഹചര്യങ്ങളില്‍ വേര്‍തിരിച്ചുള്ള താമസമോ അധിക സഹായസംവിധാനങ്ങളോ ആവശ്യമായേക്കാം.ഒടുവില്‍ നമ്മള്‍ സ്വയം ചോദിക്കേണ്ടത് രണ്ട് ചോദ്യങ്ങളാണ്.രോഗമുള്ള വ്യക്തിക്ക് അന്തസ്സോടെയും ആവശ്യമായ ചികിത്സയോടെയും ജീവിക്കാന്‍ കഴിയുന്നുണ്ടോ? അതോടൊപ്പം ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷിതമായും മാനസികസമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്നുണ്ടോ?ഈ രണ്ടു ചോദ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുമ്പോഴാണ് കൂടുതല്‍ നീതിപൂര്‍വമായ തീരുമാനങ്ങളിലേക്ക് എത്താന്‍ കഴിയുന്നത്.
മാനസികരോഗം ഒരാളെ സ്‌നേഹിക്കാതിരിക്കാനുള്ള കാരണമാകരുത്. അതുപോലെ സ്‌നേഹത്തിന്റെ പേരില്‍ മറ്റൊരാള്‍ സ്വന്തം ജീവിതം മുഴുവന്‍ വേദനയില്‍ കഴിച്ചുകൂട്ടേണ്ടതുമില്ല.യഥാര്‍ഥമായ കരുതല്‍ രോഗമുള്ള ഒരാളുടെ ബുദ്ധിമുട്ടുകളെ മാത്രം മനസ്സിലാക്കുന്നതല്ല; ആ രോഗാവസ്ഥയ്‌ക്കൊപ്പം ജീവിക്കുന്ന എല്ലാവരുടെയും മാനുഷികമായ ആവശ്യങ്ങളെയും അവകാശങ്ങളെയും ഒരുപോലെ പരിഗണിക്കുന്നതുകൂടിയാണ്.

Content Highlights :Should you continue your life with a partner who has mental health issues? How can you protect your own safety and mental well-being while also understanding their condition? Things that family members and society need to be aware of

dot image
To advertise here,contact us
dot image