ലോകമെമ്പാടുമുള്ള 220-ലധികം പൊലീസ് മേധാവികൾ ഒരേ വേദിയിൽ; ദുബായിൽ ലോക പൊലീസ് ഉച്ചകോടിക്ക് തുടക്കം

പൊലീസ് നേതൃത്വം, പ്രതിസന്ധി പ്രതിരോധം, റോഡ് സുരക്ഷ, ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടൽ തുടങ്ങി ഏഴ് പ്രധാന മേഖലകളിലാണ് ഉച്ചകോടിയിൽ ചർച്ചകൾ നടക്കുന്നത്

ലോകമെമ്പാടുമുള്ള 220-ലധികം പൊലീസ് മേധാവികൾ ഒരേ വേദിയിൽ; ദുബായിൽ ലോക പൊലീസ് ഉച്ചകോടിക്ക് തുടക്കം
dot image

ആഗോള സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായുള്ള അഞ്ചാമത് ലോക പൊലീസ് ഉച്ചകോടിക്ക് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ലോകമെമ്പാടുമുള്ള 220-ലധികം പൊലീസ് മേധാവികളും സുരക്ഷാ വിദഗ്ധരുമാണ് ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 'ഭാവി തലമുറകളെ സംരക്ഷിക്കുന്നതിനായി ആഗോള പൊലീസിംഗിനെ ഒന്നിപ്പിക്കൽ' എന്നാണ് ഉച്ചകോടിയുടെ പ്രമേയം.

പൊലീസ് നേതൃത്വം, പ്രതിസന്ധി പ്രതിരോധം, റോഡ് സുരക്ഷ, ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടൽ തുടങ്ങി ഏഴ് പ്രധാന മേഖലകളിലാണ് ഉച്ചകോടിയിൽ ചർച്ചകൾ നടക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളിലൂടെ അന്താരാഷ്ട്ര സംഘങ്ങൾ പ്രതിവർഷം 870 ബില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിനുപുറമെ, സൈബർ കുറ്റകൃത്യങ്ങൾ വഴി ലോകത്തിന് പ്രതിവർഷം 10.5 ട്രില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. ഈ സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ നടന്ന ശേഷം അന്വേഷിക്കുന്നതിന് പകരം അവ മുൻകൂട്ടി തടയുന്നതിലേക്കാണ് പോലീസ് സേനകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഉച്ചകോടി വിലയിരുത്തി.

സൈബർ തട്ടിപ്പുകൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെ ഫലപ്രദമായി നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇതിനായി വിവിധ രാജ്യങ്ങൾ രഹസ്യാന്വേഷണ വിവരങ്ങളും സാങ്കേതിക വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കണമെന്ന് പ്രമുഖർ ആവശ്യപ്പെട്ടു. കൂടാതെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സംവിധാനങ്ങളെയും കോർത്തിണക്കിയുള്ള സംരക്ഷണ രീതികൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ഉച്ചകോടിയിൽ ചർച്ചയായി.

Also Read:

സമ്മേളനത്തോടനുബന്ധിച്ച് 170-ലധികം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രത്യേക സാങ്കേതിക പ്രദർശനവും ദുബായിൽ ഒരുക്കിയിട്ടുണ്ട്. നിർമ്മിത ബുദ്ധി (AI), ഡ്രോണുകൾ, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്ന സംവിധാനങ്ങൾ, മുഖവും വിരലടയാളവും തിരിച്ചറിയുന്ന അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ കുറ്റാന്വേഷണ രംഗത്തെ പുതിയ സാങ്കേതികവിദ്യകളാണ് പ്രദർശനത്തിൽ അണിനിരത്തിയിരിക്കുന്നത്.

Content Highlights: Dubai hosts the fifth World Police Summit, bringing together more than 220 police and security leaders from over 90 countries to discuss global security challenges.

dot image
To advertise here,contact us
dot image