ഒറ്റമാസം കൊണ്ട് 27,863 കോടിയുടെ കയറ്റുമതി; വിദേശ വിപണിയിൽ തിളങ്ങി ഇന്ത്യൻ സ്വർണാഭരണങ്ങളും രത്നങ്ങളും

വെള്ളിയാഭരണങ്ങൾക്കും ലാബ് ഗ്രോൺ ഡയമണ്ടുകൾക്കും വിദേശ വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചു

ഒറ്റമാസം കൊണ്ട് 27,863 കോടിയുടെ കയറ്റുമതി; വിദേശ വിപണിയിൽ തിളങ്ങി ഇന്ത്യൻ സ്വർണാഭരണങ്ങളും രത്നങ്ങളും
dot image

ഇന്ത്യയുടെ രത്ന, ആഭരണ കയറ്റുമതി മേഖലയിൽ വൻ മുന്നേറ്റം. ഒക്ടോബറിൽ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി 34.01 ശതമാനം വർധിച്ച് 27,862.82 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19,253.60 കോടി രൂപയായിരുന്ന കയറ്റുമതിയിലാണ് ഇത്തവണ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയത്.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വിദേശ വിപണികളിൽ ഇന്ത്യൻ ആഭരണങ്ങൾക്ക് ലഭിച്ച ശക്തമായ ആവശ്യമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് സ്വർണാഭരണങ്ങളുടെ കയറ്റുമതിയിലുണ്ടായ വർധനയാണ്. ഒക്ടോബറിൽ ഗോൾഡ് ജ്വല്ലറി കയറ്റുമതി 48.20 ശതമാനം ഉയർന്ന് 1.26 ബില്യൺ ഡോളറിലെത്തി.

രത്നങ്ങൾ പതിപ്പിച്ച സ്വർണാഭരണങ്ങളുടെ കയറ്റുമതിയാണ് കൂടുതൽ തിളങ്ങിയത്. ഈ വിഭാഗത്തിൽ 67.30 ശതമാനത്തിന്റെ വൻ വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, പ്ലെയിൻ ഗോൾഡ് ജ്വല്ലറി കയറ്റുമതിയും 17.54 ശതമാനം ഉയർന്നു.

വെള്ളിയാഭരണങ്ങൾക്കും ലാബ് ഗ്രോൺ ഡയമണ്ടുകൾക്കും വിദേശ വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ചു. വെള്ളിയാഭരണങ്ങളുടെ കയറ്റുമതി 55.52 ശതമാനം വർധിച്ചപ്പോൾ പോളിഷ് ചെയ്ത ലാബ് ഗ്രോൺ ഡയമണ്ടുകളുടെ കയറ്റുമതിയിൽ 81.02 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

സ്വാഭാവിക വജ്ര വിപണിയിലും പ്രതീക്ഷ നൽകുന്ന മുന്നേറ്റമുണ്ട്. കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് കയറ്റുമതി 10.50 ശതമാനം വർധിച്ച് 1.13 ബില്യൺ ഡോളറിലെത്തി. വിപണികൾ പരിശോധിച്ചാൽ ഹോങ്കോങ്ങിലേക്കുള്ള കയറ്റുമതിയിൽ 18.80 ശതമാനവും അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 14.87 ശതമാനവും വർധനയുണ്ടായി. എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യുഎഇയിലേക്കുള്ള കയറ്റുമതി 10.27 ശതമാനം കുറഞ്ഞത് അല്പം ആശങ്കയാകുന്നുണ്ട്.

2026 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസക്കാലയളവിൽ ഇന്ത്യയുടെ മൊത്തം രത്ന, ആഭരണ കയറ്റുമതി 7.28 ശതമാനം വളർന്ന് 17.22 ബില്യൺ ഡോളറിലെത്തി. അതേസമയം, കഴിഞ്ഞ വർഷം ഒക്ടോബറിൽ ദീപാവലി വന്നതിനാൽ ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ദീപാവലി നവംബറിലായതിനാൽ ഒക്ടോബറിൽ കൂടുതൽ ദിവസങ്ങൾ ഉൽപ്പാദനം നടത്താനും കയറ്റുമതി ഓർഡറുകൾ പൂർത്തിയാക്കാനും സാധിച്ചു. നിലവിലെ മുന്നേറ്റം തുടരുകയാണെങ്കിൽ 2026-27 സാമ്പത്തിക വർഷത്തിൽ 10 ശതമാനം കയറ്റുമതി വളർച്ച കൈവരിക്കാനാകുമെന്നാണ് വ്യവസായ മേഖലയുടെ പ്രതീക്ഷ.

Content Highlights: India’s Gems and Jewellery Exports Surge 34% in October to ₹27,863 Crore, Driven by Strong Global Demand for Gold and Diamond Jewellery

dot image
To advertise here,contact us
dot image