

റോഡുകളില്‍ ഇറങ്ങിയാല്‍ കേള്‍ക്കുന്ന പ്രധാന ശബ്ദങ്ങളിലൊന്നാണ് വാഹനങ്ങളുടെ ഹോണ്‍. ട്രാഫിക് സിഗ്‌നലില്‍ അല്‍പനേരം കാത്തുനില്‍ക്കേണ്ടിവന്നാല്‍ പോലും ഹോണ്‍ മുഴക്കുന്നവരുണ്ട്. എന്നാല്‍ തിരക്കിനിടയിലും അനാവശ്യമായി ഹോണ്‍ മുഴക്കാതെ ക്ഷമയോടെ കാത്തുനില്‍ക്കുന്ന ആളുകളുള്ള ഒരു നഗരമുണ്ട് ഇന്ത്യയില്‍. വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസോള്‍ ആണ് ഈ വ്യത്യസ്തമായ ട്രാഫിക് സംസ്‌കാരത്തിലൂടെ ശ്രദ്ധ നേടുന്നത്.

ഐസോളിലെ തിരക്കേറിയ റോഡുകളില്‍ വാഹനങ്ങള്‍ നിരനിരയായി കിടന്നാലും ഡ്രൈവര്‍മാര്‍ ക്ഷമയോടെ കാത്തുനില്‍ക്കും എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം. മുന്നിലുള്ള വാഹനം നീങ്ങാന്‍ വൈകിയാല്‍ ഉടന്‍ ഹോണ്‍ മുഴക്കുകയോ മറുവശത്തുകൂടി കയറി പോകാന്‍ ശ്രമിക്കുകയോ ചെയ്യുന്ന പതിവ് ഇവിടെ ഇല്ല. ആവശ്യമായ സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കുന്ന രീതിയാണ് ഈ നഗരത്തിന്റെ പ്രത്യേകത. റോഡില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും തുല്യമായ അവകാശമുണ്ടെന്ന തിരിച്ചറിവും പരസ്പര ബഹുമാനവും ഈ രീതിക്കു പിന്നിലുണ്ട്.

മിസോ സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'XvemhvassMÓ' (Tlawmngaihna). മറ്റുള്ളവരെ സഹായിക്കുക, വിനയത്തോടെ പെരുമാറുക, സമൂഹത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുക, സ്വന്തം താല്‍പര്യത്തേക്കാള്‍ മറ്റുള്ളവരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുക തുടങ്ങിയ ആശയങ്ങളാണ് ഈ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഈ സാമൂഹിക ബോധം പൊതുജീവിതത്തിലും പ്രതിഫലിക്കുന്നതായി ഐസോളിലെ റോഡ് സംസ്‌കാരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലൊക്കെയും പറയുന്നുണ്ട്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന തിരിച്ചറിവും ക്ഷമയോടെ കാത്തിരിക്കാനുള്ള മനോഭാവവും ഇതില്‍ പ്രധാനമാണ്.
മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഐസോളിലെ പല റോഡുകളും ഇടുങ്ങിയതും വളവുകള്‍ നിറഞ്ഞതുമാണ്. ചില ഭാഗങ്ങളില്‍ കുത്തനെയുള്ള ചരിവുകളും താഴ്വരകളുമുണ്ട്. അതിനാല്‍ അശ്രദ്ധമായ ഓവര്‍ടേക്കിങ്ങും തെറ്റായ ദിശയിലുള്ള ഡ്രൈവിങ്ങും അപകടസാധ്യത വര്‍ധിപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തം വാഹനത്തിന് മാത്രം മുന്‍ഗണന നല്‍കാതെ മറ്റുള്ളവര്‍ക്കും വഴിയൊരുക്കുന്നത് സുരക്ഷയ്ക്ക് പ്രധാനമാണ്. റോഡുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അവിടത്തെ ഡ്രൈവിങ് ശീലങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വിദ്യാഭ്യാസം, സാമൂഹിക അവബോധം, പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയും നഗരത്തിന്റെ അച്ചടക്കത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന സാക്ഷരതയുള്ളതുകൊണ്ടുമാത്രം ഒരു സമൂഹത്തില്‍ മികച്ച പൗരബോധം ഉറപ്പാകണമെന്നില്ല. പഠിച്ച അറിവ് ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതും മറ്റുള്ളവരെ പരിഗണിക്കുന്നതുമാണ് പ്രധാനം. റോഡില്‍ ഓരോരുത്തരും ക്ഷമ കാണിക്കുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ ഗതാഗതം കൂടുതല്‍ സുരക്ഷിതവും ശാന്തവുമാക്കാനാകും.
അനാവശ്യമായ ഹോണ്‍ ശബ്ദം ശബ്ദമലിനീകരണം വര്‍ധിപ്പിക്കുകയും റോഡിലെ സമ്മര്‍ദം കൂട്ടുകയും ചെയ്യുന്നു. ആവശ്യമായ സാഹചര്യങ്ങളില്‍ മാത്രം ഹോണ്‍ ഉപയോഗിക്കുക, തെറ്റായ ഓവര്‍ടേക്കിങ് ഒഴിവാക്കുക, ട്രാഫിക് സിഗ്‌നലുകളില്‍ ക്ഷമയോടെ കാത്തുനില്‍ക്കുക, കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ ചെറിയ ശീലങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ഐസോളിനെ ഇന്ത്യയിലെ 'സൈലന്റ് സിറ്റി' എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവിടെ ഒരിക്കലും ഹോണ്‍ മുഴങ്ങുന്നില്ലെന്ന് അതിന് അര്‍ഥമില്ല. അനാവശ്യ ഹോണ്‍ ഉപയോഗം താരതമ്യേന കുറവാണെന്നും റോഡ് അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്നുവെന്നുമാണ് ഇതിന്റെ അടിസ്ഥാനം.
Content Highlights :A city where vehicles don't honk, even in traffic jams! Let's find out which Indian city this is and what makes it special