അധികാരത്തിൽ വന്നാൽ അയോധ്യയെ 'സനാതന തീർഥാടനത്തിൻ്റെ ആഗോള തലസ്ഥാന'മാക്കും; വാഗ്ദാനങ്ങളുമായി അഖിലേഷ് യാദവ്

2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അഖിലേഷിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ

അധികാരത്തിൽ വന്നാൽ അയോധ്യയെ 'സനാതന തീർഥാടനത്തിൻ്റെ ആഗോള തലസ്ഥാന'മാക്കും; വാഗ്ദാനങ്ങളുമായി അഖിലേഷ് യാദവ്
dot image

ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്.പി) വീണ്ടും അധികാരത്തിൽ എത്തിയാൽ അയോധ്യയെ 'സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാന'മാക്കി മാറ്റുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ക്ഷേത്ര ഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അഖിലേഷിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ.

രാമക്ഷേത്രത്തവുമായി ബന്ധപ്പെട്ട കൊള്ള അയോധ്യ സന്ദർശിക്കുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാവാൻ കാരണാമായെന്നും അദ്ദേഹം ആരോപിച്ചു. 'അയോധ്യയുടെ അന്തസ്സും പ്രതാപവും വീണ്ടെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സുതാര്യമായ ഭരണസംവിധാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ഞങ്ങൾ തിരികെ കൊണ്ടുവരും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അയോധ്യയെ സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാനമാക്കി ഞങ്ങൾ മാറ്റു'മെന്നും അഖിലേഷ് എക്സിൽ കുറിച്ചു.

പുറത്തുനിന്നുള്ള കരാറുകാരുടെ പിടിയിൽ നിന്ന് അയോധ്യയെ മോചിപ്പിക്കുമെന്നും ഭൂമി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. അയോധ്യയെ കൊള്ളയടിച്ചത് പുറത്തുനിന്നുള്ളവരാണ്. തട്ടിപ്പിൽ പങ്കുള്ള ഒരു ബിജെപി നേതാവിനെയോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയോ വെറുതെ വിടില്ല. അയോധ്യയെ ചൂഷണം ചെയ്ത് അവർ ഉണ്ടാക്കിയ അനധികൃത സമ്പാദ്യം കണ്ടുകെട്ടുമെന്നും അഖിലേഷ് മുന്നറിയിപ്പ് നൽകി.

ക്ഷേത്ര പരിസരത്ത് നിലത്തുവീണ എണ്ണ ശേഖരിക്കുന്ന പാവപ്പെട്ടവരെ വടികൊണ്ടടിച്ച സംഭവം ചൂണ്ടിക്കാട്ടിയ അഖിലേഷ്, ദരിദ്രരായ സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെടുന്ന സാഹചര്യം ഇനി അയോധ്യയിലുണ്ടാകില്ലെന്ന് വ്യക്തമാക്കി. അധികാരത്തിൽ വന്നാൽ പാവപ്പെട്ടവരുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റേഷൻ കടകൾ വഴി എണ്ണയും നെയ്യും വിതരണം ചെയ്യും. പ്രാദേശിക വള്ളക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ അയോധ്യയിൽ പരമ്പരാഗത ബോട്ടിംഗ് പ്രോത്സാഹിപ്പിക്കും.

പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ശ്രീരാമൻ ചേർത്തുപിടിച്ചതിന്റെ ഓർമ്മകൾ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് ഉൾക്കൊളളാനാകില്ലെന്ന് അദ്ദേഹം വിമർശിച്ചു. ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ മറ്റ് ഏതെങ്കിലും മതങ്ങളിലെ ആരാധനാമൂർത്തികളെയോ അപമാനിക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കും അവർക്ക് അഭയം നൽകുന്നവർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കും. സമൂഹത്തിൽ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ലും 2022-ലും നേരിട്ട തോൽവികൾക്ക് ശേഷം 2027-ൽ ഉത്തർപ്രദേശിൽ വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കങ്ങൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അയോധ്യയിലെ ഭൂമി ഇടപാടുകൾ വലിയ രാഷ്ട്രീയ ചർച്ചയാക്കാനാണ് എസ്.പി ഒരുങ്ങുന്നത്.

Content Highlights: Samajwadi Party chief Akhilesh Yadav promises to transform Ayodhya into a global pilgrimage hub if the party returns to power in Uttar Pradesh, pledging a probe into Ram Temple land deals and greater transparency in temple administration.

dot image
To advertise here,contact us
dot image