ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഇസ്രയേലിനോട് അറപ്പും വെറുപ്പും; ഒടുവില്‍ ട്രംപിന് തിരിച്ചറിവുണ്ടായെന്ന് അരാഗ്ചി

ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഇസ്രയേലിനോട് കടുത്ത അറപ്പും വെറുപ്പും ഉണ്ടെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അതിനുള്ള കാരണം എന്താണെന്നതില്‍ അദ്ദേഹത്തിന് ആശയക്കുഴപ്പമുള്ളതായി തോന്നുന്നുവെന്ന് അരാഗ്ചി പറയുന്നു

ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഇസ്രയേലിനോട് അറപ്പും വെറുപ്പും; ഒടുവില്‍ ട്രംപിന് തിരിച്ചറിവുണ്ടായെന്ന് അരാഗ്ചി
dot image

ടെഹ്‌റാന്‍: അമേരിക്കന്‍ ഭരണകൂടത്തെ 'അനന്തമായ യുദ്ധങ്ങളിലേക്ക്' (Forever Wars) തള്ളി വിടുന്ന ഇസ്രയേലിന്റെ നിലപാടില്‍ അമേരിക്കയിലെയും പശ്ചിമേഷ്യന്‍ മേഖലയിലെയും ജനങ്ങള്‍ പൂര്‍ണമായും മടുത്തിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അരാഗ്ചിയുടെ പ്രതികരണം. ഭൂരിഭാഗം അമേരിക്കക്കാര്‍ക്കും ഇസ്രയേലിനോട് കടുത്ത അറപ്പും വെറുപ്പും ഉണ്ടെന്ന കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, അതിനുള്ള കാരണം എന്താണെന്നതില്‍ അദ്ദേഹത്തിന് ആശയക്കുഴപ്പമുള്ളതായി തോന്നുന്നുവെന്നാണ് അരാഗ്ചി പ്രതികരിച്ചത്.

'അമേരിക്കന്‍ ഭരണകൂടങ്ങളെ അനന്തമായ യുദ്ധങ്ങളിലേക്ക് ഇസ്രയേല്‍ വഞ്ചനാപരമായി വലിച്ചിഴക്കുന്നതില്‍ അമേരിക്കന്‍ ജനത മടുത്തു എന്നത് വ്യക്തമാണ്. അവര്‍ ഇതുകൊണ്ട് പൊറുതിമുട്ടി. ഞങ്ങളുടെ മേഖലയുടെ സ്ഥിതിയും ഇതുതന്നെയാണ്', അരാഗ്ചി കൂട്ടിച്ചേർത്തു.

സിബിഎസ് ന്യൂസിന്റെ '60 മിനിട്‌സ്' അഭിമുഖത്തില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയായാണ് അരാഗ്ചിയുടെ ഈ പ്രതികരണം. കഴിഞ്ഞ ആഴ്ച നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിക്ക് പ്രധാന കാരണം ഇസ്രയേലിനോടുള്ള ജനങ്ങളുടെ അതൃപ്തിയും, ഇറാനെതിരെയുള്ള യുദ്ധത്തോടുള്ള എതിര്‍പ്പും, വര്‍ധിച്ചുവരുന്ന ഇന്ധനവിലയുമാണെന്ന് ട്രംപ് സമ്മതിച്ചിരുന്നു.

യുദ്ധത്തിന്റെ രാഷ്ട്രീയ നഷ്ടങ്ങള്‍ അംഗീകരിച്ചിട്ടും, ഇറാനെ ആക്രമിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ്, വീണ്ടും ഒരു അവസരം വന്നാലും അതേ തീരുമാനം തന്നെ എടുക്കുമെന്ന് പറഞ്ഞിരുന്നു. അമേരിക്ക യുദ്ധത്തില്‍ വിജയിച്ചുവെന്നും സമാധാന കരാറിലെത്താന്‍ ടെഹ്റാന്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Donald Trump with Israeli Prime Minister Benjamin Netanyahu.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ഡോണള്‍ഡ് ട്രംപ്

എന്നാല്‍, ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത് ട്രംപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതേസയം, യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ഇറാന്റെ നിര്‍ദേശം സ്വീകരിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അവര്‍ക്ക് മേല്‍ തീമഴ പെയ്യിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കിയിരുന്നു.

'അമേരിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ തീരുമാനമെടുത്തുകഴിഞ്ഞു. ഇനി വൈറ്റ്ഹൗസിന് തീരുമാനമെടുക്കാനുളള സമയമാണ്. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കൂ, അതിന്റെ ഫലമെന്തെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും കാണാനാകും. അതല്ലെങ്കില്‍ യുദ്ധം തിരഞ്ഞെടുക്കൂ, എപ്പോഴും ജാഗരൂകരും പോരാട്ടവീര്യമുള്ളവരുമായ ഞങ്ങളുടെ യോദ്ധാക്കള്‍ നിങ്ങള്‍ക്ക് മേല്‍ തീമഴ പെയ്യിക്കുന്നത് കാണാം,' അദ്ദേഹം എക്സില്‍ കുറിച്ചു.

യുഎസില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ തങ്ങള്‍ക്ക് നേരിട്ട കനത്ത തോല്‍വിക്ക് പ്രധാന കാരണം ഇറാനെതിരെയുള്ള യുദ്ധമാണെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ വിലയിരുത്തുന്നു. 'ഞങ്ങള്‍ തോറ്റതിന്റെ കാരണം ഈ യുദ്ധമാണ്' എന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തുറന്നുപറഞ്ഞത്.

യുഎസ് ആക്രമണത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും യുഎസില്‍ ഇന്ധനവില വര്‍ധിച്ച് ജനങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന ജീവിതച്ചെലവ് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്തു, ഇതാണ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

Content Highlight: Iranian Foreign Minister Abbas Araghchi has claimed that people in the United States and West Asia are fed up with Israel's position, which he says is pushing Washington into 'forever wars'. In a post on X, Araghchi also alleged that US President Donald Trump recognises the strong resentment many Americans feel towards Israel but appears confused about its reasons.

dot image
To advertise here,contact us
dot image