ദീപാവലി എഫക്ട്: ഡൽഹിയിലെ വായു മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 ഇരട്ടി

ദീപാവലി ആഘോഷങ്ങൾക്ക് പുറമേ, വാഹനങ്ങളിൽ നിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവയും വായുമലിനീകരണത്തിന് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

ദീപാവലി എഫക്ട്: ഡൽഹിയിലെ വായു മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ 50 ഇരട്ടി
dot image

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിഗുരുതരം. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് സ്ഥിതി അതീവഗുരുതരമായത്. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്നും പലയിടത്തും ആഘോഷങ്ങൾ നടന്നിരുന്നു. ഇതോടെ നിലവാര സൂചിക ഗുരുതരമെന്ന മാർക്കിൽ എത്തിയിരിക്കുകയാണ്. നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ് മൂടിയിരിക്കുകയാണ്. ഇത് കാഴ്ചപരിധിയെ സാരമായി ബാധിച്ചു. ഇതോടെ നഗരത്തില്‍ ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

സിപിസിബിയുടെ മാനദണ്ഡമനുസരിച്ച് വായു ഗുണനിലവാര സൂചിക 0 നും 50 നും ഇടയിലാണെങ്കിൽ 'നല്ലത്', 51 നും 100 നും ഇടയിലാണെങ്കിൽ 'തൃപ്തികരം', 101 നും 200 നും ഇടയിലാണെങ്കിൽ 'മിതമായത്', 201 നും 300 നും ഇടയിലാണെങ്കിൽ 'മോശം', 301 നും 400 നും ഇടയിലാണെങ്കിൽ 'വളരെ മോശം', 401 നും 500 നും ഇടയിലാണെങ്കിൽ 'ഗുരുതരം' എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്കുകൾ പ്രകാരം, ഞായറാഴ്ച (നവംബർ 8, 2026) രാത്രി 11 മണിക്ക് അക്ഷർധാമിൽ PM2.5 (ഒരു പ്രധാന മലിനീകരണ വസ്തു) ന്റെ അളവ് ഒരു ക്യൂബിക് മീറ്ററിന് 760.99 മൈക്രോഗ്രാം ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയായ 24 മണിക്കൂർ കാലയളവിലേക്ക് ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്നതിന്റെ ഏകദേശം 50.73 മടങ്ങ് ഇരട്ടിയാണിത്.

ചില സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. സ്ഥിതി നിരീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. പടക്കം പൊട്ടിക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. മലിനീകരണത്തിന്റെ പേര് പറഞ്ഞ് ദീപാവലി ആഘോഷത്തെയും സനാതന ധർമ്മത്തെയും ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാൾ പ്രചാരണം നടത്തുകയാണെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ആരോപിച്ചു.

ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്നു രാജ്യതലസ്ഥാനത്തെ വായുമലിനീകരണ നിരക്ക്. എന്നാൽ, തിങ്കളാഴ്ച്ച പുലർച്ചയോടെ ഇത് ഗുരുതര കാറ്റഗറിയിലേക്ക് കടന്നു. ദീപാവലി ആഘോഷങ്ങൾക്ക് പുറമേ, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവയും വായുമലിനീകരണത്തിന് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 59 നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം, പന്ത്രണ്ടിടത്ത് വായുമലിനീകരണത്തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിലായിരുന്നു. 22 സ്ഥലത്ത് ഇത് ‘വളരെ മോശം’ എന്ന നിലയിലുമായിരുന്നു. ഏറ്റവും ഉയർന്ന എക്യുഐ കണ്ടെത്തിയത് ജഹാംഗിർപുരിയിലായിരുന്നു- 463. ശനിയാഴ്ചത്തെ 369 എന്നതിൽനിന്നാണ് ഞായറാഴ്ച എക്യുഐ 376-ൽ എത്തിയത്. തിങ്കളാഴ്ച മുതൽ കുറച്ചുദിവസത്തേക്ക് ഡൽഹിയിലെ വായുമലിനീകരണത്തോത് ഗുരുതരം എന്ന വിഭാഗത്തിൽതന്നെ തുടരാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം (ഇഡബ്ല്യൂഎസ്) വ്യക്തമാക്കുന്നു.

Content Highlights: Delhi's air pollution reached the severe category after Diwali celebrations, with PM2.5 levels at Akshardham recorded at nearly 51 times the WHO's 24-hour guideline. Firecrackers and other pollution sources worsened air quality.

dot image
To advertise here,contact us
dot image