

ചെന്നൈ: തമിഴ്നാട് തേനിയില്‍ റോഡ് അടച്ച് റീല്‍ ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ദീപാവലി റീല്‍ ചീത്രീകരിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു മദ്യപസംഘത്തിന്റെ ക്രൂരത. സ്പെഷ്യല്‍ സബ്ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്ക് സമീപം സമതര്മ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ പൊതുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ റീല്‍സായി ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്പെഷല്‍ സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരണവും പടക്കം പൊട്ടിക്കലും തടയാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ സംഘം പൊലീസുകാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സെന്തില്‍കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കേസില്‍ നാലുപേരെയാണ് പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. സെന്തില്‍ കുമാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights: Special Sub-Inspector Senthil Kumar was attacked after questioning a group of youths who had blocked a road to film a Diwali reel in Samatharmapuram near Theni. The incident took place on Sunday night. Police have arrested four youths in connection with the incident.