

ചൊവ്വാഴ്ച ഹാമില്‍ട്ടണില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം ഇന്ത്യയുടെ പരിശീലക സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞേക്കും. അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ലെങ്കിലും, ഹെഡ് കോച്ച് ഗൗതം ഗംഭീറും സ്പിന്‍ ബോളിംഗ് കോച്ച് സൈരാജ് ബാഹുതുലെയും അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ഏകദിന ടീമിനൊപ്പം മൗണ്ട് മൗംഗനുയിയിലേക്ക് പോകാനാണ് സാധ്യത. നവംബര്‍ 19-ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി വെല്ലിംഗ്ടണില്‍ നടക്കുന്ന പ്രീ-സീരീസ് ക്യാമ്പിനായി ബാറ്റിംഗ് കോച്ച് സിതാങ്ഷു കോട്ടകും ഫാസ്റ്റ് ബോളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലും ടെസ്റ്റ് ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
'അവസാന നിമിഷം മാറ്റങ്ങള്‍ വരാം, പക്ഷേ എനിക്കറിയാവുന്നിടത്തോളം ഗൗതം ഗംഭീര്‍ ഇവിടെത്തന്നെ തുടരേണ്ടി വരും - 2027-ല്‍ ഏകദിന വേള്‍ഡ് കപ്പ് വരാനിരിക്കുകയാണ്. അതിനാല്‍ അദ്ദേഹം ഇവിടെ തുടരും, ഒപ്പം സൈരാജും ഉണ്ടാകും' തിങ്കളാഴ്ച ഹാമില്‍ട്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊട്ടക് പറഞ്ഞു. 'ഞാനും മോര്‍ണിയും മറ്റ് ചില സ്റ്റാഫുകളും വെല്ലിംഗ്ടണിലേക്ക് പോകും. അതാണ് നിലവിലെ പദ്ധതി, എന്നാല്‍ ഞാന്‍ പറഞ്ഞതുപോലെ ഗൗതമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അവരുടെ ഫിറ്റ്നസ്, പരിശീലനം, മറ്റ് തയ്യാറെടുപ്പുകള്‍ എന്നിവ സാഹചര്യങ്ങള്‍ അനുവദിക്കുന്നത്ര മികച്ച രീതിയില്‍ ചെയ്തുതീര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കും' കൊട്ടക് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലുള്ള മൂന്ന് ഫാസ്റ്റ് ബൗളര്‍മാരായ ഗുര്‍നൂര്‍ ബ്രാര്‍, ആഖിബ് നബി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടെസ്റ്റ് ടീമിനെ സഹായിക്കാനായി നെറ്റ് ബൗളര്‍മാരായും റിസര്‍വ് കളക്കാരായും ന്യൂസീലന്‍ഡില്‍ തുടരുമെന്നും കൊട്ടക് വെളിപ്പെടുത്തി. 'മൂന്ന് ബൗളര്‍മാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗുര്‍നൂര്‍, ഒരുപക്ഷേ നബി, അര്‍ഷ്ദീപും ഇവിടെ തുടരുമെന്നാണ് ഞാന്‍ കരുതുന്നത്' -അദ്ദേഹം പറഞ്ഞു.
ഏകദിന മത്സരങ്ങളില്‍ ലഭിച്ച അനുഭവങ്ങള്‍ ടെസ്റ്റ് മത്സരങ്ങളിലേക്ക് കളിക്കാര്‍ നേരിട്ട് പ്രയോഗിക്കില്ലെങ്കിലും, ന്യൂസീലന്‍ഡിലെ വെല്ലുവിളി നിറഞ്ഞ പിച്ചുകള്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി മികച്ച പരിശീലനം നല്‍കുമെന്ന് കോട്ടക് നിരീക്ഷിച്ചു. ശുഭ്മാന്‍ ഗില്ലും കെ.എല്‍. രാഹുലും ഏകദിനത്തില്‍ നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഓരോ ഫോര്‍മാറ്റിനും അനുയോജ്യമായ മാനസികാവസ്ഥയായിരിക്കും കളിക്കാര്‍ പുലര്‍ത്തുകയെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും രണ്ട് ഏകദിനങ്ങളിലും കണ്ട സ്വിംഗും സീം മൂവ്മെന്റും അപ്രതീക്ഷിതമായ ബൗണ്‍സും നീളമേറിയ ഫോര്‍മാറ്റിലെ സമാനമായ വെല്ലുവിളികളെ നേരിടാന്‍ കളിക്കാരെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'റെഡ് ബോള്‍ മത്സരങ്ങളിലെ ശൈലി ആരും വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവരില്ല. എന്നാല്‍ രണ്ട് ഏകദിനങ്ങളിലെ പിച്ചുകളിലും സ്വിംഗ് ഉണ്ടായിരുന്നു. 4 മുതല്‍ 6 ഓവറുകള്‍ക്ക് ശേഷം സ്വിംഗ് കുറഞ്ഞപ്പോഴും സീം മൂവ്മെന്റും അപ്രതീക്ഷിത ബൗണ്‍സും പിച്ചില്‍ ഉണ്ടായിരുന്നു,' കോട്ടക് പറഞ്ഞു. 12-14 മില്ലീമീറ്റര്‍ പുല്ലുള്ള പിച്ചുകളും ഇവിടുത്തെ കാലാവസ്ഥയും കളിക്കാര്‍ക്ക് മികച്ച പഠനാവസരമാണ് നല്‍കുന്നതെന്നും സാധാരണ പോലെ വലിയ സ്‌കോറുകള്‍ പിറക്കാത്ത മത്സരങ്ങളായിരുന്നു ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ എ ടീമിന്റെ മൂന്ന് മത്സരങ്ങള്‍ വഴി റെഡ്-ബോള്‍ കളിക്കാര്‍ക്ക് മികച്ച പരിശീലനം ലഭിച്ചതായി കോട്ടക് എടുത്തുപറഞ്ഞു. അവിടുത്തെ സാഹചര്യങ്ങള്‍, ബോളിംഗ് ലെങ്ത്, പന്തിന്റെ സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ ഈ മത്സരങ്ങള്‍ ബാറ്റര്‍മാരെയും ബൗളര്‍മാരെയും സഹായിച്ചിട്ടുണ്ട്. കൂടാതെ, നവംബര്‍ 11 മുതല്‍ ടെസ്റ്റ് സ്‌ക്വാഡിന് പരിശീലന ക്യാമ്പ് ആരംഭിക്കുമെന്നും നവംബര്‍ 19-ലെ ആദ്യ ടെസ്റ്റിന് മുന്‍പ് അഞ്ചോ ആറോ പരിശീലന സെഷനുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'തയ്യാറെടുപ്പുകള്‍ വളരെ ശക്തമാണ്. ഇതിന് പുറമെ 11-ാം തീയതി ആരംഭിക്കുന്ന ക്യാമ്പിലൂടെ 5-6 സെഷനുകള്‍ കൂടി ലഭിക്കും. അതിനാല്‍ ടെസ്റ്റ് പരമ്പരയ്ക്കായി നമുക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ സാധിക്കും' -അദ്ദേഹം പറഞ്ഞു.
content highlights: BCCI Plans Split Coaching Setup: India Prepares Big Strategy for Test Cricket