യുഎഇയിൽ തൊഴിൽ പെർമിറ്റ് നടപടികൾ ഇനി എളുപ്പം; 13 വിഭാഗങ്ങളിൽ പുതിയ പരിഷ്കാരം, രേഖകളിലും ഇളവ്

നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുക, ഭരണപരമായ നിബന്ധനകൾ കുറയ്ക്കുക, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുക എന്നിവയാണ് ലക്ഷ്യം

യുഎഇയിൽ തൊഴിൽ പെർമിറ്റ് നടപടികൾ ഇനി എളുപ്പം; 13 വിഭാഗങ്ങളിൽ പുതിയ പരിഷ്കാരം, രേഖകളിലും ഇളവ്
dot image

യുഎഇയിൽ 13 വിഭാഗങ്ങളിലുള്ള തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കി ഹ്യൂമൺ റിസോഴ്സസ് ആൻഡ് എമിറാറ്റെെസേഷൻ മന്ത്രാലയം (MoHRE). സർക്കാരിന്റെ സീറോ ബ്യൂറോക്രസി ( Zero Bureaucracy) പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരങ്ങൾ. പെർമിറ്റുകൾക്കായി അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട നിബന്ധനകൾ ഒഴിവാക്കിയതിനു പുറമെ ചില പെർമിറ്റുകൾക്ക് ആവശ്യമായ വിവരങ്ങളുടെ എണ്ണം 75 മുതൽ 97 ശതമാനം വരെ കുറച്ചു. അപേക്ഷകൾ പൂർത്തിയാക്കുന്നതിനുള്ള സമയവും ഇതോടെ കുറയും.

തൊഴിൽ പെർമിറ്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പരിഷ്കാരങ്ങളുടെ അടുത്ത ഘട്ടത്തിനും മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുക, ഭരണപരമായ നിബന്ധനകൾ കുറയ്ക്കുക, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുക എന്നിവയാണ് ലക്ഷ്യം. അപേക്ഷകൾ വേഗത്തിൽ പൂർത്തിയാക്കാനും തൊഴിലുടമകൾക്കും ജീവനക്കാർക്കും മികച്ച സേവനം ഉറപ്പാക്കാനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള തൊഴിൽ പെർമിറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽനിന്നും ഉപഭോക്താക്കളിൽനിന്നും മന്ത്രാലയം നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 30 വരെ ഓൺലൈനായി അഭിപ്രായങ്ങൾ അറിയിക്കാനും സാധിക്കും. സേവനങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദേശങ്ങളാണ് തേടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തൊഴിൽ പെർമിറ്റ് സേവനങ്ങൾ ഏകീകൃത ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലുടമകൾക്കും ഉപഭോക്താക്കൾക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. പുതുക്കിയ നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

MoHRE അനുവദിക്കുന്ന 13 തരം തൊഴിൽ പെർമിറ്റുകൾ ഏതൊക്കെ

  1. സ്വകാര്യ ട്യൂഷൻ പെർമിറ്റ്: നിശ്ചിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സ്വകാര്യ ട്യൂഷൻ നൽകാൻ വ്യക്തികളെ അനുവദിക്കുന്നു.
  2. വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാനുള്ള പെർമിറ്റ്: യുഎഇക്ക് പുറത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നു. രണ്ട് വർഷമാണ് കാലാവധി.
  3. ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: നിലവിലെ തൊഴിൽബന്ധം അവസാനിച്ച ശേഷം യുഎഇയിൽ താമസിക്കുന്ന തൊഴിലാളികളെ പുതിയ സ്ഥാപനങ്ങളിൽ നിയമിക്കാൻ അനുവദിക്കുന്നു. കാലാവധി രണ്ട് വർഷം.
  4. കുടുംബ സ്പോൺസർഷിപ്പിലുള്ളവർക്ക് തൊഴിൽ പെർമിറ്റ്: കുടുംബാംഗങ്ങളുടെ സ്പോൺസർഷിപ്പിൽ യുഎഇയിൽ താമസിക്കുന്നവർക്ക് ജോലി ചെയ്യാൻ അവസരം നൽകുന്നു. രണ്ട് വർഷമാണ് കാലാവധി.
  5. താൽക്കാലിക തൊഴിൽ പെർമിറ്റ്: ഒരു സ്ഥാപനത്തിലെ തൊഴിലാളിയെ നിശ്ചിത കാലയളവിലേക്ക് മറ്റൊരു സ്ഥാപനത്തിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുവദിക്കുന്നു. ജോലി പൂർത്തിയായാൽ പഴയ സ്ഥാപനത്തിൽ തിരിച്ചെത്തണം.
  6. മിഷൻ വർക്ക് പെർമിറ്റ്: പ്രത്യേക പദ്ധതികൾക്കോ താൽക്കാലിക ജോലികൾക്കോ വേണ്ടി വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്നു.
  7. പാർട്ട് ടൈം വർക്ക് പെർമിറ്റ്: പാർട്ട് ടൈം കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാം. നിബന്ധനകൾക്ക് വിധേയമായി ഒരേസമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യാനും അനുമതിയുണ്ട്. കാലാവധി രണ്ട് വർഷം.
  8. ജുവനൈൽ വർക്ക് പെർമിറ്റ്: 15 വയസ്സ് പൂർത്തിയായതും 18 വയസ്സ് തികയാത്തതുമായ യുഎഇയിൽ താമസിക്കുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകുന്നു. സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുള്ള പ്രത്യേക നിബന്ധനകൾ ബാധകമാണ്.
  9. വിദ്യാർഥികൾക്കുള്ള പരിശീലന, തൊഴിൽ പെർമിറ്റ്: 15 വയസ്സിന് മുകളിലുള്ള യുഎഇ പൗരന്മാർക്കും പ്രവാസി വിദ്യാർഥികൾക്കും പരിശീലനത്തിലോ ജോലിയിലോ ഏർപ്പെടാൻ അവസരം നൽകുന്നു.
  10. യുഎഇ, ജിസിസി പൗരന്മാർക്കുള്ള തൊഴിൽ പെർമിറ്റ്: യുഎഇ പൗരന്മാരെയും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാരെയും നിയമിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നു. കാലാവധി രണ്ട് വർഷം.
  11. ഗോൾഡൻ റെസിഡൻസി തൊഴിൽ പെർമിറ്റ്: ഗോൾഡൻ വിസയുള്ള വ്യക്തികളെ നിയമിക്കാൻ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
  12. ദേശീയ ട്രെയിനി പെർമിറ്റ്: അംഗീകൃത വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസൃതമായി യുഎഇ പൗരന്മാർക്ക് പരിശീലനം നൽകാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നു.
  13. ഫ്രീലാൻസ് വർക്ക് പെർമിറ്റ്: തൊഴിലുടമയുടെയോ സ്ഥാപനത്തിന്റെയോ സ്പോൺസർഷിപ്പില്ലാതെ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കുന്നു. വിദേശികൾക്ക് സ്വന്തം റെസിഡൻസി സ്പോൺസർഷിപ്പിൽ ഫ്രീലാൻസ് ജോലി ചെയ്യാനും ഈ പെർമിറ്റ് പ്രയോജനപ്പെടുത്താം.

Content Highlights: The UAE has introduced reforms across 13 work permit categories, simplifying procedures and reducing documentation requirements for applicants.

dot image
To advertise here,contact us
dot image