'കോണ്‍ഗ്രസ് സനാതന വിരുദ്ധം, ദീപാവലി ആശംസയിലും ലക്ഷ്യം മുസ്‌ലിം വോട്ട് ബാങ്ക്'; ഖര്‍ഗെയ്‌ക്കെതിരെ ബിജെപി

ആശംസാ സന്ദേശത്തിലെ ഈദ് എന്ന വാക്ക് ഉയര്‍ത്തിക്കാട്ടി ദീപാവലിയില്‍ പോലും പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും വോട്ട് ബാങ്ക് മാത്രമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ബിജെപി വക്താവ് ആരോപിക്കുന്നു.

'കോണ്‍ഗ്രസ് സനാതന വിരുദ്ധം, ദീപാവലി ആശംസയിലും ലക്ഷ്യം മുസ്‌ലിം വോട്ട് ബാങ്ക്'; ഖര്‍ഗെയ്‌ക്കെതിരെ ബിജെപി
dot image

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ദീപാവലി ആശംസാ സന്ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. 'ദീവാലി ഖുഷിയോം കാ ഈദ് (Khushiyon ka Eid)' എന്ന ആശംസയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സനാതന വിരുദ്ധമാണ് (Anti Sanatan) എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ഖര്‍ഗെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആശംസാ സന്ദേശത്തിലെ ഈദ് എന്ന വാക്ക് ഉയര്‍ത്തിക്കാട്ടി ദീപാവലിയില്‍ പോലും പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും വോട്ട് ബാങ്ക് മാത്രമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ബിജെപി വക്താവ് ആരോപിക്കുന്നു. ഈദ് എന്ന വാക്കിന് ആഘോഷം, ഉത്സവം എന്നും അര്‍ത്ഥമുണ്ടെന്നിരിക്കവെയാണ് പ്രദീപ് ഭണ്ഡാരി ഖര്‍ഗെയെ സനാതന വിരോധിയെന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത്.

പോസ്റ്റില്‍ സോണിയ ഗാന്ധിക്കെതിരെയും ഇയാള്‍ വിമര്‍ശനമുയര്‍ത്തി. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ താന്‍ കരഞ്ഞിരുന്നു എന്ന സോണിയയുടെ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രദീപ് ഭണ്ഡാരി സനാതന വിരുദ്ധമെന്ന ആരോപണമുയര്‍ത്തുന്നത്.

ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ് (Belonging: A Journey Of Love) എന്ന തന്റെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയ ഗാന്ധി ബാബരി മസ്ജിദ് തകര്‍ക്കലിനെ കുറിച്ച് സംസാരിച്ചത്. ടിവിയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ വിഷ്വലുകള്‍ കണ്ടപ്പോള്‍ താന്‍ കരഞ്ഞിരുന്നു എന്നാണ് സോണിയ പറഞ്ഞത്.

Sonia Gandhi and Mallikarjun Kharge
സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും

ഈ സംഭവം ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുന്നതിനായി രാജ്യം ഇനിയും ദീര്‍ഘമായ പോരാട്ടം നടത്തേണ്ടതുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുത്തിയെന്നും അവര്‍ പറഞ്ഞിരുന്നു. ബിജെപിയുടെയും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളര്‍ച്ചയ്ക്ക് ഒരു പരിധിവരെ കാരണമായത് കോണ്‍ഗ്രസിന്റെ വിവിധ മേഖലകളിലെ അമിത ആത്മവിശ്വാസവും ജാഗ്രതക്കുറവുമാണെന്നും അവര്‍ സമ്മതിച്ചു.

ഈ പ്രസ്താവനകള്‍ക്ക് പിന്നാലെ വിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസ് പാര്‍ട്ടി ബാബറിനോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്.

'ബാബര്‍ അന്ന് കോണ്‍ഗ്രസിന്റെ ഹൃദയത്തിലുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാകുന്നത്. ഇന്നും ബാബര്‍ അവരുടെ ഹൃദയത്തില്‍ തുടരുന്നു,' രാജ്യസഭാ എംപിയും ബിജെപി വക്താവുമായ സുധാന്‍ഷു ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: The BJP has criticised Congress president Mallikarjun Kharge over his Diwali greeting, which included the phrase 'Diwali Khushiyon ka Eid'. BJP national spokesperson Pradeep Bhandari accused the Congress of being anti-Sanatan and engaging in appeasement politics, alleging that the party was targeting vote banks even during Diwali. The criticism centres on the use of the word 'Eid', which also means celebration or festival.

dot image
To advertise here,contact us
dot image