

ബെംഗളൂരു: തന്റെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിന് മറുപടിയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും, അദ്ദേഹത്തേക്കാള്‍ മികച്ച രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് പ്രിയങ്ക് ഖര്‍ഗെ പറഞ്ഞത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

'എന്താണ് പ്രിയങ്ക് ഖര്‍ഗെയുടെ വിദ്യാഭ്യാസ യോഗ്യത? എന്ത് ബിരുദമാണ് അയാള്‍ക്കുള്ളത്? വിവരാവകാശ നിയമം പോലും അത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം എത്രത്തോളം മികച്ച പ്രതിഭയാണെന്ന് ആളുകള്‍ അറിയട്ടെ,' എന്നാണ് ചാലവടി നാരായണസ്വാമി പറഞ്ഞത്. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രധാനമന്ത്രിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നുമായിരുന്നു ഖര്‍ഗെയുടെ മറുപടി.
'എന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഞാനൊരു ഗ്രാഫിക് ഡിസൈനറാണെന്ന് ഈ ലോകത്തിന് മുഴുവനും അറിയാം. അതിലെന്താണ് പ്രശ്‌നം. ഞാന്‍ നരേന്ദ്ര മോദിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ്. ഞാന്‍ അദ്ദേഹത്തേക്കാള്‍ മികച്ച ഇംഗ്ലീഷും സംസാരിക്കും,' പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു.
തനിക്ക് സംസ്‌കൃതം വായിക്കാന്‍ അറിയാമെന്നും ഖര്‍ഗെ പറഞ്ഞു. 'അവര്‍ (ബിജെപി) എന്നെ കോണ്‍വെന്റ് ദളിത് എന്നാണ് വിളിക്കുന്നത്. ഞാന്‍ അദമരു മഠം നടത്തുന്ന സ്‌കൂളിലാണ് പഠിച്ചിട്ടുള്ളത്. അവരുടെ (ബിജെപി നേതാക്കളുടെ) മക്കളാണ് കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ളത്,' അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ചും ഖർഗെ സംസാരിച്ചു.
'കന്നഡിഗരുടെ നികുതിപ്പണം വാങ്ങാന്‍ വേണ്ടി മാത്രമാണ് മോദി കര്‍ണാടകയിലേക്ക് വരുന്നത്. നിങ്ങള്‍ക്ക് ഓര്‍മയുണ്ടെങ്കില്‍, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തനിവാരണ ഫണ്ടിനായി അദ്ദേഹം മോദിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപ പോലും നല്‍കിയില്ല. മൈസൂരുവിനെ പാരീസ് ആക്കുമെന്ന് മോദി പറഞ്ഞു. കൽബുറഗി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിനെ ലോകപ്രശസ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിച്ചത്? എനിക്ക് അദ്ദേഹത്തില്‍ നിന്ന് യാതൊരു പ്രതീക്ഷയുമില്ല,' അദ്ദേഹം പറഞ്ഞു.
നേരത്തെയും ബിജെപി നേതാക്കള്‍ക്കെതിരെ പ്രിയങ്ക് ഖാര്‍ഗെ പരിഹാസം നിറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിലായിരുന്നു നേരത്തെ ഇത്തരമൊരു പ്രതികരണമുണ്ടായത്. വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന് വാശിപിടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്‍ അശോക എന്നിവര്‍ നോട്ടുപുസ്തകമോ ടെലിപ്രോംപ്റ്ററോ നോക്കാതെ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് ഖാര്‍ഗെ വെല്ലുവിളിച്ചു. ബിജെപി നേതാക്കള്‍ തെറ്റുകൂടാതെ മുഴുവന്‍ വരികളും പാടുകകയാണെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Karnataka Home Minister Priyank Kharge responds to BJP leader Chalavadi Narayanaswamy's question on his educational qualifications, claiming he is more qualified than PM Narendra Modi and speaks better English.