

ചെന്നൈ: ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച കോയമ്പത്തൂര്‍ പെരിയാര്‍ ലൈബ്രറി ആന്‍ഡ് സയന്‍സ് സെന്ററില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണവുമായി തമിഴ് എഴുത്തുകാരന് പെരുമാള്‍ മുരുകന്. മുന്നൂറു രൂപ വിലയുള്ള പുസ്കങ്ങള് ലൈബ്രറിക്ക് വിറ്റത് 1500രൂപയ്ക്കാണെന്നും അതും ആര്‍ക്കും അറിയാത്ത അഗല്വിളക്ക് പതിപ്പഗം എന്ന പ്രസാധകരുടെ പേരിലാണെന്നുമാണ് അദ്ദേഹത്തിൻ്റെ ആരോപണം. ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങളില്‍ പലതിലുമുള്ളത് വ്യാജ ഐഎസ്ബിഎന് നമ്പറുകളാണെന്നും ഇതിലെല്ലാം എഐ നിര്‍മിത ഉള്ളടക്കങ്ങളും തെറ്റായ വിവരണങ്ങളും സാങ്കല്പികമായ എഴുത്തുകാരുടെ പേരുവിവരങ്ങളുമാണ് ഉള്ളതെന്നും പെരുമാള്‍ മുരുകൻ ആരോപിക്കുന്നു. മുന്നൂറൂ കോടി ചിലവഴിച്ച് നിര്‍മിച്ച ലൈബ്രറി കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തത്. സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയിരിക്കുന്നത്.
ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം തന്റെ വെബ്സൈറ്റായ 'സിന്ധൈ'യിലാണ് 'പെരിയാർ അറിവുലഗത്തില് പെരിയ ഊഴല്‍' എന്ന പേരില്‍ എഴുതിയ ലേഖനത്തിൽ, അവിടെ കണ്ടെത്തിയ ക്രമക്കേടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലൈബ്രറിയില്‍ വിതരണം ചെയ്ത പുസ്തകങ്ങളില്‍ പലതും വ്യാജവും നിലവാരമില്ലാത്തതാണെന്നും അദ്ദേഹം ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്.
അഗല്വിളക്ക് പതിപ്പഗം എന്ന അറിയപ്പെടാത്ത പ്രസാധക കമ്പനി ഏകദേശം 1800ഓളം പുസ്തകങ്ങളാണ് ലൈബ്രറിക്ക് വിറ്റിരിക്കുന്നത്. മാത്രമല്ല കോടികളുടെ അഴിമതിയാണ് പുസ്തകങ്ങളുടെ വിതരണത്തില്‍ നടന്നിരിക്കുന്നതെന്നും ഉദാഹരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.
പുസ്തകങ്ങളുടെ പേരില്‍ ആരാണ് കോടികള്‍ വകമാറ്റി ചെലവഴിച്ചതെന്നും എന്താണ് ഇതിന് പിന്നിലുള്ള രാഷ്ട്രീയമെന്നും ഈ പണമെല്ലാം എങ്ങോട്ടാണ് പോയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സംഭവത്തില്‍ തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി മന്ത്രി രാജ്മോഹന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പുസ്തകങ്ങൾ വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടതെന്നും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡിഎംകെ ഭരണത്തില്‍ നടന്ന അഴിമതികളിലൊന്നാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തങ്ങളുടെ ഭരണകാലത്ത് നിര്‍മിച്ച പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് വിജയ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.
Content Highlights: The DMK is facing corruption allegations over alleged irregularities at the Periyar Library, including claims involving fake authors, publishers and AI-generated books. The allegations have raised questions about the library's book-related activities.