വിമാന ടിക്കറ്റ് നിരക്ക് കൂടുതലെന്ന് അഭിഭാഷകൻ; വിമാനത്തിൽ യാത്ര ചെയ്യണ്ടെന്ന് ജഡ്ജി

ഉയര്‍ന്ന വിമാനയാത്രാ നിരക്ക് തടയണമെന്ന ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെ, വില കൂടുതലെങ്കിൽ ആകാശയാത്ര വേണ്ടെന്ന് സുപ്രീം കോടതി

വിമാന ടിക്കറ്റ് നിരക്ക് കൂടുതലെന്ന് അഭിഭാഷകൻ; വിമാനത്തിൽ യാത്ര ചെയ്യണ്ടെന്ന് ജഡ്ജി
dot image

ന്യൂഡൽഹി: ഉയര്‍ന്ന വിമാനയാത്രാ നിരക്ക് തടയണമെന്ന ആവശ്യപ്പെട്ട് പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെ, വില കൂടുതലെങ്കിൽ ആകാശയാത്ര വേണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് വിക്രം നാഥിൻ്റേതായിരുന്നു പരാമര്‍ശം. ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു. ഉത്സവ കാലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നു എന്നതായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന വിഷയം. വിമാന നിരക്കുകളിൽ 700 ശതമാനം വരെ വർദ്ധനവ് ഉണ്ടായെന്ന് അഭിഭാഷകൻ ഹർജിയിൽ ചുണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടതില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് വിക്രം നാഥ് വാക്കാൽ പരാമർശിച്ചു. തുടർന്ന് വിമാനയാത്ര അവശ്യ സേവനമാണെന്നും, നിരക്ക് വർധന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, 'യാത്ര ചെയ്യേണ്ട, അടുത്ത കേസ് വിളിക്കൂ' എന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് വിക്രം നാഥ് ഹർജി തള്ളുകയായിരുന്നു.

മുൻപും സമാനമായ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ജനുവരിയിൽ, ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് മഹാ കുംഭമേളയിലും മറ്റ് ഉത്സവ സമയങ്ങളിലെയും ടിക്കറ്റ് വിലയെ വിമർശിച്ചിരുന്നു. പ്രശ്നം ഒരു പരിപാടിയിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് അന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചിരുന്നു. അന്ന് വിമാന നിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ചട്ടം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്രം പുതിയ ചട്ടം രൂപീകരിച്ച സാഹചര്യത്തിലാകാം കോടതി ഇപ്പോൾ ഹർജി തള്ളിയതെന്നാണ് വിലയിരുത്തൽ.

വിമാനയാത്രാ നിരക്കുകളുമായി ബന്ധപ്പെട്ട പുതിയ 'ഭാരതീയ വായുയാൻ നിയമം 2026' കേന്ദ്ര സർക്കാർ ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2027 ജനുവരി 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പുതിയ നിയമപ്രകാരം, അസാധാരണ സാഹചര്യങ്ങളിൽ പൊതുതാൽപ്പര്യം മുൻനിർത്തി വിമാന ടിക്കറ്റ് നിരക്കുകളിൽ താൽക്കാലികമായി ഇടപെടാനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും സർക്കാരിന് അധികാരമുണ്ടാകും. എന്നിരുന്നാലും, വിമാന നിരക്കുകൾക്ക് സ്ഥിരമായ പരിധി ഏർപ്പെടുത്താൻ ഇതിൽ വ്യവസ്ഥയില്ല. വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് തന്നെയാകും തുടർന്നും അധികാരം.

Content Highlights: The Supreme Court dismissed a PIL seeking action against high airfares during festivals and emergencies. Justice Vikram Nath remarked that passengers need not fly if ticket prices are too high.

dot image
To advertise here,contact us
dot image