

യുഎഇയിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്കായി സുപ്രധാന ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഭരണകൂടം. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ ട്രാഫിക് നിയമങ്ങൾ പ്രകാരം ഇ-സ്കൂട്ടർ ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സായി നിശ്ചയിച്ചു. ഇ-സ്കൂട്ടറുകൾക്ക് പുറമെ ഇലക്ട്രിക് ബൈക്കുകൾ, മോപെഡുകൾ എന്നിവയ്ക്കും ഈ നിയമങ്ങൾ ബാധകമായിരിക്കും. മൂന്ന് വർഷ കാലാവധിയുള്ള പെർമിറ്റുകൾ ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റിയിൽ നിന്നാണ് കൈപ്പറ്റേണ്ടത്. ഈ ഉപകരണങ്ങൾ അതത് അതോറിറ്റികളിൽ രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
പുതിയ നിയമപ്രകാരം അപേക്ഷിക്കാനുള്ള പ്രായം 15 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ദുബായിൽ നിലവിൽ 16 വയസ്സിന് താഴെയുള്ളവർ ഇ-സ്കൂട്ടർ ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പ്രാദേശിക നിയമവും പുതിയ ഫെഡറൽ നിയമവും തമ്മിൽ എങ്ങനെ ഏകോപിപ്പിക്കുമെന്നതിൽ കൂടുതൽ വ്യക്തത വരാനുണ്ട്. ഇ-സ്കൂട്ടറുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെ മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സാധാരണ മോട്ടോർ വാഹനങ്ങൾ ഓടുന്ന പ്രധാന റോഡുകളിൽ ഇ-സ്കൂട്ടറുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വാടകയ്ക്കെടുക്കുന്നതും സ്വന്തമായി ഉപയോഗിക്കുന്നതുമായ ഇ-സ്കൂട്ടറുകൾക്ക് ഈ നിയമങ്ങൾ ബാധകമാണ്.
സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിലും കർശന വ്യവസ്ഥകളാണുള്ളത്. രാത്രികാലങ്ങളിൽ വെളിച്ചം നൽകുന്ന ഫ്രണ്ട് ഹെഡ്ലൈറ്റ്, റെഡ് ബ്രേക്ക് ലൈറ്റോട് കൂടിയ റിയർ ലൈറ്റ്, ഹാൻഡ്ലിൽ ശബ്ദ മുന്നറിയിപ്പ് നൽകുന്ന ഹോൺ അല്ലെങ്കിൽ ബെൽ, പിൻചക്രത്തിലെങ്കിലും കാര്യക്ഷമമായ ബ്രേക്ക് എന്നിവ നിർബന്ധമാണ്. കൂടാതെ, ടയറുകൾ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് ഉറപ്പാക്കണം. റോഡുകളിലെ സിഗ്നലുകൾ കൃത്യമായി പാലിക്കണം. റെഡ് സിഗ്നലിൽ റോഡ് മുറിച്ചുകടക്കാൻ പാടില്ല. ഗ്രീൻ സിഗ്നൽ ഫ്ലാഷ് ചെയ്യാൻ തുടങ്ങിയാൽ പുതിയതായി ക്രോസ്സ് ചെയ്യരുത്, എന്നാൽ പകുതി വഴിയിലെത്തിയവർക്ക് ക്രോസ്സിംഗ് പൂർത്തിയാക്കാം.
ഇ-സ്കൂട്ടർ അപകടങ്ങളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിയമങ്ങൾ കടുപ്പിച്ചത്. റോഡ്സേഫ്റ്റി യുഎഇയുടെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 2025-ൽ ഇ-സ്കൂട്ടർ അപകടങ്ങളിൽ 97 ശതമാനം വർദ്ധനവാണ് ഉണ്ടായത്. സർവേയിൽ പങ്കെടുത്ത 93 ശതമാനം പേരും ഇ-സ്കൂട്ടറുകളുടെ അശ്രദ്ധമായ ഉപയോഗം കണ്ടതായി സാക്ഷ്യപ്പെടുത്തിയെങ്കിലും 60 ശതമാനത്തോളം ആളുകൾ ഇത് ദൈനംദിന യാത്രകൾക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. പ്രവാസികൾ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കി സുരക്ഷിതമായി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Content Highlights: The UAE has announced new federal regulations for electric scooters and personal mobility devices under Cabinet Resolution No. 174 of 2026. The rules require e-scooters to have a front headlight, rear light, red brake light, an audible warning device and at least one brake on the rear wheel. Riders must also obtain the required permit and follow designated riding routes. The regulations are scheduled to take effect on January 1, 2027.