കാലടി സര്‍വ്വകലാശാല പ്രതിഷേധം: മാപ്പെഴുതി നൽകിയാൽ 12 വിദ്യാർത്ഥികളെ തിരിച്ചെടുക്കാം, മാപ്പ് പറയില്ലെന്ന് SFI

കാലടി സംസ്‌കൃത സര്‍വ്വകലാശാല വി സിക്കെതിരെ പ്രതിഷേധിച്ചവരിൽ നാല് പേരുടെ സസ്‌പെന്‍ഷന്‍ രണ്ട് മാസം കൂടി നീട്ടി

കാലടി സര്‍വ്വകലാശാല പ്രതിഷേധം: മാപ്പെഴുതി നൽകിയാൽ 12 വിദ്യാർത്ഥികളെ തിരിച്ചെടുക്കാം, മാപ്പ് പറയില്ലെന്ന് SFI
dot image

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാല വി സിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ സസ്‌പെന്‍ഡ് ചെയ്ത 16 പേരില്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം. നാല് പേരുടെ സസ്‌പെന്‍ഷന്‍ രണ്ട് മാസം കൂടി നീട്ടി. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ വ്യവസ്ഥ ലംഘിച്ച വിദ്യാര്‍ഥികളാണ് നാല് പേരെന്നാണ് വാദം. 12 വിദ്യാര്‍ത്ഥികളും മാപ്പ് എഴുതിക്കൊടുത്താല്‍ മാത്രം സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും സിന്‍ഡിക്കേറ്റ് നിബന്ധന വെച്ചിട്ടുണ്ട്. വിഷയം സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്ത ശേഷമാണ് അച്ചടക്ക സമിതി റിപ്പോര്‍ട്ട് പുറത്തുവന്നത്. അച്ചടക്ക നടപടി പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് വി സി സിസ തോമസ്.

എന്നാല്‍ വിദ്യാര്‍ത്ഥികളാരും മാപ്പെഴുതി നല്‍കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കുട്ടികളാരും കുറ്റം ചെയ്തിട്ടില്ല. കുറ്റം ചെയ്തതായി അവരുതന്നെ കണ്ടെത്തി സസ്‌പെന്‍ഷന്‍ നല്‍കുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ 60 ദിവസം പുറത്താക്കിയ ശേഷം അപ്പോള്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയാണ്. അതിനു പുറമേ മാതാപിതാക്കളെത്തി ഇനി പ്രശ്‌നമുണ്ടാകില്ലെന്നു അറിയിക്കണം. ഇതെല്ലാം ആര്‍എസ്എസ് ബുദ്ധിയാണ്. മാപ്പെഴുതി കൊടുത്ത് ശീലമുള്ളത് ആര്‍എസ്എസുകാര്‍ക്കാണെന്നും എസ്എഫ്‌ഐക്കാര്‍ മാപ്പെഴുതി നല്‍കില്ലെന്നും സഞ്ജീവ് പറഞ്ഞു.

sisa thomas kalady vc
സിസ തോമസ്

അതേസമയം, കാലടി സര്‍വകലാശാലയില്‍ നടന്ന സമരത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. 'തന്റെ മണ്ഡലത്തിലാണ് സര്‍വകലാശാല. അന്വേഷണവും റിപ്പോര്‍ട്ടും ഉണ്ടാകുമല്ലോ. കാലടി സമരത്തെക്കുറിച്ച് നുണ പറയുന്നുവെന്ന ആരോപണത്തില്‍ ഇതിനകം മറുപടി പറഞ്ഞതാണ്'. സമരങ്ങള്‍ക്ക് എതിരല്ലെന്നും മന്ത്രി പ്രതികരിച്ചു.

ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകള്‍ കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.

kalady university students protest
വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ എസ്എഫ്‌ഐ സമരം നടത്തിയത്. 25 ദിവസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി സിന്‍ഡിക്കേറ്റ് യോഗത്തിന് എത്തിയ താത്കാലിക വി സി സിസ തോമസിനെതിരെയും വിദ്യാര്‍ത്ഥികള്‍ ലൈറ്റുകള്‍ വച്ച് പ്രതിഷേധം നടത്തുകയായിരുന്നു. അതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ വി സിക്കെതിരെ പ്രതീകാത്മക ശവമഞ്ചം ഒരുക്കിയെന്ന് ആരോപിച്ച് വിഷയം വിവാദമാവുകയായിരുന്നു.

Content Highlights: Kalady Sanskrit University syndicate decides to revoke the suspension of 12 out of 16 students who protested against Vice Chancellor C S Ciza Thomas

dot image
To advertise here,contact us
dot image