തമിഴ് നാട്ടിൽ വീണ്ടും ജയിൽചാട്ടം; കോയമ്പത്തൂരിൽ തടവുകാരൻ രക്ഷപ്പെട്ടു, പ്രതിക്കായി തിരച്ചിൽ

തേനി സംഭവത്തില്‍ ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്‍ രാമലിംഗത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തമിഴ് നാട്ടിൽ വീണ്ടും ജയിൽചാട്ടം; കോയമ്പത്തൂരിൽ തടവുകാരൻ രക്ഷപ്പെട്ടു, പ്രതിക്കായി തിരച്ചിൽ
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജയിൽ ചാട്ടം. തേനി സംഭവത്തിന് പിന്നാലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് റിമാൻഡ് പ്രതി ജയില്‍ ചാടിയത്. ഈറോഡ് ഭവാനി സ്വദേശി രാഘവനാണ് ജയില്‍ ചാടിയത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. കോയമ്പത്തൂര്‍ സിറ്റി, റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

അതേസമയം, തേനി ജില്ലാ ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ട് എന്‍ രാമലിംഗത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇതുവരെ 17 ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ എല്ലാ ജയിലുകളിലും സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിര്‍ദേശം നല്‍കി. രക്ഷപ്പെട്ട 17 തടവുകാരെയും പിന്നീട് പൊലീസ് പിടികൂടിയിരുന്നു. ഇവരെ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തേനി ജയിലില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു എന്‍ രാമലിംഗം. ജയില്‍ ഭരണനിര്‍വഹണത്തിലും സുരക്ഷാ നിരീക്ഷണത്തിലും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

തിങ്കളാഴ്ച രാത്രിയായിരുന്നു തേനി ജയിലില്‍ നിന്ന് 17 തടവുകാര്‍ രക്ഷപ്പെട്ടത്. അപസ്മാരം ബാധിച്ചതായി അഭിനയിച്ചായിരുന്നു രക്ഷപ്പെടാനുള്ള നീക്കം നടത്തിയത്. സഹായിക്കാനായി സെല്‍ തുറന്ന ജീവനക്കാരനെ തടവുകാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും തുടര്‍ന്ന് ജയിലിന്റെ പ്രധാന കവാടത്തിന്റെ താക്കോല്‍ കൈക്കലാക്കി പുറത്തു കടക്കുകയായിരുന്നു.

theni jail escape
തേനി ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാര്‍

ഇതിനിടെ, ഒക്ടോബര്‍ 20ന് ചെന്നൈയ്ക്ക് സമീപമുള്ള പുഴല്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും രണ്ട് തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. ഏഴ് പൊലീസ് സംഘങ്ങള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രണ്ട് ദിവസത്തിന് ശേഷമാണ് ഇവരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ജയില്‍ ചാട്ടങ്ങള്‍ നടന്നതോടെയാണ് സര്‍ക്കാര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. ഇതിന് പിന്നാലെ ജയില്‍-തിരുത്തല്‍ സേവന വിഭാഗം ഡിജിപി ഡോ. സന്ദീപ് റായ് റാത്തോറിനെയും സ്ഥലം മാറ്റിയിരുന്നു. ജയില്‍ സുരക്ഷയില്‍ നടപടിക്രമപരമായ വീഴ്ചകളുണ്ടായതായി തമിഴ്‌നാട് മന്ത്രി ആര്‍ നിര്‍മല്‍ കുമാറും സമ്മതിച്ചിരുന്നു. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Another prisoner has escaped from Coimbatore Central Jail in Tamil Nadu following the Theni jailbreak, where 17 inmates fled, raising fresh concerns over prison security across the state

dot image
To advertise here,contact us
dot image