

ജയ്പൂർ: ഒറ്റ ദിവസം കൊണ്ട് ബാങ്ക് അക്കൗണ്ടിൽ 10,000 കോടി രൂപയെത്തിയാൽ ആരും ഒന്ന് ഞെട്ടും. രാജസ്ഥാനിലെ സിക്കാറിലുള്ള സമീർ ഖാനാണ് (22) ഇത്തരമൊരു അനുഭവമുണ്ടായത്. എന്നാൽ കോടീശ്വരനായതിൻ്റെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല, അക്കൗണ്ട് മരവിപ്പിച്ചതായി ബങ്കിൽ നിന്നും സന്ദേശം പിന്നാലെ വന്നു. ഇതോടെ സ്വന്തം അക്കൗണ്ടിലുണ്ടായിരുന്ന 55,000 രൂപ പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി സമീർ ഖാന്.
സിക്കാർ നഗരത്തിലെ നിർമൽ മെഡിക്കൽ സ്റ്റോറിലാണ് സമീർ ജോലി ചെയ്യുന്നത്. കഴിഞ്ഞ 10 മാസമായി ഇവിടെ ജോലി ചെയ്യുന്നു. പ്രതിമാസം 10,000 രൂപ ശമ്പളമുള്ള സമീറിന് കൊട്ടക് ബാങ്കിലാണ് അക്കൗണ്ട് ഉള്ളത്. ഇക്കഴിഞ്ഞ ബുധനാഴ്ച തൻ്റെ പ്രീപെയ്ഡ് മൊബൈൽ നമ്പർ റീചാർജ് ചെയ്യുന്നതിനായി ബാങ്കിങ് ആപ്പ് തുറന്നപ്പോഴാണ് അക്കൗണ്ട് ബാലൻസ് പൂജ്യം എന്ന് കാണിക്കുന്നത്. എന്താണ് സംഭവിച്ചതെന്നറിയാൻ കൂടുതൽ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലേക്ക് 10,000 കോടി രൂപ വന്നതായും, പിന്നാലെ അക്കൌണ്ട് ബാങ്ക് മരവിപ്പിച്ചതായും കണ്ടെത്തിയത്.
പരിഭ്രാന്തനായ സമീർ ഉടൻ തന്നെ കടയുടമ ധീരജ് ശർമയെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് സിക്കാർ സൈബർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും, ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനായിരുന്നു പൊലീസിൻ്റെ നിർദ്ദേശം. തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു സാങ്കേതിക തകരാർ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായത്. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുകയും സമീറിൻ്റെ അക്കൗണ്ടിലുണ്ടായിരുന്ന യഥാർത്ഥ തുകയായ 55,000 രൂപ പുനഃസ്ഥാപിക്കുകയും ചെയ്തു.

'എന്റെ അക്കൗണ്ടിൽ 55,000 രൂപയാണുണ്ടായിരുന്നത്. പെട്ടെന്നാണ് 10,000 കോടി രൂപ വന്നതായും അക്കൗണ്ട് മരവിപ്പിച്ചതായും കണ്ടത്. ഇതോടെ എന്റെ സ്വന്തം പണം പോലും എടുക്കാൻ കഴിയാതായി. പൊലീസിലും ബാങ്കിലും വിവരമറിയിച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്," സമീർ ഖാൻ പറഞ്ഞു. ജനുവരി മുതൽ തൻ്റെ കടയിൽ ജോലി ചെയ്യുന്ന സമീറിന് 10,000 രൂപയാണ് മാസശമ്പളമെന്നും, അക്കൗണ്ടിൽ 10,000 കോടി രൂപ വന്നെന്നറിഞ്ഞ് താൻ ശരിക്കും ഞെട്ടിപ്പോയെന്നും കടയുടമ ധീരജ് ശർമയും പ്രതികരിച്ചു. ജീവിതത്തിൽ ആദ്യമായാണ് താൻ ഇങ്ങനെയൊരു സംഭവം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Rajasthan Man Sees ₹10,000 Crore in Bank Account Due to Technical Glitch