

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കൈയിലെ അണുബാധയില്‍ ചികിത്സാ പിഴവ് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. ചികിത്സാ പിഴവില്‍ കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ലെന്ന് പാത്തോളജി ലാബ് റിപ്പോര്‍ട്ട്. കൈയിലെ അണുബാധയും കാന്‍സറും തമ്മില്‍ ബന്ധമില്ലെന്നും കയ്യിലെ രക്ത കുഴലുകളില്‍ രക്തം കട്ടപിടിച്ചതില്‍ ചികിത്സാപിഴവുണ്ടെന്നുമാണ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ കയ്യില്‍ ക്യാനുല വെച്ചത് നീരു വെച്ച് വീര്‍ക്കുകയും രക്ത കോശങ്ങളെ ബാധിക്കുകയും ചെയ്തു. അതാണ് അണുബാധയ്ക്ക് കാരണമായത്.
കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകന്‍ വിധാന്‍ ആണ് ചികിത്സയില്‍ കഴിയുന്നത്. കീമോയുടെ ഭാഗമായി ക്യാനുല വെച്ചതില്‍ പിഴവുണ്ടായെന്നായിരുന്നു മാതാപിതാക്കാള്‍ ഉയര്‍ത്തിയ പരാതി. ക്യാനുല വച്ച അതേ കയ്യില്‍ ബിപി മെഷീന്‍ വച്ച് പരിശോധിച്ചു. അതുമൂലം ഇടതുകൈയില്‍ അണുബാധ ഉണ്ടായി വീര്‍ത്തിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

'കയ്യിലെ നീര് നഴ്‌സുമാരോട് ചൂണ്ടിക്കാട്ടിയിട്ടും അവര്‍ പ്രതികരിച്ചില്ല. കൃത്യമായ ചികിത്സ നല്‍കിയില്ല. ഓരോ ദിവസം കഴിയുന്തോറും കുഞ്ഞിന്റെ കയ്യുടെ അവസ്ഥ മോശമായി. അവനെ എനിക്കൊന്ന് ഫീഡ് ചെയ്യാന്‍ പോലും പറ്റുന്നില്ല. ക്യാനുല ഇട്ടതിനാലാണ് കയ്യില്‍ നീരുവന്നതെന്ന് അവര്‍ സമ്മതിക്കുന്നില്ല' അമ്മ പറഞ്ഞു.
19ാം തിയതിയാണ് കുഞ്ഞിന്റെ കയ്യില്‍ ക്യാനുല ഇട്ടത്. 20ാം തിയതി മുതല്‍ കയ്യില്‍ അണുബാധ സംഭവിച്ചുവെന്നും തുടര്‍ന്ന് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും ആരും വ്യക്തമായ ഉത്തരം നല്‍കിയില്ലല്ലെന്നും കുഞ്ഞിന്റെ അമ്മ ആരോപിച്ചു. പിന്നീട് അണുബാധ രൂക്ഷമായതോടെ 29-ാം തീയതി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ക്യാനുല വെച്ചത് മൂലമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഞരമ്പ് പൊട്ടിയതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കയ്യില്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ പത്തോളജി ലാബ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ആര്‍സിസി ഡയറക്ടറെ കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
Content Highlights: A pathology report confirms treatment negligence in the hand infection of a nine-month-old baby at Thiruvananthapuram RCC, ruling out any link between the infection and leukaemia