'സോഷ്യൽ മീഡിയ ലൈക്കുകൾക്ക് പകരം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക'; യുവ അഭിഭാഷകരോട് അലഹബാദ് ഹൈക്കോടതി

ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരായ അഭിഭാഷകരുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പരാമർശം

'സോഷ്യൽ മീഡിയ ലൈക്കുകൾക്ക് പകരം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക'; യുവ അഭിഭാഷകരോട് അലഹബാദ് ഹൈക്കോടതി
dot image

ലഖ്നൗ: സോഷ്യൽ മീഡിയയിൽ ലൈക്കുകൾ തേടുന്നതിനു പകരം പഠനം, കേസ് തയ്യാറെടുപ്പ്, കരിയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവ അഭിഭാഷകരോട് നിർദേശവുമായി അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരിൽ ചിലരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ വിമർശിച്ചുകൊണ്ടാണ് അലഹബാദ് കോടതിയുടെ പരാമർശം. വെള്ളിയാഴ്ച്ച കോടതി പരിസരത്ത് പ്രതിഷേധങ്ങളും തടസ്സങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്വാൾ ഈ നിരീക്ഷണം നടത്തിയത്.

അപൂർണ്ണമാവും വളച്ചൊടിച്ചതുമായ ചില പോസ്റ്റുകൾ ബാറിനും ബെഞ്ചിനുമിടയിൽ അനാവശ്യമായ ഭിന്നതയും തെറ്റിദ്ധാരണെയും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ ഹൈക്കോടതിയിൽ വിശ്വാസം അർപ്പിക്കുന്നതുകൊണ്ട് മാത്രമാണ് അഭിഭാഷകർക്ക് സമൂഹത്തിൽ ബഹുമാനം ലഭിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അഭിഭാഷകർക്കായി ഒഴിച്ചിട്ട സീറ്റിൽ പൊലീസ് ഉദ്യോഗസ്ഥൻ ഇരുന്നതിനെ ഒരു അഭിഭാഷകൻ ചോദ്യം ചെയ്യു. ഇതിനെ തുടർന്ന് ജസ്റ്റിസ് അജയ് ഭാനോട്ട് ഈ അഭിഭാഷകൻ പൊലീസ് ഉദ്യോഗസ്ഥനോട് ക്ഷമാപണം നടത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. പിന്നാലെയാണ് ജസ്റ്റിസ് ഭാനോട്ട് അഭിഭാഷകനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒരു വിഭാഗം അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ജസ്റ്റിസ് ഭാനോട്ടിന്റെ കോടതി മുറിയിൽ പ്രത്യേക കസേര സജ്ജീകരിച്ചിട്ടുണ്ടെന്ന് ബാർ അസോസിയേഷൻ പറഞ്ഞു. അഭിഭാഷകനെ ജയിലിലടയ്ക്കുമെന്ന് ജഡ്ജി ഭീഷണിപ്പെടുത്തിയതായും മറ്റൊരു മുതിർന്ന അഭിഭാഷകനെ പരിഹസിച്ചതായും ബാർ ബോഡി ആരോപിച്ചു. ജഡ്ജിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ജസ്റ്റിസ് ഭാനോട്ടിന്റെ കോടതി ബഹിഷ്‌കരിക്കുമെന്ന് ബാർ അസോസിയേഷൻ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ബുധനാഴ്ച അഭിഭാഷകർ അദ്ദേഹത്തിൻ്റെ കോടതിമുറി അടിച്ചുതകർക്കുകയും ചെയ്തിരുന്നു.


Vandalised court room in Allahabad High COurt
അഭിഭാഷകർ അടിച്ചുതകർത്ത കോടതിമുറി


വെള്ളിയാഴ്ച്ച കേസുകൾ പരിഗണിക്കുന്നതിനിടെയും പ്രതിഷേധമുണ്ടായി. ജസ്റ്റിസ് ദേശ്വാളിന്റെ കോടതിമുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു വനിതാ അഭിഭാഷകയെ മറ്റു ചില അഭിഭാഷകർ തടഞ്ഞത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ്, ഒരു കൂട്ടം അഭിഭാഷകർ തങ്ങളുടെ കേസുകൾ വാദിക്കാൻ ശ്രമിക്കുമ്പോൾ, മറ്റൊരു വിഭാഗത്തിന് കോടതി നടപടികൾ തടസ്സപ്പെടുത്താൻ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ബാറിനും ബെഞ്ചിനുമിടയിൽ അനാവശ്യമായ ഭിന്നതകൾ സൃഷ്ടിക്കുന്ന രീതിയിലേക്ക് പ്രതിഷേധങ്ങൾ മാറരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Justice Arun Kumar SIngh Deshwal
ജസ്റ്റിസ് അരുൺ കുമാർ സിംഗ് ദേശ്വാൾ

'സോഷ്യൽ മീഡിയ ലൈക്കുകൾ കൂട്ടാൻ ശ്രമിക്കുന്നതിന് പകരം യുവ അഭിഭാഷകർ പഠനത്തിലും കരിയർ കെട്ടിപ്പടുക്കുന്നതിനുമായി കേസുകൾ തയ്യാറാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം. യുവ അഭിഭാഷകരാണ് ഹൈക്കോടതിയുടെ ഭാവി. ഈ കോടതിയിലെ മിക്ക ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും യുവ അഭിഭാഷകരുടെ ഭാവിക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്, ഭാവിയിൽ അവർ ഈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരും ജഡ്ജിമാരുമായി മാറും', കോടതി പറഞ്ഞു.

Content Highlights: The Allahabad High Court advised young lawyers to focus on legal studies, case preparation and career growth instead of seeking social media likes, amid protests over court proceedings.

dot image
To advertise here,contact us
dot image