

ദീപാവലി കുടുംബസമേതം തിയേറ്ററില്‍ ആഘോഷിക്കാന്‍ പ്രേക്ഷകരെ ക്ഷണിച്ച് നയന്‍താര നായികയാകുന്ന 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി'. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ചടങ്ങില്‍ സംവിധായകന്‍ സുന്ദര്‍ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 400 അംഗങ്ങള്‍ ഒന്നര വര്‍ഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ CGI ജോലികള്‍ പൂര്‍ത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളില്‍ CGI ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ വെറും 15 ഷോട്ടുകളില്‍ മാത്രമാണ് AI ഉപയോഗിച്ചിട്ടുള്ളത്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തമ്മില്‍ സിനിമയുടെ പേര്, നിര്‍മ്മാതാവ് ഇഷാരി ഗണേഷ്, നയന്‍താര, ഉര്‍വശി എന്നീ നാല് ഘടകങ്ങള്‍ മാത്രമാണ് പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും പ്രീ-റിലീസ് ചടങ്ങില്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചു. ചിത്രത്തില്‍ രണ്ട് സര്‍പ്രൈസ് താരങ്ങള്‍ കൂടിയുണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകര്‍ക്ക് സിനിമയില്‍ തന്നെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്സിന് സംഗീതം ഒരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി സുന്ദര്‍ സി ചിത്രങ്ങളിലെ ഗാനങ്ങള്‍ ശ്രദ്ധേയമാകാറുണ്ടെങ്കിലും ഈ ചിത്രത്തില്‍ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ മോണ്ടേജ് ട്രാക്കുകളായാണ് എത്തുന്നത്.
ഉര്‍വശിയും ഖുശ്ബുവും ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അതിശയിപ്പിക്കുന്ന VFX, CGI ദൃശ്യങ്ങള്‍, കുടുംബവികാരങ്ങള്‍, നര്‍മ്മം, വിനോദം എന്നിവ ഒത്തുചേരുന്ന ചിത്രമാണിതെന്ന് ഉര്‍വശി അഭിപ്രായപ്പെട്ടു. റെജീനയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സുന്ദര്‍ സി ഒരുക്കിയ മനോഹരമായ ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രമെന്നും ഹിപ്പ് ഹോപ്പ് തമിഴാ ആദിയുടെ സംഗീതവും താരങ്ങളുടെ പ്രകടനവും മികച്ചതാണെന്നും ഖുശ്ബു പറഞ്ഞു. മൂക്കുത്തി അമ്മന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെ ജനിച്ച താരമാണ് നയന്‍താരയെന്നും കഥാപാത്രത്തോടുള്ള അവരുടെ സമര്‍പ്പണവും പ്രൊഫഷണലിസവും ദൈവികമായ പ്രഭാവവും മറ്റാര്‍ക്കും അനുകരിക്കാനാവാത്തതാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
ദീപാവലി ആഘോഷങ്ങള്‍ക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന സമ്പൂര്‍ണ്ണ എന്റര്‍ടെയ്നറായിരിക്കും 'മൂക്കുത്തി അമ്മന്‍ 2 - മഹാശക്തി' എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. തന്റെ സിനിമകളില്‍ ലോജിക് അന്വേഷിക്കാതെ മാജിക് ആസ്വദിക്കാനാണ് പ്രേക്ഷകര്‍ തയ്യാറാകേണ്ടതെന്ന സുന്ദര്‍ സിയുടെ പതിവ് ശൈലിയില്‍, ദൃശ്യവിസ്മയവും നര്‍മ്മവും കുടുംബവിനോദവും കോര്‍ത്തിണക്കിയ മറ്റൊരു വിരുന്നായിരിക്കും ചിത്രം. നവംബര്‍ 6ന് നടക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസിനായി സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Nayanthara's 'Mookuthi Amman 2 Mahashakti' to celebrate Diwali