

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് തിരിച്ചടി. അഞ്ച് സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാനായത്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി മൂന്ന് സീറ്റുകള്‍ നേടി. ബിജെപി മൂന്ന് സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിച്ചത്. സഖ്യകക്ഷിയായ ശിവസേന രണ്ട് സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ വിജയിച്ചു. പ്രതിപക്ഷത്ത് എന്‍സിപി (ശരദ് പവാര്‍ വിഭാഗം) മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ഒന്നില്‍ വിജയിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വന്തം നാടും ആര്‍എസ്എസ് ആസ്ഥാനവുമായ നാഗ്പുരിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്. നാഗ്പുര്‍ ബിരുദ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിജീത് വഞ്ജാരി, ബിജെപി സ്ഥാനാര്‍ഥി സുധാകര്‍ കോഹ്ലെയെ പരാജയപ്പെടുത്തി. നാഗ്പുര്‍ ബിരുദ മണ്ഡലത്തിലെ വോട്ടെണ്ണല്‍ അവസാന ഘട്ടം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ആദ്യ പ്രിഫറന്‍സ് വോട്ടുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായിരുന്നു മുന്നേറ്റം. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി മുന്നിലെത്തി.

ഇരുവര്‍ക്കും വിജയിക്കുന്നതിനുള്ള വോട്ട് വിഹിതം ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്നാം പ്രിഫറന്‍സ് വോട്ടുകളും എണ്ണേണ്ടിവന്നു. എന്‍സിപി (ശരദ് പവാര്‍ വിഭാഗം) വിമതനും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ നിലേഷ് കരാണ്ടെയുടെ രണ്ടാം പ്രിഫറന്‍സ് വോട്ടുകള്‍ നിര്‍ണായകമായി. ഈ വോട്ടുകളില്‍ നിന്ന് വഞ്ജാരിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതോടെ അദ്ദേഹം കോഹ്ലെയെ 2,500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നാഗ്പുര്‍ മണ്ഡലത്തില്‍ ബിജെപി വിരുദ്ധരായ 25,000 വോട്ടുകള്‍ സമാഹരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയസാധ്യത കുറയ്ക്കുകയായിരുന്നു നിലേഷ് കരാണ്ടെയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കരാണ്ടെയുടെ രണ്ടാം മുന്‍ഗണനാ വോട്ടുകളില്‍ ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ വഞ്ജാരിക്ക് ലഭിച്ചു. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുകയായിരുന്നു.
Content Highlights: The BJP-led Mahayuti alliance won just two of five Maharashtra MLC seats, while the opposition MVA secured three. Congress candidate Abhijeet Wanjari defeated BJP’s Sudhakar Kohale by 2,500 votes in Nagpur