ജാര്‍ഖണ്ഡില്‍ ഓപ്പണ്‍ ജയിലില്‍ വിവാഹിതരായി മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍

ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ വെച്ചായിരുന്നു വിവാഹം

ജാര്‍ഖണ്ഡില്‍ ഓപ്പണ്‍ ജയിലില്‍ വിവാഹിതരായി മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍
dot image

റാഞ്ചി: അക്രമമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയ രണ്ട് മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ വെച്ച് വിവാഹിതരായി. ഇവരുടെ പുനരധിവാസത്തെ പിന്തുണയ്ക്കുന്നതിനായുള്ള ഇടപെടലിന്റെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ഈ വിവാഹം നടത്തിയത്. സുരേഷ് സിംഗ് മുണ്ട, സോംവാരി ഹെംബ്രാം എന്നിവരാണ് വിവാഹിതരായത്. ജാര്‍ഖണ്ഡിലെ ഓപ്പണ്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന തടവുകാര്‍ തമ്മില്‍ നടന്ന ആദ്യത്തെ വിവാഹമാണ് ഇതെന്നാണ് കരുതുന്നത്.

റാഞ്ചിയിലെ ബുണ്ടു മേഖലയിലുള്ള ബരുഹാട്ടു സ്വദേശിയായ സുരേഷും, തമറിലെ അരാഹംഗ സ്വദേശിയായ സോംവാരിയും ഒരു കാലത്ത് മാവോയിസ്റ്റ് സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ്. പിന്നീട് ആയുധം ഉപേക്ഷിച്ച് ഇവര്‍ മുഖ്യധാരയിലേക്ക് മടങ്ങിവരികയായിരുന്നു. ഡിജിപി തദാഷ മിശ്രയുടെ നിര്‍ദ്ദേശപ്രകാരം പൊലീസും ജില്ലാ ഭരണകൂടവുമാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. സംഘര്‍ഷം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് ജയില്‍ ഐജി സുദര്‍ശന്‍ കുമാര്‍ മണ്ഡല്‍ പറഞ്ഞു. കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സുഗമമായി തിരിച്ചെത്താന്‍ സഹായിക്കുന്നതിനായി മറ്റ് പല നടപടികളും സജീവമായി സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കീഴടങ്ങിയ മാവോയിസ്റ്റുകളെ അവരുടെ ജീവിതം കെട്ടിപ്പടുക്കാനും സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനും സഹായിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍, പുനരധിവാസ നയങ്ങളില്‍ ആകൃഷ്ടരായ ഈ ദമ്പതികള്‍ ആയുധം ഉപേക്ഷിക്കുകയും, സമൂഹത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി ഓപ്പണ്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയുമായിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഉദ്യോഗസ്ഥരും വധൂവരന്മാരുടെ ബന്ധുക്കളുടെ സ്ഥാനത്ത് നിന്ന് ചടങ്ങുകളില്‍ പങ്കെടുത്തു. പരമ്പരാഗത വിവാഹ ആചാരപ്രകാരം അവര്‍ ദമ്പതികളെ സ്വീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹസ്ഥലത്ത് വെച്ചുതന്നെ ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Former Maoist commanders Suresh Singh Munda and Somwari Hembram married at Hazaribagh Open Jail in Jharkhand after abandoning armed activities and returning to the mainstream. Police and the district administration organised the wedding as part of efforts to support their rehabilitation. The marriage is believed to be the first between inmates serving sentences at an open jail in Jharkhand.

dot image
To advertise here,contact us
dot image