

തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിലവിലെ ‘യുദ്ധവുമില്ല, സമാധാനവുമില്ല’ എന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിടണമെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനേയി നിർദ്ദേശിച്ചതായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. ഈ നിർദേശം ഇറാന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പാണെന്നും മസൂദ് പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസിയാണ് (ഐആർഎൻഎ) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകൾ മുജ്തബ ഖമനേയി ഒരു ദിവസം മുമ്പ് സുരക്ഷാ മേധാവി മൊഹ്സെൻ റെസായിയുമായുള്ള കൂടിക്കാഴ്ചയിൽ ആവർത്തിച്ചിരുന്നതായും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും നിലവിലെ അനിശ്ചിതത്വവും സംഘർഷാവസ്ഥയും മറികടക്കുന്നതിനുമുള്ള മാർഗങ്ങളാണ് മൊഹ്സെൻ റെസായി-മുജ്തബ ഖമനേയി കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായതെന്നായിരുന്നു റിപ്പോർട്ട്. നിലവിലെ സാഹചര്യം ഒരു ‘നിർണായക വഴിത്തിരിവ്’ ആണെന്ന് ഖമേനി വിശേഷിപ്പിച്ചതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഇറാന്റെ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക പിൻവലിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. അതേസമയം, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാനും അമേരിക്കയും തമ്മിൽ മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും വീണ്ടും നിലപാട് ആവർത്തിച്ച് രംഗത്ത് വന്നത്. ഇതിനിടെ ഹോർമുസ് കടലിടുക്ക് ഏഴു ദിവസത്തിനുള്ളിൽ തുറക്കാനുള്ള സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നിലപാട് തള്ളി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു .ഇറാനുമായി സമാധാന ചർച്ചകൾ ആരംഭിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനോട് താൻ നിർദ്ദേശിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകളും ഡോണൾഡ് ട്രംപ് നിഷേധിച്ചു. ഇറാന് മെഡിക്കൽ സാമഗ്രികൾ സംബന്ധിച്ച സഹായം ആവശ്യമായി വന്നതിനെത്തുടർന്നാണ് ഈ ആശയവിനിമയം നടന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
അമേരിക്കയുമായുള്ള ഏഴുദിന പദ്ധതി നടപ്പാക്കാനുള്ള നിർദേശങ്ങൾ പരിശോധിക്കാൻ മധ്യസ്ഥരുമായി ചർച്ച തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും നയതന്ത്ര ചർച്ചകൾക്ക് ഇറാൻ അവസരം നൽകുന്നത് തുടരുകയാണെന്നായിരുന്നു എക്സിൽ പങ്കുവെച്ച കുറിപ്പിൽ അരാഗ്ചി വ്യക്തമാക്കിയത്. 'മാതൃരാജ്യത്തെ സംരക്ഷിക്കാൻ നമ്മുടെ ധീരരായ സായുധസേന പൂർണ സജ്ജമാണ്. അതേസമയം നയതന്ത്ര ചർച്ചകൾ വിജയിക്കാനുള്ള അവസരം ഇറാൻ ഇപ്പോഴും നൽകുന്നുണ്ട്. ഏഴുദിന പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ നടപ്പാക്കാൻ സഹായിക്കുന്ന നിർദേശങ്ങൾ പരിശോധിക്കുന്നതിനായി മധ്യസ്ഥരുമായി അടുത്തും തുടർച്ചയായും ബന്ധപ്പെടുന്നുണ്ട് എന്നായിരുന്നു അരാഗ്ചി എക്സിൽ കുറിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഖത്തർ മധ്യസ്ഥർ വഴിയാണ് ഇറാൻ ഏഴുദിന പദ്ധതി അമേരിക്കയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇറാന്റെ നിബന്ധനകൾ അമേരിക്ക അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് പദ്ധതിയിലെ പ്രധാന നിർദേശം. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ അമേരിക്ക ചില നടപടികൾ സ്വീകരിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ശത്രുത അവസാനിപ്പിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക, മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആറാം ദിവസം ഹോർമുസ് കടലിടുക്ക് സാധാരണ വാണിജ്യ കപ്പൽ ഗതാഗതത്തിനായി ഇറാൻ തുറന്നുകൊടുക്കും. ഏഴാം ദിവസം ഇറാനും അമേരിക്കയും തമ്മിൽ സമഗ്രമായ കരാറിലെത്തുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്നും പദ്ധതിയിൽ വ്യക്തമാക്കുന്നത്. നിർദേശങ്ങൾ നടപ്പാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയ്ക്ക് വിധേയമായിരിക്കുമെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതിനിടെ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലും നജ്റാനിലും നൽകിയിരുന്ന അപകട മുന്നറിയിപ്പ് പിൻവലിച്ച് സൗദി സിവിൽ ഡിഫൻസ് അതോറിറ്റി. മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നടപടികളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. സൗദി അറേബ്യയിലെ നജ്റാൻ പ്രവിശ്യയിൽ അപകടസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഡിഫൻസ് അതോറിറ്റി നേരത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. നേരത്തെ കിഴക്കൻ പ്രവിശ്യയിൽ സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നജ്റാനിലും ജാഗ്രതാ നിർദേശം നൽകിയത്. പുലർച്ചെ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമാക്കി ഹൂതികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിരുന്നു. യെമനിലെ ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം.
Content Highlights: Iranian President Masoud Pezeshkian says the Supreme Leader has called for an end to the uncertain state of “neither war nor peace” between Iran and the United States.