ബെഞ്ചമിൻ നെതന്യാഹു വാഴുമോ വീഴുമോ? ഇസ്രായേൽ പാർലമെൻ്റും തെരഞ്ഞെടുപ്പും

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിയെഴുതാൻ ശേഷിയുള്ള ഒരു പൊതുതിരഞ്ഞെടുപ്പിനാണ് ഒക്ടോബർ 27ന് ഇസ്രയേലിൽ കളമൊരുങ്ങുന്നത്

ബെഞ്ചമിൻ നെതന്യാഹു വാഴുമോ വീഴുമോ? ഇസ്രായേൽ പാർലമെൻ്റും തെരഞ്ഞെടുപ്പും
dot image

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിയെഴുതാൻ ശേഷിയുള്ള ഒരു പൊതുതിരഞ്ഞെടുപ്പിനാണ് ഒക്ടോബർ 27ന് ഇസ്രയേലിൽ കളമൊരുങ്ങുന്നത്. ഏഴു പതിറ്റാണ്ടിലേറെ പ്രായമുള്ള ഇസ്രായേലിൻ്റെ ചരിത്രത്തിൽ സവിശേഷമായൊരു രാഷ്ട്രീയ സാഹചര്യം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് രൂപപ്പെടുത്തുന്നത്. പത്തൊൻപത് വർഷത്തോളം അധികാരത്തിലിരുന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച ബെഞ്ചമിൻ നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇത് കേവലമൊരു അധികാരത്തുടർച്ചയ്ക്കുള്ള മത്സരമല്ല, മറിച്ച് തൻ്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത അതിജീവന യുദ്ധമാണ്. ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയ പ്രതിസന്ധികളുടെ പത്മവ്യൂഹത്തിലാണ് ബെഞ്ചമിൻ നെതന്യാഹു. അഴിമതിക്കേസുകളുടെ വിചാരണയും രാജ്യത്തെ ഉലച്ച രാഷ്ട്രീയ പ്രതിസന്ധികളും ഒരുവശത്ത്. ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം മറുവശത്ത്. അധികാരത്തിൻ്റെ അത്യുന്നതങ്ങളിൽ നെതന്യാഹു തുടർന്നും വാഴുമോ അതോ ഒരു ജനത കൈവിട്ട പ്രതിനായകനായി വീഴുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇസ്രായേൽ പാർലമെൻ്റും തെരഞ്ഞെടുപ്പും

120 അംഗങ്ങളടങ്ങുന്നതാണ് ഇസ്രായേലി പാർലമെൻ്റായ 'നെസെറ്റ്. ഇതിൽ രാജ്യം മുഴുവൻ ഒറ്റ മണ്ഡലമായാണ് കണക്കാക്കുന്നത്. വ്യക്തികൾക്കു പകരം രാഷ്ട്രീയ പാർട്ടികൾക്കാണ് ഇവിടെ ജനങ്ങൾ വോട്ടു ചെയ്യുന്നത്. പല ചെറിയ പാർട്ടികൾ മത്സരിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികൾ ചേർന്നു കൂട്ടുമന്ത്രിസഭ ഉണ്ടാക്കുകയും ചെയ്യുന്നു. പാർലമെൻ്റിൽ സീറ്റ് ലഭിക്കാൻ ഒരു പാർട്ടി കുറഞ്ഞത് 3.25% വോട്ട് നേടേണ്ടതുണ്ട്. തുടർന്ന് പാർട്ടികളുടെ വോട്ട് വിഹിതത്തിന് ആനുപാതികമായാണ് സീറ്റുകൾ വീതിച്ചുനൽകുന്നത്. മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പാർലമെൻ്റിൽ കേവല ഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുന്നത്. അതുകൊണ്ടുതന്നെ 1948-ൽ രാജ്യം നിലവിൽ വന്നതുമുതൽ 25 പാർലമെൻ്റുകൾ കണ്ട ഇസ്രയേലിൽ നിരന്തരം കൂട്ടുമന്ത്രിസഭകളാണ് അധികാരത്തിലേറുന്നത്. ഒക്ടോബർ 27ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നവംബർ നാലിനാണ് ഫലപ്രഖ്യാപനം.

പോർക്കളത്തിലെ പ്രമുഖർ

People walk past a Likud party campaign billboard featuring Israeli Prime Minister Benjamin Netanyahu alongside opposition party leaders and bearing the Hebrew slogan “Right or Palestine,” ahead of Israel’s general election, in Bnei Brak, Israel

ലികുഡ് പാർട്ടി - ബെൻഞ്ചമിൻ നെതന്യാഹു

ഭരണത്തുടർച്ച പ്രതീക്ഷിച്ചാണു ലികുഡ് എന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവായ ബെൻഞ്ചമിൻ നെതന്യാഹു മത്സരത്തിനിറങ്ങുന്നത്. പരമ്പരാഗത ജൂത വോട്ടർമാരും തൊഴിലാളി വർഗവുമാണ് ലികുഡിനെ പിന്തുണയ്ക്കുന്നത്. 2022 ലെ തിരഞ്ഞെടുപ്പിൽ, പോൾ ചെയ്തതിന്റെ ഏകദേശം നാലിലൊന്നു വോട്ടുകളാണു പാർട്ടി നേടിയത്. അധികാരത്തിലേറുന്നതിനായി തീവ്ര വലതുപക്ഷ പാർട്ടികളുമായി നെതന്യാഹു സഖ്യം ചേർന്നിരുന്നു. ദേശീയതയെ ലിബറൽ സാമ്പത്തിക നയങ്ങളും സംയോജിപ്പിക്കുന്നതാണ് ലികുഡ് പാർട്ടിയുടെ പ്രത്യയശാസ്ത്രം.

ഒത്സമ യഹുദിറ്റ് - ബെൻ ഗ്വിർ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സയണിസ്റ്റ് പാർട്ടിയും തീവ്ര വലതുപക്ഷ നോം വിഭാഗവും റിലീജിയസ് സയണിസ്റ്റ് പാർട്ടിയുമായി ചേർന്ന് 14 സീറ്റുകൾ നേടിയ തീവ്ര വലതുപക്ഷ പാർട്ടിയാണ് ഒത്സമ യഹുദിറ്റ്. പാർട്ടി നേതാവ് ഇറ്റാമർ ബെൻ-ഗ്വിർ ഇസ്രായേൽ പൊലീസിനെ മുഴുവൻ നിയന്ത്രിയ്ക്കുന്ന ദേശീയ സുരക്ഷാ മന്ത്രിയാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിനും പിന്തുണച്ചതിനും ബെൻ-ഗ്വിർ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.

ഷാസ് (സെഫാർഡിക് ഗാർഡിയൻസ്)- ആര്യേ ദേരി

വടക്കേ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വേരുകളുള്ള ജൂതന്മാരിൽ ഭൂരിഭാഗവും അടങ്ങുന്ന ഒരു തീവ്ര-ഓർത്തഡോക്സ് പാർട്ടിയാണു ഷാസ്. ഇസ്രയേലി സമൂഹത്തിൽ വിവേചനം നേരിടുന്നവരുടെ ശബ്ദമായാണു പാർട്ടി നിലകൊള്ളുന്നത്. 2023-ൽ, നികുതി കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട പാർട്ടി നേതാവ് ആര്യേ ദേരിയെ മന്ത്രിസഭയിൽ നിന്നും സുപ്രീം കോടതി വിലക്കിയിരുന്നു. ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ബന്ധങ്ങൾ സാധാരണവൽക്കുന്നതിനെ പിന്തുണയ്ക്കുന്ന പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടിയിരുന്നു.

ബയാചാദ് – നഫ്താലി ബെന്നറ്റ്, യെയർ ലാപിഡ്

രാഷ്ട്രീയ നേതാക്കളായ നഫ്താലി ബെന്നറ്റ്, യെയർ ലാപിഡ് എന്നിവർ ചേർന്നു രൂപീകരിച്ച പാർട്ടിയാണ് ബയാചാദ്. യെയർ ലാപിഡിന്റെ പാർട്ടിയായ 'യെഷ് അതിദ്' 2022-ൽ 24 സീറ്റുകൾ നേടി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയിരുന്നു. നിലവിലെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാരിനെതിരെയുള്ള ശക്തമായ ഒരു മധ്യ-വലതുപക്ഷ ബദലായിട്ടാണ് ഈ സഖ്യം മത്സരരംഗത്തുള്ളത്. നെതന്യാഹു വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ ഈ സഖ്യത്തിന് സാധിക്കുമെന്നണ് വിലയിരുത്തൽ. ഇസ്രയേലിലെ കൺസർവേറ്റീവ്, ലിബറൽ വോട്ടർമാരെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു സഖ്യ സർക്കാർ രൂപീകരിക്കുകയാണ് ഈ മുന്നണി ലക്ഷ്യമിടുന്നത്.

യുണൈറ്റഡ‍് തോറ ജൂഡിസം

തീവ്ര ഓർത്തഡോക്സ് ജൂതവിഭാഗത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളുടെ സഖ്യമാണിത്. ഓർത്തഡോക്സ് വിഭാഗക്കാർക്കു നിർബന്ധിത സൈനിക സേവനത്തിൽ ഇളവു നൽകുന്ന നിയമം പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെ നെതന്യാഹുവിനോടു കടുത്ത അമർഷമാത്തിലാണ് പാർട്ടി. ഇവർക്ക് നിലവിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയില്ല.

റിലീജിയസ് സയണിസ്റ്റ് പാർട്ടി – ബെസലേൽ സ്മോട്രിച്

ഇസ്രയേൽ ധനകാര്യമന്ത്രി ബെസലേൽ സ്മോട്രിച് നയിക്കുന്ന തീവ്ര വലതുപക്ഷ മത-ദേശീയവാദ നിലപാടുകളുള്ള പാർട്ടിയാണിത്. ആക്രമണാത്മക സുരക്ഷാ നയത്തെ പിന്തുണയ്ക്കുകയും, വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയും ഇവർ വാദിക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്റെ നിയന്ത്രണം പൂർണ്ണമായി ഉറപ്പാക്കുക എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്നു. പാർട്ടി നേതാവ് ബെസലേൽ സ്മോട്രിച്ച്, കുടിയേറ്റ സംരംഭങ്ങൾക്കായി വൻതോതിൽ സംസ്ഥാന ചെലവുകൾ നടത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ 3.25% വോട്ട് പരിധി കടക്കാൻ പാർട്ടിക്ക് ബുദ്ധിമുട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ആംചാ ഇസ്രയേൽ – റിട്ട. ജനറൽ ഒഫർ വിൻ്റർ

നെതന്യാഹു യുദ്ധം കൈകാര്യം ചെയ്യുന്നതിൽ അസംതൃപ്തരായ വലതുപക്ഷ വോട്ടർമാർക്ക് ഒരു പുതിയ ബദൽ നൽകുകയാണു
ഒഗസ്റ്റിൽ രൂപീകരിച്ച പാർട്ടിയുടെ ലക്ഷ്യം. പ്രാരംഭത്തിൽ പാർട്ടിക്ക് വലിയ മുന്നേറ്റം കാഴ്ച വയ്ക്കാനായെങ്കിലും ഇപ്പോൾ വോട്ടുപരിധി 3.25 ശതമാനം കടക്കാൻ പാടുപെടുകയാണ്.

യഷാർ – ഗാഡി ഐസെൻകോട്ട്

നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്നത് പാർട്ടിയാണ് യഷാർ. സൈന്യത്തിൽ എല്ലാവർക്കും തുല്യമായ സേവനം, ഉയർന്ന ജീവിതച്ചെലവ് പരിഹരിക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ഒക്ടോബർ 7-ലെ ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണ കമ്മിഷനെ നിയോഗിക്കുക തുടങ്ങിയവയാണു മധ്യസ്ഥ നിലപാടുകളുള്ള പാർട്ടിയുടെ രാഷ്ട്രീയ വാഗ്ദാനങ്ങൾ.

ദി ഡെമോക്രാറ്റ്സ് – യെയർ ഗോളൻ

ഇസ്രയേലിലെ പ്രതാപം നഷ്ട്ടപെട്ട ഇടതു പാർട്ടികളെ സഖ്യം ചേർത്ത് 2024-ൽ രൂപീകരിച്ച പാർട്ടിയാണിത്. ഇസ്രയേൽ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ രണ്ടു പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച മധ്യ-ഇടത് ലേബർ പാർട്ടി, തീവ്ര-ഇടത് മെറെറ്റ്സ് എന്നീ പാർട്ടികൾ ചേർന്നാണ് പുതിയ പാർട്ടി രൂപീകരിച്ചത്. പാർട്ടി നേതാവായ യെയർ ഗോളൻ ഇസ്രയേലിലെ അറബ് നേതൃത്വത്തിലുള്ള പാർട്ടികളെ ഭരണസഖ്യത്തിന്റെ ഭാഗമാക്കുന്നതിനെ അനുകൂലിക്കുന്നു.

യിസ്രായേൽ ബെയ്തേനു - അവിഗ്ദോർ ലിബർമാൻ

മുൻ സോവിയറ്റ് യൂണിയനിൽ നിന്ന് കുടിയേറിയവരുടെ ക്ഷേമവും പിന്തുണയും ലക്ഷ്യമിട്ട് രൂപീകരിച്ച പാർട്ടിയാണ് യിസ്രായേൽ ബെയ്തേനു. വിദേശനയം, രാജ്യസുരക്ഷ, സാമ്പത്തികം എന്നിവയിൽ കടുത്ത വലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുമ്പോഴും, സാമൂഹിക വിഷയങ്ങളിൽ പുരോഗമനപരമായ സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്. മുമ്പ് നെതന്യാഹുവിൻ്റെ ലികുഡ് പാർട്ടിയുടെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നെങ്കിലും, പാർട്ടി തലവൻ അവിഗ്ദോർ ലിബർമാൻ ഇപ്പോൾ നെതന്യാഹുവുമായി കടുത്ത ഭിന്നതയിലാണ്.

റിസർവിസ്റ്റ്-ഇക്കണോമിക് പാർട്ടി - യോവാസ് ഹെൻഡലിൻ

തീവ്ര ഓർത്തഡോക്സ് വിഭാഗക്കാർക്കുള്ള സൈനിക സേവന ഇളവുകൾ റദ്ദാക്കുക, കുതിച്ചുയരുന്ന ജീവിതച്ചെലവുകൾ നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ രംഗത്തുവന്ന പുതിയ മധ്യ-വലതുപക്ഷ പ്രസ്ഥാനമാണ് റിസർവിസ്റ്റ്സ്-എക്കണോമിക് പാർട്ടി. പാർട്ടി തലവൻ യോവാസ് ഹെൻഡലിന്റെ നിലപാടനുസരിച്ച്, തീവ്ര ഓർത്തഡോക്സ് വിഭാഗക്കാരുടെയോ അറബ് പാർട്ടികളുടെയോ പിന്തുണയില്ലാതെ നെതന്യാഹുവും ഐസൻകോട്ടും കൈകോർക്കുന്ന ഒരു ഐക്യസർക്കാരാണ് ഇസ്രായേലിന് ആവശ്യം; ഇതിനായി ഒരു 'മൂന്നാം ശക്തിയായി' നിലകൊള്ളാനാണ് പാർട്ടി ശ്രമിക്കുന്നത്.

ജോയിന്റ് ലിസ്റ്റ്

ഹദാഷ്, താഅൽ, ബലാദ് എന്നീ മൂന്ന് പ്രധാന അറബ് പാർട്ടികൾ ചേർന്നുള്ള സഖ്യമാണ് 'ജോയിന്റ് ലിസ്റ്റ്'. 1977-ൽ രൂപീകരിച്ച ജൂത-അറബ് സഖ്യമായ ഹദാഷും, നാഷണൽ ഡെമോക്രാറ്റിക് അലയൻസായ ബലാദും, അറബ് റിന്യൂവൽ പ്രസ്ഥാനമായ താഅലും ചേർന്നതാണ് ഈ മുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹദാഷ്-താഅൽ സഖ്യത്തിന് അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. ഗാസ യുദ്ധത്തെയും, ഇസ്രായേലിൻ്റെ വെസ്റ്റ് ബാങ്ക് അധിനിവേശം എന്നിവയെ ശക്തമായി എതിർക്കുന്ന നിലപാടാണ് ഇവർക്കുള്ളത്. കടുപ്പമേറിയ ഈ രാഷ്ട്രീയ നിലപാടുകൾ കാരണം, പ്രധാനപ്പെട്ട സഖ്യസർക്കാരുകളിൽ ഇവരെ പങ്കാളികളാക്കാൻ മറ്റു ഇസ്രായേലി പാർട്ടികൾ തയാറാകാറില്ല.

റാആം – മൻസൂർ അബ്ബാസ്

മൻസൂർ അബ്ബാസ് നയിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ റാആം, ഇസ്രയേലിലെ മറ്റ് അറബ് പാർട്ടികളെ അപേക്ഷിച്ച് കൂടുതൽ മിതവാദി നിലപാടുകൾ പുലർത്തുന്ന ഒന്നാണ്. കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, കുറ്റകൃത്യങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ പ്രാദേശിക വിഷയങ്ങളിലാണ് പാർട്ടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടിയ റാആം, ഇസ്രയേലിന്റെ ഭരണസഖ്യത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ അറബ് പാർട്ടി എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. മറ്റ് അറബ് പാർട്ടികളുടെ സംയുക്ത മുന്നണിയിൽ (Joint List) ചേരാതെ സ്വന്തം വഴിയിലാണ് അബ്ബാസും പാർട്ടിയും മുന്നേറുന്നത്.

അറബ് പാർട്ടികളുമായി കൈകോർത്താൽ സ്വന്തം വലതുപക്ഷ വോട്ട് ബാങ്ക് ചോർന്നുപോകുമോ എന്ന ഭയത്താൽ ബെഞ്ചമിൻ നെതന്യാഹുവും പ്രധാന എതിരാളികളും ഇവരെ പരസ്യമായി അകറ്റി നിർത്തുകയാണ്. എങ്കിലും, തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തികയ്ക്കാൻ പോരാട്ടം മുറുകുകയും ചെയ്യുന്നതാൽ ഇരുകൂട്ടരും നിലപാടുകളിൽ അയവുവരുത്താൻ നിർബന്ധിതരായേക്കും. അങ്ങനെ വന്നാൽ, ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കുന്ന 'കിംഗ് മേക്കർ' പദവിയിലേക്ക് ഈ അറബ് പാർട്ടികൾ ഉയർന്നേക്കാം

ഇസ്രയേൽ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന അറബ് പൗരന്മാരുടെ വോട്ടുകൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. എന്നാൽ, നിരന്തരമായ അവഗണനയും വിവേചനവും കാരണം ഭൂരിഭാഗം അറബ് വോട്ടർമാരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയാണുള്ളത്. അറബ് പാർട്ടികളുമായി കൈകോർത്താൽ സ്വന്തം വലതുപക്ഷ വോട്ട് ബാങ്ക് ചോർന്നുപോകുമോ എന്ന ഭയത്താൽ ബെഞ്ചമിൻ നെതന്യാഹുവും പ്രധാന എതിരാളികളും ഇവരെ പരസ്യമായി അകറ്റി നിർത്തുകയാണ്. എങ്കിലും, തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം തികയ്ക്കാൻ പോരാട്ടം മുറുകുകയും ചെയ്യുന്നതാൽ ഇരുകൂട്ടരും നിലപാടുകളിൽ അയവുവരുത്താൻ നിർബന്ധിതരായേക്കും. അങ്ങനെ വന്നാൽ, ഇസ്രയേലിന്റെ അടുത്ത പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കുന്ന 'കിംഗ് മേക്കർ' പദവിയിലേക്ക് ഈ അറബ് പാർട്ടികൾ ഉയർന്നേക്കാം.

പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞയും ഭരണപ്രതിസന്ധികളും

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരുണ്ടാക്കാൻ ആദ്യ അവസരം ആർക്ക് നൽകണമെന്ന് ഇസ്രയേൽ പ്രസിഡന്റ് തീരുമാനിക്കും. നെസെറ്റിൽ ഭൂരിപക്ഷം തെളിയിച്ച് സഖ്യസർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഏത് അംഗത്തെയും പ്രസിഡൻ്റിന് ഇതിനായി ക്ഷണിക്കാം. ഈ വ്യക്തി ഏറ്റവും വലിയ പാർട്ടിയുടെയോ രണ്ടാമത്തെ വലിയ പാർട്ടിയുടെയോ നേതാവാകണമെന്ന നിർബന്ധമില്ല. എന്നാൽ തീർച്ചയായും ഒരു നെസെറ്റ് അംഗമായിരിക്കണം. ഇതിനായി, പാർലമെന്റിലെത്തിയ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കളുമായി പ്രസിഡന്റ് ചർച്ച നടത്തുകയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ആരായുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് സഖ്യം രൂപീകരിക്കാൻ 28 ദിവസത്തെ സമയം ലഭിക്കും. ആവശ്യമെങ്കിൽ ഈ സമയപരിധി 14 ദിവസത്തേക്ക് കൂടി നീട്ടി നൽകാൻ പ്രസിഡന്റിന് അധികാരമുണ്ട്.

പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങൾ വാഗ്ദാനം ചെയ്തോ, നയപരമായ ആവശ്യങ്ങൾ അംഗീകരിച്ചു നൽകിയോ ആണ് മറ്റു പാർട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നത്. ചില പാർട്ടികൾ ചില പ്രസ്ഥാനങ്ങളുമായി ചേർന്ന് ഭരിക്കാൻ വിസമ്മതിക്കാറുള്ളതിനാൽ, ഇസ്രയേൽ തിരഞ്ഞെടുപ്പിലെ ഏറ്റവും നിർണായക ഘട്ടമാണിത്. സഖ്യം രൂപീകരിച്ച് കഴിഞ്ഞാൽ, വോട്ടെടുപ്പിൽ പങ്കെടുക്കുന്ന നെസെറ്റ് അംഗങ്ങളുടെ ഭൂരിപക്ഷം ആ സഖ്യത്തെ അംഗീകരിക്കണം. ഇതിന് ശേഷമാണ് പുതിയ സർക്കാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് സഖ്യം രൂപീകരിക്കാനായില്ലെങ്കിൽ, മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ പ്രസിഡന്റിന് 3 ദിവസത്തെ സമയമുണ്ട്. സാധാരണയായി പാർലമെന്റിലെ രണ്ടാമത്തെ വലിയ പാർട്ടിയുടെ നേതാവിനെയാണ് ഇവിടെ പരിഗണിക്കാറുള്ളത്, രണ്ടാമത്തെ സ്ഥാനാർത്ഥിക്കും സഖ്യമുണ്ടാക്കാൻ 28 ദിവസത്തെ സമയം ലഭിക്കും.

മൂന്ന് ഘട്ടങ്ങളിലായി അവസരങ്ങൾ നൽകിയിട്ടും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ നെസെറ്റ് പിരിച്ചുവിടണമെന്ന് ഇസ്രയേൽ നിയമം വ്യക്തമാക്കുന്നു. തുടർന്ന് 90 ദിവസത്തിനുള്ളിൽ രാജ്യം പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് പോകാൻ നിർബന്ധിതമാകും. പുതിയൊരു സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നത് വരെ നിലവിലുള്ള ഇടക്കാല പ്രധാനമന്ത്രിയും മന്ത്രിസഭയും ഭരണം തുടരുകയും ചെയ്യും

രണ്ടാമത്തെ സ്ഥാനാർത്ഥിയും പരാജയപ്പെടുകയോ, അല്ലെങ്കിൽ രണ്ടാമതൊരാളെ പ്രസിഡന്റ് നിയോഗിക്കാതിരിക്കുകയോ ചെയ്താൽ വിഷയം നേരിട്ട് നെസെറ്റിന്റെ മുന്നിലെത്തുന്നു. ഇതിനായി 21 ദിവസത്തെ സമയം അനുവദിക്കും. ഈ ഘട്ടത്തിൽ, 120 നെസെറ്റ് അംഗങ്ങളിൽ 61 പേരുടെ പിന്തുണക്കത്ത് സമർപ്പിക്കാൻ കഴിയുന്ന ഏത് നെസെറ്റ് അംഗത്തിനും സർക്കാരുണ്ടാക്കാൻ അവസരം ലഭിക്കും. ഇവർ പാർട്ടി നേതാവാകണമെന്ന നിബന്ധനയില്ല. മൂന്ന് ഘട്ടങ്ങളിലായി അവസരങ്ങൾ നൽകിയിട്ടും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ നെസെറ്റ് പിരിച്ചുവിടണമെന്ന് ഇസ്രയേൽ നിയമം വ്യക്തമാക്കുന്നു. തുടർന്ന് 90 ദിവസത്തിനുള്ളിൽ രാജ്യം പുതിയൊരു തിരഞ്ഞെടുപ്പിലേക്ക് പോകാൻ നിർബന്ധിതമാകും. പുതിയൊരു സർക്കാർ ഔദ്യോഗികമായി അധികാരമേൽക്കുന്നത് വരെ നിലവിലുള്ള ഇടക്കാല പ്രധാനമന്ത്രിയും മന്ത്രിസഭയും ഭരണം തുടരുകയും ചെയ്യും.

സർവേ ഫലങ്ങൾ

തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പുറത്തുവരുന്ന അഭിപ്രായ സർവേകളിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് തിരിച്ചടിയും, മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ 'യാഷർ' സഖ്യത്തിന് വ്യക്തമായ മുന്നേറ്റവുമാണ് പ്രവചിക്കുന്നത്. ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേൽ പൊതുസമൂഹം വലതുപക്ഷ നിലപാടുകളിലേക്ക് കൂടുതൽ അടുക്കുന്നുണ്ടെങ്കിലും, മുന്നണി പോരാട്ടത്തിൽ ഐസൻകോട്ടിനാണ് മേൽക്കൈ.

ഗാഡി ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടി 24 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം ആകെ 57 സീറ്റുകൾ നേടും.ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ലികുഡ് പാർട്ടി 22 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് സർവേകൾ പ്രവചിക്കുന്നു. നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് ആകെ 51 സീറ്റുകളാണ് പ്രവചിക്കുന്നത്. നഫ്താലി ബെന്നറ്റിൻ്റെ ബെയാചാദ് സഖ്യം 14 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. അറബ് പാർട്ടികൾ 12 സീറ്റുകൾ നേടുമെന്നാണ് ഇസ്രയേൽ പബ്ലിക് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളിലെ ജനപ്രീതി

പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നത് ഗാഡി ഐസൻകോട്ടിനോടാണ് (41%). 37% പിന്തുണയോടെ നഫ്താലി ബെന്നറ്റ് രണ്ടാമതുള്ളപ്പോൾ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു 35% പിന്തുണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഐസൻകോട്ട് മുന്നിലാണെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഉറപ്പിക്കാൻ ഇരു മുന്നണികൾക്കും സാധിക്കില്ലെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ, 3.25% വോട്ട് പരിധി കടക്കാൻ പൊരുതുന്ന ചെറിയ പാർട്ടികളും അറബ് പ്രസ്ഥാനങ്ങളുമാകും ഇത്തവണ ഇസ്രയേലിന്റെ ഭരണകർത്താക്കളെ തീരുമാനിക്കുന്നത്.

രാഷ്ട്രീയമായി സങ്കീർണ്ണമായ ചുറ്റുപാടിലും ഉയർന്ന പോളിങ് രേഖപ്പെടുത്തുന്ന ചരിത്രമാണ് ഇസ്രയേലിലുള്ളത്. ഇസ്രായേൽ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം, 18 വയസ്സിന് മുകളിലുള്ള ഏകദേശം 7.3 ദശലക്ഷം വോട്ടർമാരാണ് ഇത്തവണ വിധിയെഴുതുന്നത്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 71.15 ശതമാനത്തോളം വരും. തിരഞ്ഞെടുപ്പ് ദിനത്തിൽ രാവിലെ 7 മുതൽ രാത്രി 10 വരെയാണ് പോളിങ് സമയം. നാല് വർഷമാണ് സഭയുടെ ഭരണകാലാവധിയെങ്കിലും, ഭരണസഖ്യത്തിലെ ഭിന്നതകൾ കാരണം കാലാവധി പൂർത്തിയാക്കാനാകാതെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് പൊതുവേയുള്ള രീതി. മൂന്ന് വർഷത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പുകൾ വരെ നടന്ന ചരിത്രവും ഇസ്രയേലിനുണ്ട്. എന്നാൽ 1988-ന് ശേഷം ആദ്യമായി ഇത്തവണ ഒരു സർക്കാർ പൂർണ്ണമായി നാല് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Content Highlights: Will Benjamin Netanyahu remain in power or lose his position? Explore Israel’s parliamentary system, upcoming elections and the political challenges facing the Israeli prime minister

dot image
To advertise here,contact us
dot image