വോട്ട് കൊള്ളയെ രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് എന്നെ ഞെട്ടിച്ചു; എല്ലാ തെളിവുകളും സമർപ്പിക്കും: രാഹുൽ ഗാന്ധി

വിഷയം പരിശോധിക്കുമെന്ന രാഷ്ട്രപതിയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി

വോട്ട് കൊള്ളയെ രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് എന്നെ ഞെട്ടിച്ചു; എല്ലാ തെളിവുകളും സമർപ്പിക്കും: രാഹുൽ ഗാന്ധി
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി എംപി. വിഷയം പരിശോധിക്കുമെന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഉറപ്പിനെ ഇന്‍ഡ്യ സഖ്യം സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വോട്ട് കൊള്ളയെ രാഷ്ട്രപതി നിഷേധിച്ചില്ല എന്നത് തന്നെ ഞെട്ടിച്ചുവെന്ന് രാഹുൽ പറഞ്ഞു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട തെളിവ് കൊണ്ടുവരാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടു. രാഷ്ട്രപതിക്ക് മുൻപാകെ ഇൻഡ്യ സഖ്യം എല്ലാ തെളിവുകളും സമര്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

'ഇന്ത്യന്‍ പ്രസിഡന്റുമായുള്ള അവിശ്വസനീയമായ കൂടിക്കാഴ്ചയിലാണ് ഞാന്‍ ഇരുന്നത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിച്ചതും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നതും വിശദീകരിച്ചുകൊണ്ട് ഞങ്ങള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി. വോട്ട് ചോരി പ്രസിഡൻ്റ് നിഷേധിച്ചില്ല എന്നത് എന്നെ ഞെട്ടിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവ് കൊണ്ടുവരാന്‍ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ അവര്‍ക്ക് തെളിവുകൾ നൽകും. ഇൻഡ്യ സഖ്യം സന്തോഷത്തോടെ അവരുടെ മുമ്പാകെ എല്ലാ തെളിവുകളും സമര്‍പ്പിക്കും. വിഷയം പരിശോധിക്കുമെന്ന അവരുടെ ഉറപ്പിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു', രാഹുൽ കുറിച്ചു.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, എസ്പി നേതാവ് രാജീവ് റായ്, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോല്‍ തിരുമാവളവന്‍  എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകള്‍ ഒക്ടോബര്‍ 10 വരെ അടച്ചു. പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങൾ നിര്‍ത്തിവെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ ഉത്തരവ് നടപ്പാക്കാന്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ, എംടിഎന്‍എല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ക്കാണ് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlights: Rahul Gandhi Statement After Meeting President Droupadi Murmu Over Chief Election Commissioner

dot image
To advertise here,contact us
dot image