ടിവികെയുടെ വിജയം വഞ്ചനയിലൂടെയെന്ന് സ്റ്റാലിൻ; സ്ത്രീകൾക്കെതിരായ പരാമർശങ്ങൾക്കുള്ള മറുപടിയെന്ന് വിജയ്

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കൾ പരസ്പരം വിമർശനവുമായി രംഗത്തുവന്നത്

ടിവികെയുടെ വിജയം വഞ്ചനയിലൂടെയെന്ന് സ്റ്റാലിൻ; സ്ത്രീകൾക്കെതിരായ പരാമർശങ്ങൾക്കുള്ള മറുപടിയെന്ന് വിജയ്
dot image

ചെന്നൈ: ധാരാപുരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ വിജയത്തില്‍ വിമര്‍ശനവുമായി ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. ജനാധിപത്യത്തെ കശാപ്പുചെയ്തതായി സ്റ്റാലിൻ കുറ്റപ്പെടുത്തി. വഞ്ചനയിലൂടെയാണ് ടിവികെ വിജയം നേടിയത്. ഇത് താത്ക്കാലികം മാത്രമാണെന്നും സ്റ്റാലിൻ വിമർശിച്ചു.

സ്ത്രീകളെ ലക്ഷ്യമിട്ടുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് ജനവിധിയെന്ന് വിജയ് പ്രതികരിച്ചു. ധാരാപുരത്തെ പ്രചാരണത്തിനിടെ ടിവികെ സ്ഥാനാര്‍ത്ഥി പി സത്യഭാമയെ സ്റ്റാലിന്‍ 'പെട്ടി ബാമ' എന്ന് പരിഹസിച്ചിരുന്നു. അന്ന് പരാമര്‍ശം അപമാനകരമാണെന്നും ഡിഎംകെയുടെ സ്ത്രീകളോടുള്ള സമീപനമാണെന്നും വിമർശിച്ച് ടിവികെ രംഗത്തെത്തിയിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ് ചൂണ്ടിക്കാട്ടിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴുള്ള തെരഞ്ഞെടുപ്പിനെ സ്റ്റാലിന്‍ ചോദ്യം ചെയ്തു. രണ്ട് എംഎല്‍എമാര്‍ രാജിവച്ച് ഭരണകക്ഷിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും സാമ്പത്തിക ഉറവിടങ്ങളും പൊലീസിനെയുമെല്ലാം ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. സിനിമാ പ്രതിച്ഛായയെ ആശ്രയിച്ചാണ് വിജയ് രാഷ്ട്രീയത്തില്‍ മുന്നേറുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. ചായ കുടിക്കുക, ട്രാക്ടര്‍ ഓടിക്കുക, തുടങ്ങിയ വിജയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പരാമര്‍ശിച്ച സ്റ്റാലിന്‍, രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി രണ്ട് മണ്ഡലങ്ങളിലായി നാല് ദിവസത്തെ പ്രചാരണമാണ് വിജയ് നടത്തിയതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭരണകക്ഷി വന്‍തുക ചെലവഴിച്ചെന്നും സ്റ്റാലിന്‍ ആരോപിച്ചു. മണ്ഡലങ്ങള്‍ക്ക് പുറത്തുനിന്ന് ആളുകളെ എത്തിച്ചതും റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതും തെരഞ്ഞെടുപ്പ് ചെലവിനെക്കുറിച്ചുള്ള അവകാശവാദങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യം വിപുലീകരിക്കുന്നതടക്കമുള്ള ക്ഷേമപദ്ധതികളും 'തായ്മാമന്‍ തങ്കമോതിരം', 'അണ്ണാ സീര്‍' എന്നീ പദ്ധതികളും ടിവികെ സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നും സ്റ്റാലിന്‍ ആരോപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് എംഎല്‍എമാര്‍ രാജിവച്ച് ഭരണകക്ഷിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ധാരാപുരം എസ്സി മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ത്ഥി പി സത്യഭാമ 9,471 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഡിഎംകെയുടെ സുഗന്യയെ പരാജയപ്പെടുത്തിയത്.

Content Highlights: Vijay calls the Dharapuram bypoll victory a mandate against derogatory remarks targeting women, while M K Stalin dismisses it as a “temporary win for betrayal.”

dot image
To advertise here,contact us
dot image