സ്വർണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി: ബാങ്കുകൾക്കുണ്ടായിരുന്ന ജിഎസ്ടി ഇളവ് പിന്‍വലിച്ച് കേന്ദ്ര സർക്കാർ

ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്

സ്വർണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതി: ബാങ്കുകൾക്കുണ്ടായിരുന്ന ജിഎസ്ടി ഇളവ് പിന്‍വലിച്ച് കേന്ദ്ര സർക്കാർ
dot image

ന്യൂഡൽഹി: സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിക്ക് ബാങ്കുകൾക്കും നിയുക്ത ഏജൻസികൾക്കും നൽകിവന്നിരുന്ന ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇളവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഈ മാർഗ്ഗങ്ങളിലൂടെയുള്ള ഇറക്കുമതിക്ക് ഇനി മുതൽ മൂന്ന് ശതമാനം നികുതി നൽകേണ്ടിവരും.

ബാങ്കുകൾ വഴിയുള്ള അമൂല്യ ലോഹങ്ങളുടെ ഇറക്കുമതിക്കുള്ള നികുതിയിളവ് മാർച്ച് 31-ന് ശേഷം നീട്ടിനൽകിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവയും വ്യക്തമാക്കി. എല്ലാ ഇറക്കുമതി മാർഗ്ഗങ്ങളെയും ഒരേ നികുതി ഘടനയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനാണ് ഈ നടപടിയെന്നും, നികുതി ആനുകൂല്യങ്ങളുടെ പേരിൽ ഒരു ഇറക്കുമതി മാർഗ്ഗത്തിനും പ്രത്യേക മുൻഗണന ലഭിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

നേരത്തെ അനുവദിച്ചിരുന്ന ഇളവുകളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഇറക്കുമതിക്കാർ ഈ നികുതി അടച്ചുതുടങ്ങിയിരുന്നു. പിന്നീട് ഏപ്രിൽ 17-ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) അംഗീകൃത ഇറക്കുമതിക്കാരുടെ പുതിയ പട്ടിക പുറത്തിറക്കിയെങ്കിലും നികുതിയിളവ് സംബന്ധിച്ച വിജ്ഞാപനം പുതുക്കി നൽകിയിരുന്നില്ല.

അംഗീകൃത വ്യാപാരികൾ വഴിയുള്ള സ്വർണ ലഭ്യത എളുപ്പമാക്കുന്നതിനായി 2017-ലാണ് സ്വർണത്തിന് ഐജിഎസ്ടി ഇളവ് ഏർപ്പെടുത്തിയത്. പിന്നീട് ഇത് വെള്ളി, പ്ലാറ്റിനം എന്നിവയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലേക്കുള്ള അമൂല്യ ലോഹങ്ങളുടെ ഇറക്കുമതിയിൽ രാജ്യം കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അംഗീകൃത ബാങ്കുകളും നിയുക്ത ഏജൻസികളുമാണ് വിപണിയിലേക്കുള്ള ഭൂരിഭാഗം സ്വർണവും എത്തിക്കുന്നത്.

ഇതിനുപുറമെ, യോഗ്യരായ വ്യാപാരികൾക്ക് ഇന്ത്യ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് വഴിയും സ്വർണം ഇറക്കുമതി ചെയ്യാൻ സാധിക്കും. 3 ശതമാനം നികുതി ബാധകമായതോടെ, രാജ്യത്തെ പ്രധാന ബുള്ളിയൻ ഇറക്കുമതിക്കാരുടെ പ്രവർത്തന മൂലധനത്തിൽ (working capital) വലിയൊരു തുക നികുതിക്കായി നീക്കിവെക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: The central government has discontinued the GST exemption for banks importing gold, silver and platinum, with the change effective from April 1, 2026. These imports now attract 3% Integrated GST upfront. The move aims to ensure equal tax treatment across different import channels. Banks can generally claim input tax credit on the tax paid, so the change does not automatically mean a 3% increase in the final cost of gold.

dot image
To advertise here,contact us
dot image