

കല്‍പറ്റ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്‍ ചെരുപ്പിടാറില്ല. മണ്ണില്‍ ചവിട്ടി നടക്കുന്നയാളായതുകൊണ്ടുതന്നെ അദ്ദേഹത്തിന് മനുഷ്യന്റെ മനസിലെ നനവും പൊള്ളലുമറിയാം. തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് ആ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നതുമില്ല. ബിക്രം എന്നുപേരുള്ള ആ ബാലന്റെ കൈപിടിച്ച് ശശീന്ദ്രന്‍ വയനാടന്‍ ചുരമിറങ്ങി ചെന്നത് മമ്മൂട്ടിയിലേക്കും അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമാണ്.
'ശശീന്ദ്രന്‍ ഒരുകാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അത്രമേല്‍ അര്‍ഹതയുളളവര്‍ക്ക് വേണ്ടി ആയിരിക്കും'- മമ്മൂട്ടി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഭാരവാഹികളോട് പറഞ്ഞു. മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സൗജന്യമായി നടത്തിയത്. ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു. ഇനി അവന്‍ ജീവിതത്തില്‍ കിതയ്ക്കാതെ മുന്നേറും.
അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്ന മമ്മൂട്ടി എന്ന മലയാളിനന്മയുടെ കഥ തുടങ്ങുന്നത് ശശീന്ദ്രന്റെ വയനാട്ടിലെ ഫാമില്‍ നിന്നുമായിരുന്നു. പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വര്‍ഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടില്‍ എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തില്‍ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രന്‍ ബിക്രമിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുന്നത്.
വോളിബോള്‍ നന്നായി കളിക്കുമെങ്കിലും, കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സില്‍ വെച്ച് ബിക്രമിന് പഠനം നിര്‍ത്തേണ്ടി വന്നു. അവന്റെയും കുടുംബത്തിന്റെയും ഹൃദയവേദനയറിഞ്ഞ സി.കെ ശശീന്ദ്രന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയില്‍ ബിക്രമിന് 'പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്'' എന്ന ജന്മനാലുളള ഹൃദയവൈകല്യവും, ശ്വാസകോശ ധമനിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കണ്ടെത്തി. മരുന്നുകള്‍ നല്‍കി സ്ഥിതി നിയന്ത്രിച്ചെങ്കിലും പൂര്‍ണപരിഹാരം ആയിരുന്നില്ല. ഇതിനിടെ ശ്വാസംമുട്ടല്‍ രൂക്ഷമായി. പിതാവ് ദല്ലോ സഹായം അഭ്യര്‍ത്ഥിച്ച് സി.കെ ശശീന്ദ്രനെ ഫോണില്‍ വിളിച്ചു.
വയനാട്ടുകാരനായ നടന്‍ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രന്‍ മമ്മൂട്ടിയുമായി സംസാരിച്ചു. തുടര്‍ന്ന് മമ്മൂട്ടി ശശീന്ദ്രനെ എത്രയും പെട്ടെന്ന് തിരിച്ചു ബന്ധപ്പെടാനും കുട്ടിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി നടത്തിക്കൊടുക്കാനും കെയര്‍ ആന്റ് ഷെയര്‍ ഭാരവാഹികളോട് നിര്‍ദേശിച്ചു. അങ്ങനെയാണ് രാജഗിരി ആശുപത്രിയില്‍ ബിക്രമിന്റെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കയത്.
ആശുപത്രിയില്‍ എത്തിയ ബിക്രവും, പിതാവും പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയര്‍ന്ന രക്തസമ്മര്‍ദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു. തുടര്‍ന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരന്‍ കത്തീറ്റര്‍ കടത്തിയുളള താക്കോല്‍ദ്വാര മാര്‍ഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീര്‍ണമായ ചികിത്സയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. പ്രീതി കാഥല്‍, പീഡിയാട്രിക് കാര്‍ഡിയാക് അനസ്‌തേഷ്യോളജി കണ്‍സള്‍ട്ടന്റ് ഡോ.ബിജിന ഭരതന്‍ കെ എന്നിവര്‍ പങ്കാളികളായി.

കുട്ടികളില്‍ ജന്മനാ ഉണ്ടാകാനിടയുള്ള 'പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്' എന്ന ഹൃദയതകരാറാണ് ഡോക്ടര്‍മാര്‍ വിജയകരമായി ഭേദമാക്കിയത്. ഹൃദയത്തോട് ചേര്‍ന്നുള്ള പ്രധാന രക്തക്കുഴലിലുണ്ടാകുന്ന ഈ തകരാര്‍ മൂലം ശുദ്ധ രക്തവും അശുദ്ധ രക്തവും തമ്മില്‍ കലരുകയും ശ്വാസകോശത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും ചെയ്യും. നിലവില്‍ പള്‍മണറി ഹൈപ്പര്‍ടെന്‍ഷനുള്ള മരുന്നുകള്‍ മാത്രം തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷം പരിശോധനയിലൂടെ വീണ്ടും വിലയിരുത്തല്‍ നടത്തും. തുടര്‍ന്ന് പഠിക്കാനും, വോളിബോളില്‍ ലോകമറിയാനുമുളള സ്വപ്നം വീണ്ടും കാണുകയാണ് ബിക്രം.
ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാന്‍ സി.കെ ശശീന്ദ്രനും എത്തിയിരുന്നു. മനുഷ്യര്‍ സൃഷ്ടിക്കുന്ന എല്ലാ അതിര്‍ത്തികള്‍ക്കും മുകളിലാണ് മനുഷ്യത്വമെന്ന് മമ്മൂട്ടി തെളിയിച്ചതായി സി.കെ.ശശീന്ദ്രന്‍ പറഞ്ഞു. അതെ, ബിക്രമിന്റെ കൈപിടിച്ച് ശശീന്ദ്രന്‍ തിരിച്ചുകയറുന്ന വയനാട്ടിലേക്കുള്ള പാത ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞതായിരിക്കാം. ബിക്രത്തിന്റെ നാടിനും നമ്മുടെ നാടിനുമിടയില്‍ വന്‍മലകളുടെ വേര്‍തിരിവുകളുമുണ്ടായിരിക്കാം. പക്ഷേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ളത് നന്മയുടെ നേര്‍രേഖകളാണെന്നും അതിനിടയില്‍ അതിര്‍ത്തികള്‍ അപ്രസക്തമെന്നും തെളിയിക്കുകയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും.
Content Highlights: Rajagiri Hospital and Mammootty’s Care and Share extend a helping hand to a Nepali boy