ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്ട്രപതിയെ കണ്ട് എംപിമാർ

മോദി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങിപ്പോകണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്ട്രപതിയെ കണ്ട് എംപിമാർ
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാര്‍. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം ഇന്‍ഡ്യാ സഖ്യത്തിലെ 10 എംപിമാരടങ്ങുന്ന സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടത്. മോദി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങിപ്പോകണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി പറഞ്ഞു. തെളിവുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. തെളിവുകള്‍ നല്‍കാമെന്ന് അറിയിച്ചതായും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ രാഷ്ട്രപതി ഉള്‍ക്കൊണ്ടുവെന്നാണ് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പുറമേ മമത ബാനര്‍ജി, രാജീവ് റായ്, സുപ്രിയ സുലേ, മനോജ് ഝാ, എം എ ബേബി, ഡി രാജ, ഒമര്‍ അബ്ദുള്ള, തോല്‍ തിരുമാവളവന്‍ എന്നിവരായിരുന്നു രാഷ്ട്രപതിയെ കണ്ടത്. പാർലമെൻ്റ് സെൻട്രൽ ഹാളിലെ യോഗത്തിന് ശേഷം എംപിമാർ സംഘമായി രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാൽ പാർലമെൻ്റ് കവാടത്തിന് മുന്നിൽവെച്ച് എംപിമാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗ്യാനേഷ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. ഇതിനിടെയായിരുന്നു രാഹുൽ അടക്കമുള്ള എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിച്ചത്.

അതേസമയം, ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാത്രി 9 മണി മുതല്‍ ഒക്ടോബര്‍ 10 വരെ അടച്ചിടും. പ്രതിഷേധം നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവയ്ക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് ശൃംഖലകളില്‍ ഉത്തരവ് നടപ്പാക്കാന്‍ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ, എംടിഎന്‍എല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.

Content Highlights: A 10-member INDIA bloc delegation, including Rahul Gandhi and Mallikarjun Kharge, meets President Droupadi Murmu seeking CEC Gyanesh Kumar’s resignation, as Delhi imposes security restrictions ahead of the CJP protest at Jantar Mantar

dot image
To advertise here,contact us
dot image