

ന്യൂഡല്‍ഹി: തെരുവുകളിലൂടെ നടക്കുമ്പോള്‍ സുരക്ഷിതമാണെന്ന് സ്ത്രീകള്‍ക്ക് തോന്നുന്ന നിലയിലുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതതിയുടെ നിരീക്ഷണം. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശന നിടപടികള്‍ സ്വീകരിക്കണമെന്നും കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഡല്‍ഹിയിൽ ചില സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്തതുപോലെ അനുഭവപ്പെടുന്നുണ്ട്. അധികൃതരുടെ ശ്രദ്ധ കുറ്റകൃത്യങ്ങള്‍ നടന്നതിന് ശേഷം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും കുറ്റങ്ങള്‍ നടക്കാതെ തടയുന്നതിലാകണമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ രാത്രി 10 മണിക്ക് പുറത്തിറങ്ങിയാലും, അത് റോഡിലോ മെട്രോയിലോ ആയാലും അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണം. അധികാരകേന്ദ്രങ്ങളുടെ പോരായ്മ കൊണ്ട് രാജ്യ തലസ്ഥാനത്ത് ഒരു സ്ത്രീയും ആക്രമിക്കപ്പെടാന്‍ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മുതിരുന്നവര്‍ക്കിടയില്‍ ശക്തമായ ഒരു പ്രതിരോധബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു. കുറ്റവാളികളുടെ മനസ്സില്‍ ഭയം സൃഷ്ടിച്ചില്ലെങ്കില്‍, കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതയുള്ളവരുടെ മനസ്സില്‍ ഭയവും ആശങ്കയും ഉളവാക്കേണ്ടതുണ്ട്.
ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രധാനപ്പെട്ടതാണ്. സ്ത്രീകള്‍ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഡല്‍ഹി പൊലീസിനോട് നിര്‍ദ്ദേശിച്ചു. ബലാത്സംഗം, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ നിന്ന്, മനുഷ്യാവകാശ സംഘടനകളുടെ വിമര്‍ശനം ഭയന്ന് അധികൃതര്‍ പിന്മാറരുതെന്ന് കോടതി വ്യക്തമാക്കി.
Content Highlights: The Supreme Court said authorities are responsible for creating an environment where women feel safe while walking on streets. The observation came while hearing a suo motu case concerning repeated incidents involving girls in Delhi, with the court calling for strict measures to prevent crimes against women.