'പൗരന്റെ വോട്ടവകാശം തടയാനാകില്ല, അത് ഭരണഘടനയ്ക്ക് എതിരായ നടപടി'; എസ്ഐആറിനെതിരെ സുപ്രീം കോടതി ജഡ്ജി

സ്വാതന്ത്ര്യസമര കാലത്തെ പ്രായപൂര്‍ത്തി വോട്ടവകാശമെന്ന ഭരണഘടനാ വാഗ്ദാനവും ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി

'പൗരന്റെ വോട്ടവകാശം തടയാനാകില്ല, അത് ഭരണഘടനയ്ക്ക് എതിരായ നടപടി'; എസ്ഐആറിനെതിരെ സുപ്രീം കോടതി ജഡ്ജി
dot image

ഹൈദരാബാദ്: ഇന്ത്യന്‍ പൗരന്മാരുടെ വോട്ടവകാശം നഷ്ടമാക്കുന്ന ഏത് നടപടിയും ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടിക്കെതിരെയാണ് ജഡ്ജിയുടെ വിമര്‍ശനം. പൗരന്മാരുടെ വോട്ടവകാശം എടുത്തുകളഞ്ഞ് അവരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന ഏതൊരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമെന്ന തരത്തില്‍ പൗരന്മാരെ രണ്ട് വിഭാഗങ്ങളായി ഭരണഘടന കാണുന്നില്ലെന്നും ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി. സ്വാതന്ത്ര്യസമര കാലത്തെ പ്രായപൂര്‍ത്തി വോട്ടവകാശമെന്ന ഭരണഘടനാ വാഗ്ദാനവും ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി. വലിയ സമരങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നാം നേടിയെടുത്ത സ്വാതന്ത്ര്യമാണത്. ഭരണഘടനാ അനുച്ഛേദം 326ല്‍ യാതൊരുവിധത്തിലുള്ള കൈകടത്തലുകളും നടത്താന്‍ പാടില്ല. രാഷ്ട്രീയ സമത്വത്തിന്റെ തത്വം എടുത്തുപറഞ്ഞ ജസ്റ്റിസ് ഭുയാന്‍, ഒരാളുടെ വോട്ടിന്റെ മൂല്യം അയാളുടെ പണത്തെയോ സാമൂഹിക പദവിയെയോ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സമ്പത്ത്, സ്വത്ത്, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ ഓരോ പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരനും തുല്യ വോട്ടവകാശം നല്‍കുന്നതായിരുന്നു ഭരണഘടനാ നിര്‍മാണ സഭയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടിക്കിടെ വോട്ടര്‍പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് പേരുകള്‍ ഒഴിവാക്കിയതില്‍ രാജ്യമൊട്ടാകെ വലിയ പ്രതിഷേധം നടന്നുവരികയാണ്. എസ്‌ഐആര്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും അപ്പീലുകളുടെ വലിയ കുടിശ്ശികയും നിയമപരവും രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 47.56 ലക്ഷം പേരുകളെ ഒഴിവാക്കിയതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഡാറ്റയിലെ പൊരുത്തക്കേടുകള്‍, പൗരന്മാരെ മാപ്പ് ചെയ്യാനായില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 33.13 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിശ്ചിത നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വോട്ടറെയും ഒഴിവാക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ 27.16 ലക്ഷം പേരെ ഒഴിവാക്കിയതില്‍ 22.21 ലക്ഷം പേര്‍ അപ്പീല്‍ നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതിനെതിരെ 16.10 ലക്ഷം അപ്പീലുകളും ലഭിച്ചു. ആകെ 38.31 ലക്ഷം അപ്പീലുകളാണ് ഉണ്ടായത്. ഇതില്‍ 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതിനാല്‍ അപ്പീല്‍ ട്രൈബ്യൂണലുകളുടെ എണ്ണം 19ല്‍ നിന്ന് 42 ആക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Supreme Court Justice Ujjal Bhuyan criticised the SIR process, stating that any measure that deprives citizens of their voting rights is arbitrary and unacceptable. He highlighted concerns over voter exclusions and the large number of pending appeals in the ongoing revision process

dot image
To advertise here,contact us
dot image