

2025 മുതൽ 2026-ന്റെ തുടക്കം വരെ റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ്. ഭൗമരാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും സ്വർണവില താഴേക്ക് പതിച്ചതോടെ, ആഗോള പ്രതിസന്ധികളിലെ 'സുരക്ഷിത നിക്ഷേപം' എന്ന പദവിക്ക് മങ്ങലേറ്റോ എന്ന ആശങ്കയിലുമാണ് നിക്ഷേപകർ ഇപ്പോള്‍. 10 ഗ്രാമിന് 2 ലക്ഷം രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന സ്വർണം ഇപ്പോൾ 1.25 ലക്ഷത്തിലേക്കോ ഒരു ലക്ഷത്തിലേക്കോ താഴുമോ എന്ന ചർച്ചകളും ശക്തമായിക്കഴിഞ്ഞു. അതായത് പവന്‍റെ വില 80000 രൂപയിലേക്ക് എത്തുന്ന കാലം വീണ്ടും വരുമോയെന്ന്.
ജനുവരി 29-ന് ഔൺസിന് 5,595 ഡോളർ എന്ന സർവകാല റെക്കോർഡിലെത്തിയ രാജ്യാന്തര സ്പോട്ട് സ്വർണവിലയിൽ നിന്ന് 26 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ വില 4,130 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ വിപണിയിലും ജനുവരിയിലെ ഉയർന്ന നിരക്കിൽ നിന്ന് 23 ശതമാനത്തോളം ഇടിവുണ്ടായി. ഓഗസ്റ്റ് അവസാന വാരം എം.സി.എക്സ് (MCX) ഫ്യൂച്ചേഴ്സിൽ 10 ഗ്രാമിന് 1,64,773 രൂപയായിരുന്ന നിരക്ക് പിന്നീട് 10 ശതമാനത്തിലധികം താഴ്ന്ന് 1,45,991 രൂപ വരെയെത്തി.
ഉയർന്ന നിലവാരത്തിലെ ലാഭമെടുപ്പും യുഎസ് ഫെഡറൽ റിസർവിന്റെ അപ്രതീക്ഷിത നയമാറ്റവുമാണ് വിലയിടിവിന് പ്രധാന കാരണമായത്. ഉയർന്ന പണപ്പെരുപ്പത്തെത്തുടർന്ന് യുഎസ് ഫെഡ് വീണ്ടും പലിശനിരക്കുകൾ ഉയർത്തുകയും ഡോളർ സൂചിക കരുത്താർജ്ജിക്കുകയും ചെയ്തതോടെ യുഎസ് ബോണ്ടുകൾ കൂടുതൽ ആകർഷകമായി. ഇത് പലിശ വരുമാനമില്ലാത്ത ആസ്തിയായ സ്വർണത്തിൽ കനത്ത വിൽപ്പന സമ്മർദ്ദം സൃഷ്ടിച്ചു. കൂടാതെ യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ കടന്നതും വിപണിയിൽ ആശങ്ക പടർത്തി.
രാജ്യാന്തര വിപണിയിൽ 3,930 – 4,000 ഡോളർ പരിധിയിൽ സ്വർണത്തിന് ശക്തമായ പിന്തുണയുണ്ടെന്നും ഇതൊരുപക്ഷേ പരീക്ഷിക്കപ്പെട്ടേക്കാമെന്നും മിറേ അസറ്റ് ഷെയർഖാൻ കമ്മോഡിറ്റീസ് വിഭാഗം മേധാവി പ്രവീൺ സിംഗ് ചൂണ്ടിക്കാട്ടുന്നു. ഈ പിന്തുണ തകർന്നാൽ വില 3,600 – 3,750 ഡോളറിലേക്കും, ഇന്ത്യൻ വിപണിയിൽ 1,34,000 രൂപയിലേക്കും വീഴാൻ 25 ശതമാനം സാധ്യതയുണ്ട്. എന്നാൽ വില 1 ലക്ഷം രൂപയിലേക്ക് താഴാൻ സ്പോട്ട് വില 2,800 ഡോളറിലേക്ക് എത്തേണ്ടി വരുമെന്നും, ഡീ-ഡോളറൈസേഷനും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും ശക്തമായി തുടരുന്നതിനാൽ അത്തരമൊരു തകർച്ച അസംഭവ്യമാണെന്നും അദ്ദേഹം വിലയിരുത്തുന്നു.
അതേസമയം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും 15 ശതമാനം ഇറക്കുമതി തീരുവയും ആഭ്യന്തര വിപണിയിലെ വിലയിടിവിന്റെ ആഘാതം കുറയ്ക്കുന്നുണ്ടെന്ന് കമ്മോഡിറ്റി വിദഗ്ധൻ മനീഷ് ശർമ്മ വ്യക്തമാക്കുന്നു. ഡോളറിനെതിരെ രൂപ 96.30 എന്ന റെക്കോർഡ് ഇടിവിലേക്ക് നീങ്ങുന്നത് ആഭ്യന്തര വിപണിക്ക് താങ്ങാവുന്നുണ്ട്. രാജ്യാന്തര വില 4,000 ഡോളറിലേക്ക് താഴ്ന്നാലും എം.സി.എക്സിൽ 1,45,000 രൂപയ്ക്ക് സമീപം പിന്തുണ ലഭിക്കാം.
യുഎസ് പണപ്പെരുപ്പം വീണ്ടും കുതിച്ചുയർന്ന് ബോണ്ട് വരുമാനം ഉയർന്നാൽ മാത്രമേ 1.25 ലക്ഷം രൂപ എന്ന നിലവാരത്തിലേക്ക് വിപണി എത്തുവാൻ നേരിയ സാധ്യതയെങ്കിലുമുള്ളൂ. നിലവിലെ വിലക്കുറവ് ദീപാവലി-വിവാഹ സീസണിലെ റീട്ടെയിൽ ആവശ്യകത വർധിപ്പിക്കുമെന്നും ഗോൾഡ് ഇ.ടി.എഫുകളിലേക്കുള്ള ഒഴുക്ക് മെച്ചപ്പെടുന്നത് തുണയാകുമെന്നും വിദഗ്ധർ കരുതുന്നു. അതിനാൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ തിരുത്തലുകൾ തുടർന്നാലും സ്വർണത്തിന്റെ ദീർഘകാല അടിത്തറ ശക്തമായിത്തന്നെ തുടരുമെന്നാണ് വിപണി നിരീക്ഷകരുടെ പൊതുവിലയിരുത്തൽ.
Content Highlights: The earlier expectation that Kerala’s gold price could cross ₹2 lakh per pavan has lost momentum following a sharp correction. The 22-carat rate is currently around ₹1,09,400 per pavan, down significantly from its January record of ₹1,31,160. While further declines are possible, a fall to ₹80,000 remains a scenario rather than an established forecast.