

ന്യൂഡൽഹി: ഒക്ടോബര്‍ 10 ന് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തന്നെയും അഭിജീത് ദീപ്കെയെയും സർക്കാർ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ്. പ്രതിഷേധത്തിന് മുന്‍പായി തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും നിങ്ങള്‍ പ്രതിഷേധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്.
'സര്‍ക്കാര്‍ എന്നെയും അഭിജീത്തിനെയും അശുതോഷിനെയും രത്നയെയും മറ്റ് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു. ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ വിജയിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍, അവര്‍ക്ക് തെറ്റി!. യുവതലമുറ ഉണര്‍ന്നിരിക്കുന്നു. ഞങ്ങളോടൊപ്പമോ അല്ലാതെയോ അവകാശങ്ങള്‍ക്കും ഭാവിക്കും വേണ്ടി പോരാടുന്നത് തുടരാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ജയിലില്‍ പോകാനോ അതിലും മോശമായത് നേരിടാനോ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ ഇത് ഒരു വലിയ തെറ്റായിരിക്കും. യുവാക്കള്‍ ഇത് സഹിക്കില്ല. പ്രതിഷേധങ്ങള്‍ തുടരണം. ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉറപ്പാക്കണം', സൗരവ് ദാസ് എക്‌സില്‍ കുറിച്ചു.
ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ പത്തിന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കാന്‍ സിജെപി തീരുമാനിച്ചത്.
Content Highlights: CJP leader Saurav claims that the government may arrest the organisation's leaders before October 10. He says the protest should continue even if the leaders are detained