ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ നിരക്ക് വര്‍ധനവ് ഉണ്ടായേക്കും

ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ
dot image

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന എയര്‍ലൈനായ ഇന്‍ഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഏവിയേഷന്‍ ടര്‍ബുലിന്‍ ഫ്യുവല്‍( എടിഎഫ്) വില വര്‍ധനയെ തുടര്‍ന്നാണ് ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അധിക ചാര്‍ജ് ബാധകമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് എടിഎഫ് വിലയില്‍ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നതായി സമീപ മാസങ്ങളില്‍ ഇന്‍ഡിഗോ അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം വര്‍ധനവുണ്ടായതോടെ, എടിഎഫ് ചെലവ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നിലെത്തിയിരിക്കുകയാണ്.

'വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു ഭാഗം എടിഎഫ് ചെലവായതിനാല്‍, ഈ വിലവര്‍ധന ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ ചെലവ് ഘടനയെയും പ്രവര്‍ത്തന സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറയുന്നത്. എടിഎഫ് ചെലവിലുണ്ടായ തുടര്‍ച്ചയായ വര്‍ധനവ് കാരണം, ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലെ ഇന്ധന നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടി വന്നതായി ഇന്‍ഡിഗോ വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഏഴ് മാസത്തിലേറെയായി തുടരുന്നത് എണ്ണ വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നുണ്ട്. എന്നിരുന്നാലും, സമീപകാലത്ത് വിലയില്‍ വര്‍ധനവുണ്ടായെങ്കിലും, സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ കണ്ടിരുന്ന ബാരലിന് 126 ഡോളര്‍ എന്ന നിരക്കിനേക്കാള്‍ വളരെ താഴെയാണ് ഇപ്പോഴത്തെ എണ്ണവില.

കഴിഞ്ഞ സെപ്റ്റംബറില്‍ കൈക്കുഞ്ഞുങ്ങളുമായുള്ള യാത്ര, കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍, അധിക ലഗേജ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അനുബന്ധ സേവനങ്ങളുടെ നിരക്ക് വിമാനക്കമ്പനി വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ വര്‍ധനവും വരുന്നത്. ആഭ്യന്തര വിമാനയാത്രകളില്‍, കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 2,200 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തി. അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഈ നിരക്ക് വ്യത്യസ്തമാണ്. ആഭ്യന്തര വിമാനയാത്രകളില്‍ കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് 5,999 രൂപയായും അന്താരാഷ്ട്ര യാത്രകളില്‍ ഇത് 12,999 രൂപയായും ഇന്‍ഡിഗോയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 'ഫാസ്റ്റ്-ഫോര്‍വേഡ്' സേവനത്തിന് 650 രൂപയും യാത്രാ സര്‍ട്ടിഫിക്കറ്റിന് 300 രൂപയും കമ്പനി ഈടാക്കുന്നുണ്ടെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

Content Highlights: IndiGo has increased its fuel charges following a rise in aviation turbine fuel prices. The revised charges apply to tickets booked from today, with domestic services seeing an additional Rs 375 to Rs 1,300, while international services will also carry higher fuel charges.

dot image
To advertise here,contact us
dot image