

അമൃത്സര്‍: പഞ്ചാബി കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ 'മാഡ് സന്ധു' എന്നറിയപ്പെടുന്ന മധുസൂദന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം മാഡ് സന്ധുവിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡരികില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് സന്ധുവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നതെന്നാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശിരിവെന്നല പറഞ്ഞത്. അജ്ഞാതരായ രണ്ട് പേർ സന്ധുവിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
മേക്കപ്പും ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പോഡ്കാസ്റ്റുകളില്‍ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു സന്ധു. ഇതിന്റെ പേരില്‍ സന്ധു പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പഞ്ചാബിലും മുംബൈയിലും സിനിമാ മേഖലയില്‍ അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായാണ് സന്ധു കരിയര്‍ ആരംഭിക്കുന്നത്. ലിംഗ സമത്വം, പോപ്പ് കള്‍ച്ചര്‍, ലൈഫ് സ്റ്റൈല്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ധു സ്ഥിരം അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സന്ധു പങ്കുവെയ്ക്കുന്ന വീഡിയോകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ചില പഞ്ചാബി സിനിമകളിലും സന്ധു വേഷമിട്ടിട്ടുണ്ട്.
Content Highlights- Punjabi content creator and makeup artist Mad Sandhu was found dead after being shot