

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ഡല്‍ഹിയില്‍ നടന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സംയുക്ത വാര്‍ത്താസമ്മേളനത്തിന് പിന്നാലെ എക്‌സിലൂടെയാണ് ഐഷി ഇക്കാര്യം അറിയിച്ചത്. രണ്ട് ആവശ്യങ്ങള്‍ ഐഷി ഘോഷ് മുന്നോട്ടുവെച്ചു. ഇതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനത പാര്‍ട്ടി വക്താവ് സൗരവ് ദാസ് രംഗത്തെത്തി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സമാന ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നതായിരുന്നു ഐഷി മുന്നോട്ടുവെച്ച ഒരാവശ്യം. ഇതിന് പുറമേ ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ ജനങ്ങളെ അണിനിരത്തി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന കാര്യവും ഐഷി മുന്നോട്ടുവെച്ചു. ഗ്യാനേഷ് കുമാര്‍ പുറത്തുപോകണമെന്നും ഐഷി പോസ്റ്റില്‍ കുറിച്ചിരുന്നു. ഐഷിയുടെ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത സൗരവ് ദാസ് 'നിങ്ങള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സ്വാഗതം ചെയ്യുന്നു' എന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സുതാര്യത ആഗ്രഹിക്കുന്ന യുവാക്കളുടെ പടയൊരുക്കത്തിന് ഒക്ടോബര്‍ പത്ത് മുതല്‍ രാജ്യം സാക്ഷ്യം വഹിക്കും. ജന്തര്‍ മന്തര്‍ സീസണ്‍ 2 എന്നും സൗരവ് ദാസ് എക്സിൽ കുറിച്ചു.
ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ പത്തിന് ഡല്‍ഹി ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കാന്‍ സിജെപി തീരുമാനിച്ചത്. ഇതിനിടെയാണ് ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും തീരുമാനിച്ചിരിക്കുന്നത്.
Content Highlights- Aishe Ghosh announced that a march demanding Gyanesh’s resignation will be held at Jantar Mantar on October 10. CJP welcomed the planned march.