

ലഖ്‌നൗ: ഒക്ടോബര്‍ 16ന് നടക്കുന്ന രാജ്യസഭാ തെരെഞ്ഞടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. ബിജെപിയും സമജ്‌വാദി പാര്‍ട്ടിയും കടുത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ്. മത്സരം നടക്കുന്ന 10 സീറ്റുകളില്‍ ഏഴിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയം ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കി ഉള്ള ഒരു സീറ്റിനെ ചുറ്റിപ്പറ്റിയാണ് രാഷ്ട്രീയ കൗതുകം ഏറുന്നത്. എസ്പി ഇതിനകം രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും മൂന്നാമതൊരാളെ കൂടി മത്സരിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ സാധ്യതയുള്ള ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതും ഇതിലെ കൗതുകം വര്‍ദ്ധിപ്പിക്കുന്നു.
ക്രോസ്-വോട്ടിംഗ് (പാര്‍ട്ടി നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യല്‍) സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍, തങ്ങളുടെ നിയമസഭാംഗങ്ങളുടെ നീക്കങ്ങള്‍ പാര്‍ട്ടി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ക്രോസ്-വോട്ടിംഗ് മൂലം എസ്പിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയോട് ബിജെപി പരാജയപ്പെട്ടാല്‍, അത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ പ്രതികൂലമായ സന്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 11 മാസത്തിനിടെ ഏഴ് എംഎല്‍എമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ നിലവില്‍ 396 അംഗങ്ങളാണുള്ളത്. അതിനാല്‍, വിജയിക്കുന്നതിന് ഓരോ രാജ്യസഭാ സ്ഥാനാര്‍ത്ഥിക്കും 37 'ആദ്യ മുന്‍ഗണനാ വോട്ടുകള്‍' ആവശ്യമായി വരും. എസ്പിക്ക് 101 എംഎല്‍എമാരാണുള്ളത്. എന്നാല്‍, നിയമസഭാ രേഖകളില്‍ എസ്പി അംഗമായി തുടരുന്ന ചൈല്‍ എംഎല്‍എ പൂജ പാല്‍ ബിജെപിയിലേക്ക് മാറുകയും നിലവില്‍ ആ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍, പാര്‍ട്ടിയുടെ യഥാര്‍ത്ഥ അംഗബലം 100 ആണ്. കഴിഞ്ഞ വര്‍ഷം നിയമസഭയില്‍, 'അതിഖ് അഹമ്മദിനെപ്പോലെയുള്ള മാഫിയകളെ പൊടിമണ്ണാക്കി മാറ്റി' എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പ്രശംസിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പൂജ പാലിനെ എസ്പിയില്‍ നിന്ന് പുറത്താക്കിയത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ എസ്പിക്ക് 102 വോട്ടുകളാണുള്ളത്. എന്നാല്‍ തങ്ങളുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ 'ഫസ്റ്റ്-പ്രിഫറന്‍സ്' വോട്ടുകളേക്കാള്‍ ഒമ്പത് വോട്ട് കുറവാണിത്.
ഫുല്‍പൂര്‍ പവായ് എംഎല്‍എയായ രമാകാന്ത് യാദവിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. രമാകാന്ത് യാദവ് നിലവില്‍ ജയിലിലായതിനാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ കഴിയുമോ എന്നതില്‍ ഉറപ്പില്ല. അഞ്ച് തവണ രാജ്യസഭാംഗമായ രാം ഗോപാല്‍ യാദവിനൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവായ ധന്‍രാജ് നാഥ്വാനിയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ബുധനാഴ്ച എസ്പി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എന്‍ഡിഎ സഖ്യകക്ഷികളിലെ മുസ്‌ലീം എംഎല്‍എമാരും ബിജെപിയില്‍ അതൃപ്തരായ നിയമസഭാംഗങ്ങളും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവ്.
ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആര്‍എല്‍ഡിയിലെ രണ്ട് മുസ്‌ലീം എംഎല്‍എമാരും 2022-ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവര്‍ എസ്പിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. അബ്ബാസ് അന്‍സാരിയില്‍ നിന്നും എസ്ബിഎസ്പിയിലെ മറ്റ് മൂന്ന് എംഎല്‍എമാരില്‍ നിന്നും ഇതേ സമീപനം എസ്പി പ്രതീക്ഷിക്കുന്നുണ്ട്. എസ്ബിഎസ്പിയും എസ്പിയും സഖ്യത്തിലായിരുന്ന 2022-ലെ തെരഞ്ഞെടുപ്പിലാണ്, അന്തരിച്ച ഗുണ്ടാത്തലവനും രാഷ്ട്രീയ നോതാവുമായ മുക്താര്‍ അന്‍സാരിയുടെ മകനായ അന്‍സാരി മൗ സദാര്‍ സീറ്റില്‍ വിജയിച്ചത്. ക്രോസ് വോട്ടിംഗ് നടന്നാല്‍ എസ്പിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി വിജയിക്കും.
അതേസമയം ബിജെപിക്ക് 255 എംഎല്‍എമാരും എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് 33 എംഎല്‍എമാരുമാണുള്ളത് (അപ്ന ദള്‍ (എസ്) - 13, ആര്‍എല്‍ഡി - 9, എസ്ബിഎസ്പി - 6, നിഷാദ് പാര്‍ട്ടി - 5). ഇതോടെ അവരുടെ ആകെ അംഗബലം 288 ആയി ഉയരുന്നു. പൂജ പാല്‍, 2024-ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് നടത്തിയതിനെത്തുടര്‍ന്ന് 2025 ജൂണില്‍ എസ്പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സ്വതന്ത്ര എംഎല്‍എമാരായ മനോജ് പാണ്ഡെ, രാകേഷ് പ്രതാപ് സിംഗ്, അഭയ് സിംഗ്, രാജ ഭയ്യയുടെ നേതൃത്വത്തിലുള്ള ജന്‍സത്ത ദള്‍ (ലോക്താന്ത്രിക്) പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ എന്‍ഡിഎയുടെ യഥാര്‍ത്ഥ അംഗബലം 294-ല്‍ എത്തുന്നു. എട്ട് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ ആവശ്യമായ 296 വോട്ടുകളേക്കാള്‍ (ഓരോരുത്തര്‍ക്കും 37 വീതം) രണ്ട് വോട്ട് കുറവാണിത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 സീറ്റുകളില്‍ എട്ടെണ്ണം നിലവില്‍ ബിജെപിയുടെ കൈവശമാണുള്ളത്. എസ്ബിഎസ്പി എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്യാനുള്ള സാധ്യത ബിജെപി ക്യാമ്പ് തള്ളിക്കളയാത്ത സാഹചര്യത്തില്‍, ഇത് എന്‍ഡിഎയുടെ അംഗബലം 292-ലേക്ക് കുറച്ചേക്കാം എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.
എങ്കിലും, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, അശുതോഷ് മൗര്യ എന്നിവരിലാണ് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നത്. 2024-ല്‍ പാര്‍ട്ടി വിരുദ്ധ വോട്ട് (ക്രോസ്-വോട്ട്) ചെയ്തവരാണെങ്കിലും, നല്ല പെരുമാറ്റം പരിഗണിച്ച് അഖിലേഷ് ഇവരെ പുറത്താക്കാതിരുന്നതിനാല്‍ നിയമസഭാ രേഖകളില്‍ ഇവര്‍ ഇപ്പോഴും എസ്പി എംഎല്‍എമാരായിത്തന്നെ തുടരുന്നു. 'കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പിലെന്നപോലെ, രാകേഷ് പാണ്ഡെ, വിനോദ് ചതുര്‍വേദി, അശുതോഷ് മൗര്യ എന്നിവര്‍ തങ്ങളുടെ 'അന്തരാത്മാവിന്റെ ശബ്ദം' കേട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവര്‍ ഞങ്ങളെ പിന്തുണച്ചാല്‍ എന്‍ഡിഎയുടെ അംഗബലം 295 ആയി ഉയരും. അപ്പോള്‍ എട്ടാമത്തെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ ഞങ്ങള്‍ക്ക് ഒരു വോട്ട് കൂടി മതിയാകും,' എന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ചതുര്‍വേദി 'ദി ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു.
Content Highlights: Political discussions are intensifying in Uttar Pradesh ahead of the October 16 Rajya Sabha election for 10 seats. BJP is expected to secure seven seats and SP two, while attention is focused on the remaining seat as SP has announced two candidates and is considering a third. The election is taking place months before the Uttar Pradesh Assembly polls expected early next year.