

സെപ്റ്റംബറിൽ രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തിൽ ശക്തമായ മുന്നേറ്റം. റീഫണ്ട് കിഴിച്ചുള്ള അറ്റ ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷത്തെ സെപ്റ്റംബറിനെ അപേക്ഷിച്ച് 18.1 ശതമാനം ഉയർന്ന് 1.77 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വേഗമേറിയ വളർച്ചയാണിത്. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് വിവരങ്ങൾ ഉള്ളത്.
സെപ്റ്റംബറിലെ മൊത്തം ജിഎസ്ടി വരുമാനവും 14.7 ശതമാനം ഉയർന്ന് 2.04 ലക്ഷം കോടി രൂപയിലെത്തി. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് മൊത്തം ജിഎസ്ടി പിരിവ് രണ്ട് ലക്ഷം കോടി രൂപ കടക്കുന്നത്. ഏപ്രിലിൽ 2.43 ലക്ഷം കോടി രൂപയും ജൂലൈയിൽ 2.11 ലക്ഷം കോടി രൂപയുമായിരുന്നു മൊത്തം പിരിവ്.
ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 10.1 ശതമാനം ഉയർന്ന് 1.38 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനമാണ് കൂടുതൽ വേഗത്തിൽ ഉയർന്നത്. ഈ വിഭാഗത്തിൽ 25.9 ശതമാനം വളർച്ച രേഖപ്പെടുത്തി 65,525 കോടി രൂപയിലെത്തി. റീഫണ്ട് കണക്കാക്കിയ ശേഷമുള്ള ആഭ്യന്തര ജിഎസ്ടി വരുമാനം 13.5 ശതമാനം ഉയർന്നപ്പോൾ ഇറക്കുമതിയുമായി ബന്ധപ്പെട്ട അറ്റ വരുമാനം 30.8 ശതമാനം വർധിച്ചു.
സെപ്റ്റംബറിൽ നൽകിയ മൊത്തം റീഫണ്ട് 27,001 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റീഫണ്ട് തുകയിൽ നേരിയ കുറവാണുണ്ടായത്. റീഫണ്ടുകൾ കുറഞ്ഞതും മൊത്തം നികുതി പിരിവ് ഉയർന്നതും അറ്റ ജിഎസ്ടി വരുമാനം കൂടുതൽ വേഗത്തിൽ വളരാൻ സഹായിച്ചു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിലും അറ്റ ജിഎസ്ടി വരുമാനത്തിന്റെ വളർച്ച വേഗത്തിലായി. ഈ കാലയളവിൽ വളർച്ച ഏകദേശം 14 ശതമാനമായി ഉയർന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഇത് ഏകദേശം 7 ശതമാനമായിരുന്നു. ജൂലൈയിൽ അറ്റ ജിഎസ്ടി വരുമാനം 15.8 ശതമാനവും ഓഗസ്റ്റിൽ 8.3 ശതമാനവുമായിരുന്നു.
നിലവിലെ കണക്കുകൾ ആഭ്യന്തര ആവശ്യകത ഇപ്പോഴും ശക്തമായി തുടരുന്നതിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സംസ്ഥാനങ്ങളുടെ കണക്കിലും മികച്ച മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയാണ് സെപ്റ്റംബറിലെ സമാഹരണത്തിൽ മുന്നിൽ. 15% വളർച്ചയോടെ 29,986 കോടി രൂപ. കർണാടക 16% വളർച്ചയോടെ 13,884 കോടി സമാഹരിച്ചു. 17% വളർച്ചയോടെ 12,222 കോടി പിരിച്ചെടുത്ത ഗുജറാത്താണ് മൂന്നാംസ്ഥാനത്ത്. ഉത്തർപ്രദേശ് 18% വർധനയോടെ 8,882 കോടിയും പിരിച്ചു.
കേരളത്തിൽ 11% വർധനയുമായി 3328 കോടി രൂപയാണ് പിരിച്ചത്. 2025 സെപ്റ്റംബറിൽ 3010 കോടിയായിരുന്നു. കേരളത്തിന്റെ കഴിഞ്ഞമാസത്തെ സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം 3451 കോടിയാണ്
Content Highlights: GST mop-up grows 14.7% to over ₹2.03 lakh crore in September 2026