പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ

പൂനെ ജില്ലയിലെ അലണ്ടിയിലുള്ള 'വിന്നേഴ്‌സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചത്

പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ
dot image

മുംബൈ: പൂനെയിലെ ദിവാഗര്‍ ബീച്ചില്‍ തിരയില്‍ പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അവധി ദിനം ആഘോഷിക്കാനായി എത്തിയ 16 വയസുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എട്ട് പേരുടെയും മൂതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂനെ ജില്ലയിലെ അലണ്ടിയിലുള്ള 'വിന്നേഴ്‌സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിംഗ് സെന്ററില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഏകദേശം 170 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ ബീച്ചിലെത്തിയത്. തന്‍മയ് ദത്താത്രയ് വാഹിലെ, സുമിത് ഭരത് അഹിരെ, പ്രണവ് രാംദാസ് ബന്‍സോഡെ, കൈവല്യ സതീഷ് വാസങ്കര്‍, രാജ്വീര്‍ യുവരാജ് വാഹിലെ, യാഷ് കിരണ്‍ വാംഖഡെ, സോഹം തുക്കാറാം ഭണ്ഡ്വാള്‍ക്കര്‍, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

25 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ആറ് അധ്യാപകരും അടങ്ങുന്ന 48 പേരുടെ സംഘം വൈകുന്നേരം 5:30-ഓടെ കടല്‍ത്തീരത്ത് വിനോദയാത്രയ്ക്കായി പോയിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളത്തിന്റെ ആഴവും ഒഴുക്കും കൃത്യമായി കണക്കാക്കാതെ കടലിലിറങ്ങിയ എട്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. സംഭവം അറിഞ്ഞയുടന്‍, ദിവാഗറിലെ 'ഭാവു മാരുതി സലുങ്കെ മഹാകാളി വാട്ടര്‍ സ്‌പോര്‍ട്‌സ്' ഉടമയായ ഭാവു സലുങ്കെയും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വാട്ടര്‍ സ്‌പോര്‍ട്‌സ് സംഘമാണ് കടലില്‍ നിന്ന് എട്ട് പേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.

ദുരന്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദിഗി സാഗരി ബോര്‍ലി പഞ്ചാതന്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് അവതിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും, പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കുമായി ബോര്‍ലി പഞ്ചാതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

Content Highlights: Eight 16-year-old students from Winners Academy, a private coaching centre in Alandi, Pune district, lost their lives after being caught in strong waves at Divagar Beach. Police said the bodies of all eight students were recovered. The group had travelled around 170 km to the beach for a holiday outing.

dot image
To advertise here,contact us
dot image